Bible

 

സംഖ്യാപുസ്തകം 19

Studie

   

1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു

2 യഹോവ കല്പിച്ച ന്യായപ്രമാണമെന്തെന്നാല്‍കളങ്കവും ഊനവുമില്ലാത്തതും നുകം വെക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിന്റെ അടുക്കല്‍ കൊണ്ടുവരുവാന്‍ യിസ്രായേല്‍മക്കളോടു പറക.

3 നിങ്ങള്‍ അതിനെ പുരോഹിതനായ എലെയാസാരിന്റെ പക്കല്‍ ഏല്പിക്കേണം; അവന്‍ അതിനെ പാളയത്തിന്നു പുറത്തുകൊണ്ടുപോകയും ഒരുവന്‍ അതിനെ അവന്റെ മുമ്പില്‍വെച്ചു അറുക്കയും വേണം.

4 പുരോഹിതനായ എലെയാസാര്‍ വിരല്‍കൊണ്ടു അതിന്റെ രക്തം കുറെ എടുത്തു സമാഗമനക്കുടാരത്തിന്റെ മുന്‍ ഭാഗത്തിന്നു നേരെ ഏഴു പ്രാവശ്യം തളിക്കേണം.

5 അതിന്റെ ശേഷം പശുക്കിടാവിനെ അവന്‍ കാണ്‍കെ ചുട്ടു ഭസ്മീകരിക്കേണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം.

6 പിന്നെ പുരോഹിതന്‍ ദേവദാരു, ഈസോപ്പു, ചുവപ്പുനൂല്‍ എന്നിവ എടുത്തു പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവില്‍ ഇടേണം.

7 അനന്തരം പുരോഹിതന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകിയശേഷം പാളയത്തിലേക്കു വരികയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

8 അതിനെ ചുട്ടവനും വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകുകയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

9 പിന്നെ ശുദ്ധിയുള്ള ഒരുത്തന്‍ പശുക്കിടാവിന്റെ ഭസ്മം വാരി പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെക്കേണം; അതു യിസ്രായേല്‍മക്കളുടെ സഭെക്കുവേണ്ടി ശുദ്ധീകരണജലത്തിന്നായി സൂക്ഷിച്ചുവെക്കേണം; അതു ഒരു പാപയാഗം.

10 പശുക്കിടാവിന്റെ ഭസ്മം വാരിയവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; യിസ്രായേല്‍മക്കള്‍ക്കും അവരുടെ ഇടയില്‍ വന്നു പാര്‍ക്കുംന്ന പരദേശിക്കും ഇതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

11 യാതൊരു മനുഷ്യന്റെയും ശവം തൊടുന്നവന്‍ ഏഴു ദിവസം അശുദ്ധന്‍ ആയിരിക്കേണം.

12 അവന്‍ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ടു തന്നെത്താന്‍ ശുദ്ധീകരിക്കേണം; അങ്ങനെ അവന്‍ ശുദ്ധിയുള്ളവനാകും; എന്നാല്‍ മൂന്നാം ദിവസം തന്നെ ശുദ്ധീകരിക്കാഞ്ഞാല്‍ ഏഴാം ദിവസം അവന്‍ ശുദ്ധിയുള്ളവനാകയില്ല.

13 മരിച്ചുപോയ ഒരു മനുഷ്യന്റെ ശവം ആരെങ്കിലും തൊട്ടിട്ടു തന്നെത്താന്‍ ശുദ്ധീകരിക്കാഞ്ഞാല്‍ അവന്‍ യഹോവയുടെ തിരുനിവാസത്തെ അശുദ്ധമാക്കുന്നു; അവനെ യിസ്രായേലില്‍ നിന്നു ഛേദിച്ചുകളയേണം; ശുദ്ധീകരണ ജലംകൊണ്ടു അവനെ തളിച്ചില്ല; അവന്‍ അശുദ്ധന്‍ . അവന്റെ അശുദ്ധി അവന്റെ മേല്‍ നിലക്കുന്നു.

14 കൂടാരത്തില്‍വെച്ചു ഒരുത്തന്‍ മരിച്ചാലുള്ള ന്യായപ്രമാണം ആവിതുആ കൂടാരത്തില്‍ കടക്കുന്ന ഏവനും കൂടാരത്തില്‍ ഇരിക്കുന്ന ഏവനും ഏഴുദിവസം അശുദ്ധന്‍ ആയിരിക്കേണം.

15 മൂടിക്കെട്ടാതെ തുറന്നിരിക്കുന്ന പാത്രമെല്ലാം അശുദ്ധമാകും.

16 വെളിയില്‍വെച്ചു വാളാല്‍ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ മനുഷ്യന്റെ അസ്ഥിയെയോ ഒരു ശവകൂഴിയെയോ തൊടുന്നവന്‍ എല്ലാം ഏഴു ദിവസം അശുദ്ധനായിരിക്കേണം.

17 അശുദ്ധനായിത്തീരുന്നവന്നുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്തു ഒരു പാത്രത്തില്‍ ഇട്ടു അതില്‍ ഉറവു വെള്ളം ഒഴിക്കേണം.

18 പിന്നെ ശുദ്ധിയുള്ള ഒരുത്തന്‍ ഈസോപ്പു എടുത്തു വെള്ളത്തില്‍ മുക്കി കൂടാരത്തെയും സകലപാത്രങ്ങളെയും അവിടെ ഉണ്ടായിരുന്ന ആളുകളെയും അസ്ഥിയെയോ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചു പോയ ഒരുത്തനെയോ ഒരു ശവകൂഴിയെയോ തൊട്ടവനെയും തളിക്കേണം.

19 ശുദ്ധിയുള്ളവന്‍ അശുദ്ധനായ്തീര്‍ന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കേണം; ഏഴാം ദിവസം അവന്‍ തന്നെ ശുദ്ധീകരിച്ചു വസ്ത്രം അലക്കി വെള്ളത്തില്‍ തന്നെത്താന്‍ കഴുകേണം; സന്ധ്യെക്കു അവന്‍ ശുദ്ധിയുള്ളവനാകും.

20 എന്നാല്‍ ആരെങ്കിലും അശുദ്ധനായ്തീര്‍ന്നിട്ടു തന്നെത്താന്‍ ശുദ്ധീകരിക്കാഞ്ഞാല്‍ അവനെ സഭയില്‍ നിന്നു ഛേദിച്ചുകളയേണം; അവന്‍ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ടു അവനെ തളിച്ചില്ല; അവന്‍ അശുദ്ധന്‍ .

21 ഇതു അവര്‍ക്കും എന്നേക്കുാമുള്ള ചട്ടം ആയിരിക്കേണം; ശുദ്ധീകരണ ജലം തളിക്കുന്നവന്‍ വസ്ത്രം അലക്കേണം; ശുദ്ധീകരണ ജലം തൊടുന്നവനും സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.

22 അശുദ്ധന്‍ തൊടുന്നതു എല്ലാം അശുദ്ധമാകും; അതു തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കേണം.

   

Bible

 

Haggai 2:13

Studie

       

13 Then said Haggai, If one that is unclean by a dead body touch any of these, shall it be unclean? And the priests answered and said, It shall be unclean.