Bible

 

ന്യായാധിപന്മാർ 9

Studie

   

1 അനന്തരം യെരുബ്ബാലിന്റെ മകനായ അബീമേലെക്‍ ശെഖേമില്‍ തന്റെ അമ്മയുടെ സഹോദരന്മാരുടെ അടുക്കല്‍ ചെന്നു അവരോടും തന്റെ അമ്മയുടെ പിതൃഭവനമായ സര്‍വ്വകുടുംബത്തോടും സംസാരിച്ചു

2 യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരുംകൂടെ നിങ്ങളെ ഭരിക്കുന്നതോ ഒരുത്തന്‍ നിങ്ങളെ ഭരിക്കുന്നതോ നിങ്ങള്‍ക്കു ഏതു നല്ലതു? ഞാന്‍ നിങ്ങളുടെ അസ്ഥിയും മാംസവും ആകുന്നു എന്നു ഔര്‍ത്തുകൊള്‍വിന്‍ എന്നു ശെഖേമിലെ സകലപൌരന്മാരോടും പറവിന്‍ എന്നു പറഞ്ഞു.

3 അങ്ങനെ അവന്റെ അമ്മയുടെ സഹോദരന്മാര്‍ ശെഖേമിലെ സകലപൌരന്മാരോടും ഈ വാക്കുകളൊക്കെയും അവന്നു വേണ്ടി സംസാരിച്ചപ്പോള്‍ അവരുടെ ഹൃദയം അബീമേലെക്കിങ്കല്‍ ചാഞ്ഞുഅവന്‍ നമ്മുടെ സഹോദരനല്ലോ എന്നു അവര്‍ പറഞ്ഞു.

4 പിന്നെ അവര്‍ ബാല്‍ബെരീത്തിന്റെ ക്ഷേത്രത്തില്‍നിന്നു എഴുപതു വെള്ളിക്കാശു എടുത്തു അവന്നു കൊടുത്തു; അതിനെക്കൊണ്ടു അബീമേലെക്‍ തുമ്പുകെട്ടവരും നിസ്സാരന്മാരുമായ ആളുകളെ കൂലിക്കു വാങ്ങി അവര്‍ക്കും നായകനായ്തീര്‍ന്നു.

5 അവന്‍ ഒഫ്രയില്‍ തന്റെ അപ്പന്റെ വീട്ടില്‍ ചെന്നു യെരുബ്ബാലിന്റെ പുത്രന്മാരായി തന്റെ സഹോദരന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേല്‍ വെച്ചു കൊന്നു; എന്നാല്‍ യെരുബ്ബാലിന്റെ ഇളയമകനായ യോഥാം ഒളിച്ചുകളഞ്ഞതുകൊണ്ടു ശേഷിച്ചു.

6 അതിന്റെ ശേഷം ശെഖേമിലെ സകല പൌരന്മാരും മില്ലോഗൃഹമൊക്കെയും ഒരുമിച്ചുകൂടി ചെന്നു ശെഖേമിലെ ജ്ഞാപകസ്തംഭത്തിന്നരികെയുള്ള കരുവേലകത്തിങ്കല്‍വെച്ചു അബീമേലെക്കിനെ രാജാവാക്കി.

7 ഇതിനെക്കുറിച്ചു യോഥാമിന്നു അറിവു കിട്ടിയപ്പോള്‍ അവന്‍ ഗെരിസ്സീംമലമുകളില്‍ ചെന്നു ഉച്ചത്തില്‍ അവരോടു വിളിച്ചുപറഞ്ഞതെന്തെന്നാല്‍ശെഖേംപൌരന്മാരേ, ദൈവം നിങ്ങളുടെ സങ്കടം കേള്‍ക്കേണ്ടതിന്നു നിങ്ങള്‍ എന്റെ സങ്കടം കേള്‍പ്പിന്‍ .

8 പണ്ടൊരിക്കല്‍ വൃക്ഷങ്ങള്‍ തങ്ങള്‍ക്കു ഒരു രാജാവിനെ അഭിഷേകം ചെയ്‍വാന്‍ പോയി; അവ ഒലിവു വൃക്ഷത്തോടുനീ ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

9 അതിന്നു ഒലിവു വൃക്ഷംദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാന്‍ ഹേതുവായിരിക്കുന്ന എന്റെ പുഷ്ടി ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേല്‍ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.

10 പിന്നെ വൃക്ഷങ്ങള്‍ അത്തിവൃക്ഷത്തോടുനീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

11 അതിന്നു അത്തിവൃക്ഷംഎന്റെ മധുരവും വിശേഷപ്പെട്ട പഴവും ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെ മേല്‍ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.

12 പിന്നെ വൃക്ഷങ്ങള്‍ മുന്തിരിവള്ളിയോടുനീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

13 മുന്തിരിവള്ളി അവയോടുദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ രസം ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേല്‍ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.

14 പിന്നെ വൃക്ഷങ്ങളെല്ലാംകൂടെ മുള്‍പടര്‍പ്പിനോടുനീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

15 മുള്‍പടര്‍പ്പു വൃക്ഷങ്ങളോടുനിങ്ങള്‍ യഥാര്‍ത്ഥമായി എന്നെ നിങ്ങള്‍ക്കു രാജാവായി അഭിഷേകം ചെയ്യുന്നു എങ്കില്‍ വന്നു എന്റെ നിഴലില്‍ ആശ്രയിപ്പിന്‍ ; അല്ലെങ്കില്‍ മുള്‍പടര്‍പ്പില്‍നിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു.

16 നിങ്ങള്‍ ഇപ്പോള്‍ അബീമേലെക്കിനെ രാജാവാക്കിയതില്‍ വിശ്വസ്തതയും പരമാര്‍ത്ഥതയുമാകുന്നുവോ പ്രവര്‍ത്തിച്ചതു? നിങ്ങള്‍ യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും നന്മയാകുന്നുവോ ചെയ്തതു? അവന്റെ പ്രവൃത്തിയുടെ യോഗ്യതെക്കു തക്കവണ്ണമോ അവനോടു പ്രവര്‍ത്തിച്ചതു?

17 എന്റെ അപ്പന്‍ തന്റെ ജീവനെ ഗണ്യമാക്കാതെ നിങ്ങള്‍ക്കു വേണ്ടി യുദ്ധംചെയ്തു മിദ്യാന്റെ കയ്യില്‍നിന്നു നിങ്ങളെ രക്ഷിച്ചിരിക്കെ

18 നിങ്ങള്‍ ഇന്നു എന്റെ അപ്പന്റെ ഗൃഹത്തിന്നു വിരോധമായി എഴുന്നേറ്റു അവന്റെ പുത്രന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേല്‍വെച്ചു കൊല്ലുകയും അവന്റെ ദാസിയുടെ മകനായ അബീമേലെക്‍ നിങ്ങളുടെ സഹോദരന്‍ ആയിരിക്കകൊണ്ടു അവനെ ശെഖേംപൌരന്മാര്‍ക്കും രാജാവാക്കുകയും ചെയ്തുവല്ലോ.

19 ഇങ്ങനെ നിങ്ങള്‍ ഇന്നു യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും ചെയ്തതു വിശ്വസ്തതയും പരമാര്‍ത്ഥതയും എന്നുവരികില്‍ നിങ്ങള്‍ അബീമേലെക്കില്‍ സന്തോഷിപ്പിന്‍ ; അവന്‍ നിങ്ങളിലും സന്തോഷിക്കട്ടെ.

20 അല്ലെങ്കില്‍ അബീമേലെക്കില്‍നിന്നു തീ പുറപ്പെട്ടു ശെഖേംപൌരന്മാരെയും മില്ലോഗൃഹത്തെയും ദഹിപ്പിക്കട്ടെ; ശെഖേംപൌരന്മാരില്‍നിന്നും മില്ലോഗൃഹത്തില്‍നിന്നും തീ പുറപ്പെട്ടു അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ.

21 ഇങ്ങനെ പറഞ്ഞിട്ടു യോഥാം ഔടിപ്പോയി ബേരിലേക്കു ചെന്നു തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ചു അവിടെ പാര്‍ത്തു.

22 അബിമേലെക്‍ യിസ്രായേലിനെ മൂന്നു സംവത്സരം ഭരിച്ചശേഷം

23 ദൈവം അബീമേലെക്കിന്നും ശെഖേംപൌരന്മാര്‍ക്കും തമ്മില്‍ ഛിദ്രബുദ്ധി വരുത്തി; ശെഖേംപൌരന്മാര്‍ അബീമേലെക്കിനോടു ദ്രോഹം തുടങ്ങി;

24 അങ്ങനെ യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരോടും ചെയ്ത പാതകത്തിന്നു പ്രതികാരം വരികയും അവരുടെ രക്തം അവരെ കൊന്നവനായ അവരുടെ സഹോദരന്‍ അബീമേലെക്കും അവന്റെ സഹോദരന്മാരെ കൊല്ലുവാന്‍ അവന്നു തുണയായിരുന്ന ശെഖേം പൌരന്മാരും ചുമക്കയും ചെയ്തു.

25 ശെഖേംപൌരന്മാര്‍ മലമുകളില്‍ അവന്നു വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവര്‍ തങ്ങളുടെ സമീപത്തുകൂടി വഴിപേുകന്ന എല്ലാവരോടും കവര്‍ച്ച തുടങ്ങി; ഇതിനെക്കുറിച്ചു അബീമേലെക്കിന്നു അറിവുകിട്ടി.

26 അപ്പോള്‍ ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും വന്നു ശെഖേമില്‍ കടന്നു; ശെഖേംപൌരന്മാര്‍ അവനെ വിശ്വസിച്ചു.

27 അവര്‍ വയലില്‍ ചെന്നു തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലെ കുല അറുത്തു ഉത്സവം കൊണ്ടാടി; തങ്ങളുടെ ദേവന്റെ ക്ഷേത്ത്രില്‍ ചെന്നു തിന്നുകുടിക്കയും അബീമേലെക്കിനെ ശപിക്കയും ചെയ്തു

28 ഏബെദിന്റെ മകനായ ഗാല്‍ പറഞ്ഞതുഅബീമേലെക്കിനെ നാം സേവിക്കേണ്ടതിന്നു അവന്‍ ആര്‍? ശെഖേം ആര്‍? അവന്‍ യെരുബ്ബാലിന്റെ മകനും സെബൂല്‍ അവന്റെ കാര്യസ്ഥനും അല്ലയോ? അവന്‍ ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ ആളുകളുമായി അവനെ സേവിക്കട്ടെ; നാം അവനെ സേവിക്കുന്നതു എന്തിന്നു?

29 ഈ ജനം എന്റെ കൈക്കീഴായിരുന്നെങ്കില്‍ ഞാന്‍ അബീമേലെക്കിനെ നീക്കിക്കളകയും അബീമേലെക്കിനോടുനിന്റെ സൈന്യത്തെ വര്‍ദ്ധിപ്പിച്ചു പുറപ്പെട്ടുവരിക എന്നു പറകയും ചെയ്യുമായിരുന്നു.

30 ഏബേദിന്റെ മകനായ ഗാലിന്റെ വാക്കുകളെ കേട്ടപ്പോള്‍ നഗരാധിപനായ സെബൂലിന്റെ കോപം ജ്വലിച്ചു.

31 അവന്‍ രഹസ്യമായിട്ടു അബീമേലെക്കിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഇതാ, ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമില്‍ വന്നിരിക്കുന്നു; അവര്‍ പട്ടണത്തെ നിന്നോടു മത്സരപ്പിക്കുന്നു.

32 ആകയാല്‍ നീയും നിന്നോടുകൂടെയുള്ള പടജ്ജനവും രാത്രിയില്‍ പുറപ്പെട്ടു വയലില്‍ പതിയിരിന്നുകൊള്‍വിന്‍ .

34 അങ്ങനെ അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും രാത്രിയില്‍ പുറപ്പെട്ടു ശെഖേമിന്നരികെ നാലു കൂട്ടമായി പതിയിരുന്നു.

35 ഏബെദിന്റെ മകനായ ഗാല്‍ പുറപ്പെട്ടു പട്ടണത്തിന്റെ ഗോപുരത്തിങ്കല്‍ നിന്നപ്പോള്‍ അബീമേലെക്കും കൂടെ ഉള്ള പടജ്ജനവും പതിയിരിപ്പില്‍നിന്നു എഴുന്നേറ്റു.

36 ഗാല്‍ പടജ്ജനത്തെ കണ്ടപ്പോള്‍അതാ, പര്‍വ്വതങ്ങളുടെ മകളില്‍നിന്നു പടജ്ജനം ഇറങ്ങിവരുന്നു എന്നു സെബൂലിനോടു പറഞ്ഞു. സെബൂല്‍ അവനോടുപര്‍വ്വതങ്ങളുടെ നിഴല്‍ കണ്ടിട്ടു മനുഷ്യരെന്നു നിനക്കു തോന്നുകയാകുന്നു എന്നു പറഞ്ഞു.

37 ഗാല്‍ പിന്നെയുംഅതാ, പടജ്ജനം ദേശമദ്ധ്യേ ഇറങ്ങിവരുന്നു; മറ്റൊരു കൂട്ടവും പ്രാശ്നികന്മാരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു എന്നു പറഞ്ഞു.

38 സെബൂല്‍ അവനോടുനാം അബീമേലെക്കിനെ സേവിക്കേണ്ടതിന്നു അവന്‍ ആരെന്നു പറഞ്ഞ നിന്റെ വായ് ഇപ്പോള്‍ എവിടെ? ഇതു നീ പുച്ഛിച്ച പടജ്ജനം അല്ലയോ? ഇപ്പോള്‍ പുറപ്പെട്ടു അവരോടു പെരുക എന്നു പറഞ്ഞു.

39 അങ്ങനെ ഗാല്‍ ശെഖേംപൌരന്മാരുമായി പുറപ്പെട്ടു അബീമേലക്കിനോടു പടവെട്ടി.

40 അബീമേലെക്കിന്റെ മുമ്പില്‍ അവന്‍ തോറ്റോടി; അവന്‍ അവനെ പിന്തുടര്‍ന്നു പടിവാതില്‍വരെ അനേകംപേര്‍ ഹതന്മാരായി വീണു.

41 അബീമേലെക്‍ അരൂമയില്‍ താമസിച്ചു; സെബൂല്‍ ഗാലിനെയും സഹോദരന്മാരെയും ശെഖേമില്‍ പാര്‍പ്പാന്‍ സമ്മതിക്കാതെ അവിടെനിന്നു നീക്കിക്കളഞ്ഞു.

42 പിറ്റെന്നാള്‍ ജനം വയലിലേക്കു പുറപ്പെട്ടു; അബീമേലെക്കിന്നു അതിനെക്കുറിച്ചു അറിവുകിട്ടി.

43 അവന്‍ പടജ്ജനത്തെ കൂട്ടി മൂന്നു കൂട്ടമായി ഭാഗിച്ചു വയലില്‍ പതിയിരുന്നു; ജനം പട്ടണത്തില്‍നിന്നു പുറപ്പെട്ടുവരുന്നതു കണ്ടു അവരുടെ നേരെ ചെന്നു അവരെ സംഹരിച്ചു.

44 പിന്നെ അബീമേലെക്കും കൂടെയുള്ള കൂട്ടവും പാഞ്ഞുചെന്നു പട്ടണത്തിന്റെ പടിവാതില്‍ക്കല്‍ നിന്നു; മറ്റെ കൂട്ടം രണ്ടും വയലിലുള്ള സകലജനത്തിന്റെയും നേരെ പാഞ്ഞുചെന്നു അവരെ സംഹരിച്ചു.

45 അബീമേലെക്‍ അന്നു മുഴുവനും പട്ടണത്തോടു പൊരുതു പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞു അതില്‍ ഉപ്പു വിതറി.

46 ശെഖേംഗോപുരവാസികള്‍ എല്ലാവരും ഇതു കേട്ടപ്പോള്‍ ഏല്‍ബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തില്‍ കടന്നു.

47 ശെഖേംഗോപുരവാസികള്‍ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്നു അബീമേലെക്കിന്നു അറിവുകിട്ടി.

48 അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സല്മോന്‍ മലയില്‍ കയറി; അബീമേലെക്‍ കോടാലി എടുത്തു ഒരു മരക്കൊമ്പു വെട്ടി ചുമലില്‍ വെച്ചു, തന്റെ പടജ്ജനത്തോടുഞാന്‍ ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‍വിന്‍ എന്നു പറഞ്ഞു.

49 പടജ്ജനമെല്ലാം അതുപോലെ ഔരോരുത്തന്‍ ഔരോ കൊമ്പു വെട്ടി അബീമേലെക്കിന്റെ പിന്നാലെ ചെന്നു മണ്ഡപത്തിന്നരികെ ഇട്ടു തീ കൊടുത്തു മണ്ഡപത്തോടു കൂടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ ശെഖേംഗോപുരവാസികളൊക്കെയും പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരം പേര്‍ മരിച്ചുപോയി.

50 അനന്തരം അബീമേലെക്‍ തേബെസിലേക്കു ചെന്നു തേബെസിന്നു വിരോധമായി പാളയമിറങ്ങി അതിനെ പിടിച്ചു.

51 പട്ടണത്തിന്നകത്തു ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്കു സകലപുരുഷന്മാരും സ്ത്രീകളും പട്ടണത്തിലുള്ളവര്‍ ഒക്കെയും ഔടിക്കടന്നു വാതില്‍ അടെച്ചു ഗോപുരത്തിന്റെ മുകളില്‍ കയറി.

52 അബീമേലെക്‍ ഗോപുരത്തിന്നരികെ എത്തി അതിനെ ആക്രമിച്ചു; അതിന്നു തീ കൊടുത്തു ചുട്ടുകളയേണ്ടതിന്നു ഗോപുരവാതിലിന്നടുത്തു ചെന്നു.

53 അപ്പോള്‍ ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയില്‍ ഇട്ടു അവന്റെ തലയോടു തകര്‍ത്തുകളഞ്ഞു.

54 ഉടനെ അവന്‍ തന്റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ചുഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന്നു നിന്റെ വാള്‍ ഊരി എന്നെ കൊല്ലുക എന്നു അവനോടു പറഞ്ഞു. അവന്റെ ബാല്യക്കാരന്‍ അവനെ കുത്തി, അങ്ങനെ അവന്‍ മരിച്ചു.

55 അബീമേലെക്‍ മരിച്ചുപോയി എന്നു കണ്ടപ്പോള്‍ യിസ്രായേല്യര്‍ താന്താങ്ങളുടെ സ്ഥലത്തേക്കു മടങ്ങിപ്പോയി.

56 അബീമേലെക്‍ തന്റെ എഴുപതു സഹോദരന്മാരെ കൊന്നതിനാല്‍ തന്റെ അപ്പനോടു ചെയ്തിട്ടുള്ള പാതകത്തിന്നു ദൈവം ഇങ്ങനെ പകരം ചെയ്തു.

57 ശെഖേംനിവാസികളുടെ സകലപാതകങ്ങളും ദൈവം അവരുടെ തലമേല്‍ വരുത്തി; അങ്ങനെ യെരുബ്ബാലിന്റെ മകനായ യോഥാമിന്റെ ശാപം അവരുടെമേല്‍ വന്നു.

   

Bible

 

ന്യായാധിപന്മാർ 1:7

Studie

       

7 കൈകാലുകളുടെ പെരുവിരല്‍ മുറിച്ചു എഴുപതു രാജാക്കന്മാര്‍ എന്റെ മേശയിന്‍ കീഴില്‍നിന്നു പെറുക്കിത്തിന്നിരുന്നു; ഞാന്‍ ചെയ്തതുപോലെ തന്നേ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്നു അദോനീ--ബേസെക്‍ പറഞ്ഞു. അവര്‍ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി അവിടെവെച്ചു അവന്‍ മരിച്ചു.