The Bible

 

ഉല്പത്തി 7

Study

   

1 അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാല്‍നീയും സര്‍വ്വകുടുംബവുമായി പെട്ടകത്തില്‍ കടക്ക; ഞാന്‍ നിന്നെ ഈ തലമുറയില്‍ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.

2 ശുദ്ധിയുള്ള സകലമൃഗങ്ങളില്‍നിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍നിന്നു ആണും പെണ്ണുമായി ഈരണ്ടും,

3 ആകാശത്തിലെ പറവകളില്‍നിന്നു പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിന്നു നീ ചേര്‍ത്തുകൊള്ളേണം.

4 ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാന്‍ ഭൂമിയില്‍ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാന്‍ ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയില്‍നിന്നു നശിപ്പിക്കും.

5 യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു.

6 ഭൂമിയില്‍ ജലപ്രളയം ഉണ്ടായപ്പോള്‍ നോഹെക്കു അറുനൂറു വയസ്സായിരുന്നു.

7 നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തില്‍ കടന്നു.

8 ശുദ്ധിയുള്ള മൃഗങ്ങളില്‍ നിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍നിന്നും പറവകളില്‍നിന്നും ഭൂമിയിലുള്ള ഇഴജാതിയില്‍നിന്നൊക്കെയും,

9 ദൈവം നോഹയോടു കല്പിച്ചപ്രകാരം ഈരണ്ടീരണ്ടു ആണും പെണ്ണുമായി നോഹയുടെ അടുക്കല്‍ വന്നു പെട്ടകത്തില്‍ കടന്നു.

10 ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയില്‍ ജലപ്രളയം തുടങ്ങി.

11 നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തില്‍ രണ്ടാം മാസം പതിനേഴാം തിയ്യതി, അന്നുതന്നേ ആഴിയുടെ ഉറവുകള്‍ ഒക്കെയും പിളര്‍ന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു.

12 നാല്പതു രാവും നാല്പതു പകലും ഭൂമിയില്‍ മഴ പെയ്തു.

13 അന്നുതന്നേ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫേത്തും നോഹയുടെ ഭാര്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തില്‍ കടന്നു.

14 അവരും അതതു തരം കാട്ടുമൃഗങ്ങളും അതതു തരം കന്നുകാലികളും നിലത്തിഴയുന്ന അതതുതരം ഇഴജാതിയും അതതു തരം പറവകളും അതതു തരം പക്ഷികളും തന്നേ.

15 ജീവശ്വാസമുള്ള സര്‍വ്വജഡത്തില്‍നിന്നും ഈരണ്ടീരണ്ടു നോഹയുടെ അടുക്കല്‍ വന്നു പെട്ടകത്തില്‍ കടന്നു.

16 ദൈവം അവനോടു കല്പിച്ചതുപോലെ അകത്തുകടന്നവ സര്‍വ്വജഡത്തില്‍നിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതില്‍ അടെച്ചു.

17 ഭൂമിയില്‍ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വര്‍ദ്ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്നു ഉയര്‍ന്നു.

18 വെള്ളം പൊങ്ങി ഭൂമിയില്‍ ഏറ്റേവും പെരുകി; പെട്ടകം വെള്ളത്തില്‍ ഒഴുകിത്തുടങ്ങി.

19 വെള്ളം ഭൂമിയില്‍അത്യധികം പൊങ്ങി, ആകാശത്തിന്‍ കീഴെങ്ങമുള്ള ഉയര്‍ന്ന പര്‍വ്വതങ്ങളൊക്കെയും മൂടിപ്പോയി.

20 പര്‍വ്വതങ്ങള്‍ മൂടുവാന്‍ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവേക്കു മീതെ പൊങ്ങി.

21 പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തു ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകലമനുഷ്യരും ചത്തുപോയി.

22 കരയിലുള്ള സകലത്തിലും മൂക്കില്‍ ജീവശ്വാസമുള്ളതൊക്കെയും ചത്തു.

23 ഭൂമിയില്‍ മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഭൂമിയില്‍ ഉണ്ടായിരുന്ന സകലജീവജാലങ്ങളും നശിച്ചുപോയി; അവ ഭൂമിയില്‍നിന്നു നശിച്ചുപോയി; നോഹയും അവനോടുകൂടെ പെട്ടകത്തില്‍ ഉണ്ടായിരുന്നവരും മാത്രം ശേഷിച്ചു.

24 വെള്ളം ഭൂമിയില്‍ നൂറ്റമ്പതു ദിവസം പൊങ്ങിക്കൊണ്ടിരുന്നു.

   

From Swedenborg's Works

 

Arcana Coelestia #777

Study this Passage

  
/ 10837  
  

777. That 'bird' means spiritual truth, 'flying thing' natural truth, and 'winged thing' sensory truth, is clear from what is said above, as also is the fact that truths are in this way different. Sensory truths, which come through seeing and hearing, are called 'winged things' because they are outermost. 'Wing' has a similar meaning when applied to other things.

  
/ 10837  
  

Thanks to the Swedenborg Society for the permission to use this translation.