Bible

 

ഉല്പത്തി 9

Studie

   

1 ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു അവരോടു അരുളിച്ചെയ്തതെന്തന്നാല്‍നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറവിന്‍ .

2 നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകലമൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും സകല ഭൂചരങ്ങള്‍ക്കും സുമദ്രത്തിലെ സകലമത്സ്യങ്ങള്‍ക്കും ഉണ്ടാകും; അവയെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു.

3 ഭൂചരജന്തുക്കളൊക്കെയും നിങ്ങള്‍ക്കു ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാന്‍ സകലവും നിങ്ങള്‍ക്കു തന്നിരിക്കുന്നു.

4 പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങള്‍ മാംസം തിന്നരുതു.

5 നിങ്ങളുടെ പ്രാണാനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാന്‍ പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാന്‍ മനുഷ്യന്റെ പ്രാണന്നു പകരം ചോദിക്കും.

6 ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാല്‍ അവന്റെ രക്തം മനുഷ്യന്‍ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.

7 ആകയാല്‍ നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍ ; ഭൂമിയില്‍ അനവധിയായി പെറ്റു പെരുകുവിന്‍ .

8 ദൈവം പിന്നെയും നോഹയോടും അവന്റെ പുത്രന്മാരോടും അരുളിച്ചെയ്തതു

9 ഞാന്‍ , ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും

10 ഭൂമിയില്‍ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകല ജീവജന്തുക്കളോടും പെട്ടകത്തില്‍നിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു.

11 ഇനി സകലജഡവും ജലപ്രളയത്താല്‍ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാന്‍ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാന്‍ നിങ്ങളോടു ഒരു നിയമം ചെയ്യുന്നു.

12 പിന്നെയും ദൈവം അരുളിച്ചെയ്തതുഞാനും നിങ്ങളും നിങ്ങളോടു കൂടെ ഉള്ള സകലജീവജന്തുക്കളും തമ്മില്‍ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിതു

13 ഞാന്‍ എന്റെ വില്ലു മേഘത്തില്‍ വെക്കുന്നു; അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന്നു അടയാളമായിരിക്കും.

14 ഞാന്‍ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോള്‍ മേഘത്തില്‍ വില്ലു കാണും.

15 അപ്പോള്‍ ഞാനും നിങ്ങളും സര്‍വ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാന്‍ ഔര്‍ക്കും; ഇനി സകല ജഡത്തെയും നശിപ്പിപ്പാന്‍ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല.

16 വില്ലു മേഘത്തില്‍ ഉണ്ടാകും; ദൈവവും ഭൂമിയിലെ സര്‍വ്വ ജഡവുമായ സകല ജീവികളും തമ്മില്‍ എന്നേക്കുമുള്ള നിയമം ഔര്‍ക്കേണ്ടതിന്നു ഞാന്‍ അതിനെ നോക്കും.

17 ഞാന്‍ ഭൂമിയിലുള്ള സര്‍വ്വ ജഡത്തോടും ചെയ്തിരിക്കുന്ന നിയമത്തിന്നു ഇതു അടയാളം എന്നും ദൈവം നോഹയോടു അരുളിച്ചെയ്തു.

18 പെട്ടകത്തില്‍നിന്നു പുറപ്പെട്ടവരായ നോഹയുടെ പുത്രന്മാര്‍ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം എന്നവനോ കനാന്റെ പിതാവു.

19 ഇവര്‍ മൂവരും നോഹയുടെ പുത്രന്മാര്‍; അവരെക്കൊണ്ടു ഭൂമി ഒക്കെയും നിറഞ്ഞു.

20 നോഹ കൃഷിചെയ്‍വാന്‍ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി.

21 അവന്‍ അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തില്‍ വസ്ത്രം നീങ്ങി കിടന്നു.

22 കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയില്‍ ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു.

23 ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളില്‍ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവര്‍ പിതാവിന്റെ നഗ്നത കണ്ടില്ല.

24 നോഹ ലഹരിവിട്ടുണര്‍ന്നപ്പോള്‍ തന്റെ ഇളയ മകന്‍ ചെയ്തതു അറിഞ്ഞു.

25 അപ്പോള്‍ അവന്‍ കനാന്‍ ശപിക്കപ്പെട്ടവന്‍ ; അവന്‍ തന്റെ സഹോദരന്മാര്‍ക്കും അധമദാസനായ്തീരും എന്നു പറഞ്ഞു.

26 ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവന്‍ ; കനാന്‍ അവരുടെ ദാസനാകും.

27 ദൈവം യാഫെത്തിനെ വര്‍ദ്ധിപ്പിക്കട്ടെ; അവന്‍ ശേമിന്റെ കൂടാരങ്ങളില്‍ വസിക്കും; കനാന്‍ അവരുടെ ദാസനാകും എന്നും അവന്‍ പറഞ്ഞു.

28 ജലപ്രളയത്തിന്റെ ശേഷം നോഹ മുന്നൂറ്റമ്പതു സംവത്സരം ജീവിച്ചിരുന്നു.

29 നോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.

   

Bible

 

Malachi 2:14

Studie

       

14 Yet you say, 'Why?' Because Yahweh has been witness between you and the wife of your youth, against whom you have dealt treacherously, though she is your companion, and the wife of your covenant.