ბიბლია

 

പുറപ്പാടു് 20

Სწავლა

   

1 ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു

2 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്റെ ദൈവം ആകുന്നു.

3 ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കു ഉണ്ടാകരുതു.

4 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.

5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാന്‍ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരില്‍ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേല്‍ സന്ദര്‍ശിക്കയും

6 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കും ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.

7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.

8 ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാന്‍ ഔര്‍ക്ക.

9 ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.

10 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതില്‍ക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.

11 ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.

12 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീര്‍ഘായുസ്സുണ്ടാകുവാന്‍ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.

13 കുല ചെയ്യരുതു.

14 വ്യഭിചാരം ചെയ്യരുതു.

15 മോഷ്ടിക്കരുതു.

16 കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.

17 കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.

18 ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പര്‍വ്വതം പുകയുന്നതും കണ്ടു; ജനം അതുകണ്ടപ്പോള്‍ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു.

19 അവര്‍ മോശെയോടുനീ ഞങ്ങളോടു സംസാരിക്ക; ഞങ്ങള്‍ കേട്ടുകൊള്ളാം; ഞങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്നു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു.

20 മോശെ ജനത്തോടുഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നും നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ അവങ്കലുള്ള ഭയം നിങ്ങള്‍ക്കു ഉണ്ടായിരിക്കേണ്ടതിന്നും അത്രേ ദൈവം വന്നിരിക്കുന്നതു എന്നു പറഞ്ഞു.

21 അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്നു അടുത്തുചെന്നു.

22 അപ്പോള്‍ യഹോവ മോശെയോടു കല്പിച്ചതുനീ യിസ്രായേല്‍മക്കളോടു ഇപ്രകാരം പറയേണംഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങള്‍ കണ്ടിരിക്കുന്നുവല്ലോ.

23 എന്റെ സന്നിധിയില്‍ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങള്‍ ഉണ്ടാക്കരുതു.

24 എനിക്കു മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേല്‍ നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അര്‍പ്പിക്കേണം. ഞാന്‍ എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാന്‍ നിന്റെ അടുക്കല്‍ വന്നു നിന്നെ അനുഗ്രഹിക്കും.

25 കല്ലു കൊണ്ടു എനിക്കു യാഗപീഠം ഉണ്ടാക്കുന്നു എങ്കില്‍ ചെത്തിയ കല്ലുകൊണ്ടു അതു പണിയരുതു; നിന്റെ ആയുധംകൊണ്ടു അതിനെ തൊട്ടാല്‍ നീ അതിനെ അശുദ്ധമാക്കും.

26 എന്റെ യാഗപീഠത്തിങ്കല്‍ നിന്റെ നഗ്നത കാണാതിരിപ്പാന്‍ നീ അതിങ്കല്‍ പടികളാല്‍ കയറരുതു.

   

ბიბლია

 

ആവർത്തനം 21

Სწავლა

   

1 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു വയലില്‍ ഒരുത്തനെ കൊന്നിട്ടിരിക്കുന്നതു കാണുകയും അവനെ കൊന്നവന്‍ ആരെന്നു അറിയാതിരിക്കയും ചെയ്താല്‍ നിന്റെ മൂപ്പന്മാരും

2 ന്യായധിപതിമാരും പുറത്തു ചെന്നു കൊല്ലപ്പെട്ടവന്റെ ചുറ്റുമിരിക്കുന്ന അതതു പട്ടണംവരെയുള്ള ദൂരം അളക്കേണം.

3 കൊല്ലപ്പെട്ടവന്നു അധികം അടുത്തിരിക്കുന്ന പട്ടണത്തിലെ മൂപ്പന്മാര്‍, വേല ചെയ്യിക്കാത്തതും നുകം വെക്കാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരേണം.

4 ആ പട്ടണത്തിലെ മൂപ്പന്മാര്‍ ഉഴവും വിതയും ഇല്ലാത്തതും നിരൊഴുകൂള്ളതുമായ ഒരു താഴ്വരയില്‍ പശുക്കിടാവിനെ കൊണ്ടുചെന്നു അവിടെവെച്ചു പശുക്കിടാവിന്റെ കഴുത്തു ഒടിച്ചുകളയേണം.

5 പിന്നെ ലേവ്യരായ പുരോഹിതന്മാര്‍ അടുത്തു ചെല്ലേണം; അവരെയല്ലോ നിന്റെ ദൈവമായ യഹോവ തനിക്കു ശുശ്രൂഷചെയ്‍വാനും യഹോവയുടെ നാമത്തില്‍ അനുഗ്രഹിപ്പാനും തിരഞ്ഞെടുത്തിരിക്കുന്നതു; അവരുടെ വാക്കിന്‍ പ്രകാരം സകലവ്യവഹാരവും അടികലശലും തീര്‍ക്കേണ്ടതാകുന്നു.

6 കൊല്ലപ്പെട്ടവന്നു അടുത്ത പട്ടണത്തിലെ മൂപ്പന്മാര്‍ എല്ലാവരും താഴ്വരയില്‍വെച്ചു കഴുത്തൊടിച്ച പശുക്കിടാവിന്മേല്‍ തങ്ങളുടെ കൈ കഴുകി

7 ഞങ്ങളുടെ കൈകള്‍ ആ രക്തം ചിന്നീട്ടില്ല, ഞങ്ങളുടെ കണ്ണു അതു കണ്ടിട്ടുമില്ല.

8 യഹോവ, നീ വീണ്ടെടുത്തിട്ടുള്ള നിന്റെ ജനമായ യിസ്രായേലിനോടു ക്ഷമിക്കേണമേ; നിന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാന്‍ ഇടവരുത്തരുതേ എന്നു പറയേണം; എന്നാല്‍ ആ രക്തപാതകം അവരോടു മോചിക്കപ്പെടും.

9 ഇങ്ങനെ യഹോവേക്കു ഹിതമായുള്ളതു ചെയ്തു കുറ്റമില്ലാത്ത രക്തം നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയേണം.

10 നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ടു നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യില്‍ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താല്‍

11 ആ ബദ്ധന്മാരുടെ കൂട്ടത്തില്‍ സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാര്യയായി എടുപ്പാന്‍ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കില്‍

12 നീ അവളെ വീട്ടില്‍ കൊണ്ടുപോകേണം; അവള്‍ തലമുടി ചിരെക്കയും നഖം മുറിക്കയും ബദ്ധവസ്ത്രം മാറി

13 നിന്റെ വീട്ടില്‍ പാര്‍ത്തു ഒരു മാസം തന്റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കല്‍ ചെന്നു അവള്‍ക്കു ഭര്‍ത്താവായും അവള്‍ നിനക്കു ഭാര്യയായും ഇരിക്കേണം.

14 എന്നാല്‍ നിനക്കു അവളോടു ഇഷ്ടമില്ലാതെയായെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലെക്കു വില്‍ക്കരുതു; നീ അവളെ പരിഗ്രഹിച്ചതുകൊണ്ടു അവളോടു കാഠിന്യം പ്രവര്‍ത്തിക്കരുതു.

15 ഒരുത്തി ഇഷ്ടയായും മറ്റവള്‍ അനിഷ്ടയായും ഇങ്ങനെ ഒരാള്‍ക്കു രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കയും അവര്‍ ഇരുവരും അവന്നു പുത്രന്മാരെ പ്രസവിക്കയും ആദ്യജാതന്‍ അനിഷ്ടയുടെ മകന്‍ ആയിരിക്കയും ചെയ്താല്‍

16 അവന്‍ തന്റെ സ്വത്തു പുത്രന്മാര്‍ക്കും ഭാഗിച്ചു കൊടുക്കുമ്പോള്‍ അനിഷ്ടയുടെ മകനായ ആദ്യജാതന്നു പകരം ഇഷ്ടയുടെ മകന്നു ജ്യേഷ്ഠാവകാശം കൊടുത്തുകൂടാ.

17 തനിക്കുള്ള സകലത്തിലും രണ്ടു പങ്കു അനിഷ്ടയുടെ മകന്നു കൊടുത്തു അവനെ ആദ്യജാതനെന്നു സ്വീകരിക്കേണം; അവന്‍ അവന്റെ ബലത്തിന്റെ ആരംഭമല്ലോ; ജ്യേഷ്ഠാവകാശം അവന്നുള്ളതാകുന്നു.

18 അപ്പന്റെയോ അമ്മയുടെയോ വാക്കു കേള്‍ക്കാതെയും അവര്‍ ശാസിച്ചാലും അനുസരിക്കാതെയുമിരിക്കുന്ന ശഠനും മത്സരിയുമായ മകന്‍ ഒരുത്തന്നു ഉണ്ടെങ്കില്‍

19 അമ്മയപ്പന്മാര്‍ അവനെ പിടിച്ചു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കല്‍ പട്ടണവാതില്‍ക്കലേക്കു കൊണ്ടുപോയി

20 ഞങ്ങളുടെ ഈ മകന്‍ ശഠനും മത്സരിയും ഞങ്ങളുടെ വാക്കു കേള്‍ക്കാത്തവനും തിന്നിയും കുടിയനും ആകുന്നു എന്നു പട്ടണത്തിലെ മൂപ്പന്മാരോടു പറയേണം.

21 പിന്നെ അവന്റെ പട്ടണക്കാര്‍ എല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലേണം. ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം; യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.

22 ഒരുത്തന്‍ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തില്‍ തൂക്കിയാല്‍ അവന്റെ ശവം മരത്തിന്മേല്‍ രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവന്‍ ദൈവസന്നിധിയില്‍ ശാപഗ്രസ്തന്‍ ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു.