Bible

 

ന്യായാധിപന്മാർ 10

Studie

   

1 അബീമേലെക്കിന്റെ ശേഷം ദോദോവിന്റെ മകനായ പൂവാവിന്റെ മകന്‍ തോലാ എന്ന യിസ്സാഖാര്‍ഗോത്രക്കാരന്‍ യിസ്രായേലിനെ രക്ഷിപ്പാന്‍ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരില്‍ ആയിരുന്നു അവന്‍ പാര്‍ത്തതു.

2 അവന്‍ യിസ്രായേലിന്നു ഇരുപത്തുമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരില്‍ അവനെ അടക്കംചെയ്തു.

3 അവന്റെ ശേഷം ഗിലെയാദ്യനായ യായീര്‍ എഴുന്നേറ്റു യിസ്രായേലിന്നു ഇരുപത്തുരണ്ടു സംവത്സരം ന്യായാധിപനായിരുന്നു.

4 അവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഔടിക്കുന്ന മുപ്പതു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവര്‍ക്കും മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവേക്കു ഇന്നുവരെയും ഹവ്വോത്ത്--യായീര്‍ എന്നു പേര്‍ പറയുന്നു; അവ ഗിലെയാദ് ദേശത്തു ആകുന്നു.

5 യായീര്‍ മരിച്ചു കാമോനില്‍ അവനെ അടക്കംചെയ്തു.

6 യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു ബാല്‍ വിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു, യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു.

7 അപ്പോള്‍ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു, അവന്‍ അവരെ ഫെലിസ്ത്യരുടെ കയ്യിലും അമ്മോന്യരുടെ കയ്യിലും ഏല്പിച്ചു.

8 അവര്‍ അന്നുമുതല്‍ പതിനെട്ടു സംവത്സരത്തോളം യിസ്രായേല്‍മക്കളെ യോര്‍ദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോര്‍യ്യദേശത്തുള്ള എല്ലായിസ്രായേല്‍മക്കളെയും തന്നേ ഉപദ്രവിച്ചു ഞെരുക്കി.

9 അമ്മോന്യര്‍ യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധംചെയ്‍വാന്‍ യോര്‍ദ്ദാന്‍ കടന്നു; അതുകൊണ്ടു യിസ്രായേല്‍ വളരെ കഷ്ടത്തില്‍ ആയി.

10 യിസ്രായേല്‍ മക്കള്‍ യഹോവയോടു നിലവിളിച്ചുഞങ്ങള്‍ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാല്‍ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.

11 യഹോവ യിസ്രായേല്‍മക്കളോടു അരുളിച്ചെയ്തതുമിസ്രയീമ്യര്‍, അമോര്‍യ്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍ എന്നിവരുടെ കയ്യില്‍നിന്നു ഞാന്‍ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?

12 സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങള്‍ എന്നോടു നിലവിളിച്ചു; ഞാന്‍ നിങ്ങളെ അവരുടെ കയ്യില്‍നിന്നും രക്ഷിച്ചു.

13 എങ്കിലും നിങ്ങള്‍ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ടു ഇനി ഞാന്‍ നിങ്ങളെ രക്ഷിക്കയില്ല.

14 നിങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോടു നിലവിളിപ്പിന്‍ ; അവര്‍ നിങ്ങളുടെ കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കട്ടെ.

15 യിസ്രായേല്‍മക്കള്‍ യഹോവയോടുഞങ്ങള്‍ പാപം ചെയ്തിരിക്കുന്നു; നിന്റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊള്‍ക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു.

16 അവര്‍ തങ്ങളുടെ ഇടയില്‍നിന്നു അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേവിച്ചു; യിസ്രായേലിന്റെ അരിഷ്ടതയില്‍ അവന്നു സഹതാപം തോന്നി.

17 അന്നേരം അമ്മോന്യര്‍ ഒന്നിച്ചുകൂടി ഗിലെയാദില്‍ പാളയമിറങ്ങി; യിസ്രായേല്‍ മക്കളും ഒരുമിച്ചുകൂടി മിസ്പയില്‍ പാളയമിറങ്ങി.

18 ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മില്‍ തമ്മില്‍അമ്മോന്യരോടു യുദ്ധം ആരംഭിക്കുന്നവന്‍ ആര്‍? അവന്‍ ഗിലെയാദിലെ സകലനിവാസികള്‍ക്കും തലവനാകും എന്നു പറഞ്ഞു.

   

Bible

 

Isaiah 46:7

Studie

       

7 They bear him upon the shoulder, they carry him, and set him in his place, and he standeth; from his place shall he not remove: yea, one shall cry unto him, yet can he not answer, nor save him out of his trouble.