ദിവ്യ സ്നേഹവും ജ്ഞാനവും #7

By Emanuel Swedenborg

Study this Passage

  
/ 432  
  

7. ദിവ്യത്വം, അതിന് സ്ഥലപരിമിതിയില്ല ദിവ്യത്വം, അതായത് ദൈവം, ദൈവസാന്നിദ്ധ്യം സ്ഥലപരിമിതം ആണെന്ന് പറയുവാന്‍ നിവൃത്തിയില്ല, സര്‍വവ്യാപിയായ ദൈവം പ്രപഞ്ചത്തിലെ ഓരോ മനുഷ്യന്‍റെയും ഒപ്പം തന്നെയുണ്ട്. സ്വര്‍ഗ്ഗത്തിലെ ഓരോ ദൂതന്മാരുടെയും ഒപ്പം ഉണ്ട്. സ്വര്‍ഗ്ഗത്തിനു താഴെ ഓരോ ആത്മാവിന്നൊപ്പവും ഉണ്ട്; ഇവയൊന്നും ഒരു സ്വാഭാവികതല ആശയത്താല്‍ അപഗ്രഥിച്ച് മനസ്സിലാക്കുക പ്രയാസമാണ്, അതിന് ആത്മീയതല ആശയം തന്നെ വേണം. സ്വാഭാവിക ആശയത്താല്‍ ഇത് അപഗ്രഥിക്കുവാന്‍ സാധ്യമല്ലാത്തതിനു കാരണം സ്വാഭാവിക ആശയം അനുസരിച്ച് സ്ഥലപരിമിതിയില്‍ നിലനില്‍ക്കുന്നതാണ്. പ്രാപഞ്ചിക വസ്തുക്കളാലാണ് അത് രൂപപ്പെട്ടിരിക്കുന്നത്. അവ ഓരോന്നിലും അവ എല്ലാറ്റിലും നമ്മുടെ നേത്രങ്ങളാല്‍ ഗോചരമാകുന്നിടത്തോളം സ്ഥലപരിമിതി ഉണ്ട്. പ്രപഞ്ചത്തിലെ ഓരോ വസ്തുവും അത് വലുതാക്കട്ടെ, ചെറുതാകട്ടെ, സ്ഥലപരിമിതമത്രെ; സര്‍വ്വ വസ്തുക്കളും നീളമുള്ളതോ വീതിയുള്ളതോ ഉയരമുള്ളതോ അതായത് ഏതൊരു അളവും രൂപവും ആകൃതിയും സ്ഥലപരിധിക്കുള്ളില്‍ മാത്രമാകുന്നു. ദിവ്യത്വം, അതായത് ദൈവം, സര്‍വവ്യാപിയാണെന്നു പറയുമ്പോള്‍ സ്ഥലപരിമിതിയില്ല എന്ന സത്യം സ്വാഭാവിക ചിന്തകളാല്‍ അപഗ്രഥിക്കുക ദുഷ്ക്കരമാണെന്നു പറയുന്നത് ഈ കാരണങ്ങളാലാണ്.

എങ്കിലും ആത്മീയപ്രകാശം ഉള്ള ഒരുവനെ സംബന്ധിച്ചിടത്തോളം അവന്‍റെ ചിന്തകളിലൂടെ ഈ സത്യം മനസ്സിലാക്കുവാന്‍ സാധിക്കും. അതുകൊണ്ട് ആത്മീയ ആശയത്തെക്കുറിച്ചും അതില്‍നിന്ന് ഉദ്ഭൂതമാകുന്ന ചിന്തകളെക്കുറിച്ചും പ്രാഥമികമായി ചിലകാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ആത്മീയ ആശയം ഒരിക്കലും സ്ഥലപരിമിതിയുള്ള അവസ്ഥകളില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളുന്നില്ല. സ്നേഹവും ജീവിതവും ജ്ഞാനവും താല്‍പര്യപൂര്‍വ്വമായ കരുതലുകളും അവയില്‍നിന്നൊക്കെയുള്ള സന്തോഷാനുഭൂതികളും ഒക്കെ നിറവായിരിക്കുന്ന ഒരു അവസ്ഥയില്‍ നിന്നു മാത്രമാണ് ആത്മീയ ആശയം സര്‍വ്വതും ഉള്‍ക്കൊള്ളുന്നത്. അതായത് പൊതുവായി പറയുമ്പോള്‍ നന്മയില്‍നിന്നും സത്യത്തില്‍നിന്നും എന്നു മനസ്സിലാക്കാവുന്നതാണ്. ഇങ്ങനത്തെ സംഗതികളെക്കുറിച്ചുള്ള ആശയങ്ങള്‍ യഥാര്‍ത്ഥമായും ആത്മീയമാണ്. അവയ്ക്ക് സ്ഥലപരിധിയുമായി യാതൊരുവിധ ബന്ധവും ഇല്ല. ഇവയുടെ തലം ഉയരത്തിലായതിനാല്‍ അവിടെനിന്ന് താഴേക്ക് സ്ഥലപരിമിതിയുടെ തലങ്ങളിലേക്ക് ശ്രദ്ധിക്കുന്നുണ്ട്. സ്വര്‍ഗ്ഗം ഭൂമിയിലേക്കു നോക്കുന്നു എന്നതുപോലെ. ഇവിടെ ശ്രദ്ധിച്ചിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

ഭൂമിയിലെ മനുഷ്യരെപ്പോലെ ദൂതന്മാരും ആത്മാക്കളും കണ്ണുകള്‍കൊണ്ട് കാണുന്നു എന്നതിനാല്‍ ഓരോ കാര്യത്തെയും സ്ഥലപരിധിക്കുള്ളിലാണ് കാണുന്നതായി തോന്നുന്നത്. എന്നാല്‍ അവ സ്ഥലപരിധിയ്ക്കുള്ളില്‍ എന്ന തോന്നല്‍ ഉളവാകുക മാത്രമേ ഉണ്ടാകുകയുള്ളൂ. സ്ഥലപരിധിക്കുള്ളില്‍ അല്ല തന്നെ. ഭൂമിയിലെ സ്ഥലപരിധിക്കുള്ളില്‍ അവയുടെ സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടിരിക്കുകയല്ല, കാരണം അവയ്ക്ക് വലുപ്പം അധികരിക്കുവാനും ചുരുക്കുവാനും സാധിക്കുന്നുണ്ട്. അവയ്ക്ക് വ്യതിയാനങ്ങള്‍ സംഭവിക്കാവുന്നതത്രെ.

അങ്ങനെയെങ്കില്‍ ലോകപ്രകാരമുള്ള അളവുകോലുകളാല്‍ അവയെ നിര്‍ണ്ണയിക്കുവാന്‍ സാധിക്കുന്നില്ല, സ്വാഭാവിക യുക്തികൊണ്ട് അവയെ അപഗ്രഥിക്കുവാനും നിവൃത്തിയില്ല; അവയെ മനസ്സിലാക്കുന്നതിന് ആത്മീയ ജ്ഞാനം തന്നെ വേണ്ടിയിരിക്കുന്നു. സ്ഥലകാല പരിധികളെക്കുറിച്ചുള്ള ആത്മീയജ്ഞാനം നന്‍മയെക്കുറിച്ചോ സത്യത്തെക്കുറിച്ചോ ഒക്കെയുള്ള അറിവുതന്നെയാണ്. അതായത് നന്‍മയും സത്യവും കണക്കാക്കിയുള്ള അടുപ്പവും താല്‍പര്യവും എന്ന് നമുക്ക് മനസ്സിലാക്കാം.

  
/ 432