Bible

 

സംഖ്യാപുസ്തകം 27

Studie

   

1 അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാര്‍ അടുത്തുവന്നു. അവന്റെ പുത്രിമാര്‍ മഹ്ളാ, നോവ, ഹോഗ്ള, മില്‍ക്കാ, തിര്‍സാ, എന്നിവരായിരുന്നു.

2 അവര്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ മോശെയുടെയും എലെയാസാര്‍പുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സര്‍വ്വ സഭയുടെയും മുമ്പാകെ നിന്നു പറഞ്ഞതു എന്തെന്നാല്‍

3 ഞങ്ങളുടെ അപ്പന്‍ മരുഭൂമിയില വെച്ചു മരിച്ചുപോയി; എന്നാല്‍ അവന്‍ യഹോവേക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തില്‍ ചേര്‍ന്നിരുന്നില്ല; അവന്‍ സ്വന്തപാപത്താല്‍ അത്രേ മരിച്ചതു; അവന്നു പുത്രന്മാര്‍ ഉണ്ടായിരുന്നതുമില്ല.

4 ഞങ്ങളുടെ അപ്പന്നു മകന്‍ ഇല്ലായ്കകൊണ്ടു അവന്റെ പേര്‍ കുടുംബത്തില്‍നിന്നു ഇല്ലാതെയാകുന്നതു എന്തു? അപ്പന്റെ സഹോദരന്മാരുടെ ഇടയില്‍ ഞങ്ങള്‍ക്കു ഒരു അവകാസം തരേണം.

5 മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വെച്ചു.

6 യഹോവ മോശെയേൂടു അരുളിച്ചെയ്തതു

7 സെലോഫ ഹാദിന്റെ പുത്രിമാര്‍ പറയുന്നതു ശരിതന്നേ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയില്‍ അവര്‍ക്കും ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്റെ അവകാശം അവര്‍ക്കും കൊടുക്കേണം.

8 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഒരുത്തന്‍ മകനില്ലാതെ മരിച്ചാല്‍ അവന്റെ അവകാശം അവന്റെ മകള്‍ക്കു കൊടുക്കേണം.

9 അവന്നു മകള്‍ ഇല്ലാതിരുന്നാല്‍ അവന്റെ അവകാശം അവന്റെ സഹോദരന്മാര്‍ക്കും കൊടുക്കേണം.

10 അവന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാര്‍ക്കും കൊടുക്കേണം.

11 അവന്റെ അപ്പന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ നിങ്ങള്‍ അവന്റെ കുടുംബത്തില്‍ അവന്റെ അടുത്ത ചാര്‍ച്ചക്കാരന്നു അവന്റെ അവകാശം കൊടുക്കേണം അവന്‍ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേല്‍മക്കള്‍ക്കു ന്യായപ്രമാണം ആയിരിക്കേണം.

12 അനന്തരം യഹോവ മോശെയോടു കല്പിച്ചതുഈ അബാരീംമലയില്‍ കയറി ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക.

13 അതു കണ്ട ശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോടു ചേരും.

14 സഭയുടെ കലഹത്തിങ്കല്‍ നിങ്ങള്‍ സീന്‍ മരുഭൂമിയില്‍വെച്ചു അവര്‍ കാണ്‍കെ വെള്ളത്തിന്റെ കാര്യത്തില്‍ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നേ. സീന്‍ മരുഭൂമിയില്‍ കാദേശിലെ കലഹജലം അതു തന്നേ.

15 അപ്പോള്‍ മോശെ യഹോവയോടു

16 യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാന്‍ തക്കവണ്ണം അവര്‍ക്കും മുമ്പായി പോകുവാനും അവര്‍ക്കും മുമ്പായി വരുവാനും അവരെ പുറത്തു കൊണ്ടുപോകുവാനും

17 അകത്തുകൊണ്ടു പോകുവാനും സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെ മേല്‍ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.

18 യഹോവ മോശെയോടു കല്പിച്ചതുഎന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ വിളിച്ചു

19 അവന്റെ മേല്‍ കൈവെച്ചു അവനെ പുരോഹിതനായ എലെയാസാരിന്റെയും സര്‍വ്വസഭയുടെയും മുമ്പാകെ നിര്‍ത്തി അവര്‍ കാണ്‍കെ അവന്നു ആജ്ഞകൊടുക്ക.

20 യിസ്രായേല്‍മക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന്നു നിന്റെ മഹിമയില്‍ ഒരംശം അവന്റെ മേല്‍ വെക്കേണം.

21 അവന്‍ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നില്‍ക്കേണം; അവന്‍ അവന്നു വേണ്ടി യഹോവയുടെ സന്നിധിയില്‍ ഊരീംമുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും അവന്റെ വാക്കുപ്രകാരം വരികയും വേണം.

22 യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; അവന്‍ യോശുവയെ വിളിച്ചു പുരോഹിതനായ എലെയാസാരിന്റെയും സര്‍വ്വസഭയുടെയു മുമ്പാകെ നിര്‍ത്തി.

23 അവന്റെമേല്‍ കൈവെച്ചു യഹോവ മോശെമുഖാന്തരം കല്പിച്ചതുപേലെ അവന്നു ആജ്ഞ കൊടുത്തു.

   

Bible

 

പുറപ്പാടു് 28

Studie

   

1 നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു നിന്റെ അടുക്കല്‍ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവരെയും തന്നേ

2 നിന്റെ സഹോദരനായ അഹരോന്നു വേണ്ടി മഹത്വത്തിന്നും അലങ്കാരത്തിന്നുമായി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.

3 അഹരോന്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാന്‍ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന്നു അവന്നു വസ്ത്രം ഉണ്ടാക്കേണമെന്നു ഞാന്‍ ജ്ഞാനാത്മാവുകൊണ്ടു നിറെച്ചിരിക്കുന്ന സകലജ്ഞാനികളോടും നീ പറയേണം.

4 അവര്‍ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോപതക്കം, ഏഫോദ്, നീളകൂപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ടു എന്നിവ തന്നേ. നിന്റെ സഹോദരനായ അഹരോന്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവര്‍ അവന്നും അവന്റെ പുത്രന്മാര്‍ക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.

5 അതിന്നു പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ എടുക്കേണം.

6 പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം.

7 അതിന്റെ രണ്ടു അറ്റത്തോടു ചേര്‍ന്നതായി രണ്ടു ചുമല്‍ക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മില്‍ ഇണെച്ചിരിക്കേണം.

8 അതു കെട്ടിമുറുക്കുവാന്‍ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു അതില്‍നിന്നു തന്നേ അതിന്റെ പണിപോലെ പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ആയിരിക്കേണം.

9 അതു കൂടാതെ രണ്ടു ഗോമേദകക്കല്ലു എടുത്തു അവയില്‍ യിസ്രായേല്‍മക്കളുടെ പേര്‍ കൊത്തേണം.

10 അവരുടെ പേരുകളില്‍ ആറു ഒരുകല്ലിലും ശേഷമുള്ള ആറു മറ്റെ കല്ലിലും അവരുടെ ജനനക്രമത്തില്‍ ആയിരിക്കേണം.

11 രത്നശില്പിയുടെ പണിയായി മുദ്രക്കൊത്തുപോലെ രണ്ടു കല്ലിലും യിസ്രായേല്‍ മക്കളുടെ പേര്‍ കൊത്തേണം; അവ പൊന്തടങ്ങളില്‍ പതിക്കേണം;

12 കല്ലു രണ്ടും ഏഫോദിന്റെ ചുമല്‍ക്കണ്ടങ്ങളിന്മേല്‍ യിസ്രായേല്‍മക്കള്‍ക്കു വേണ്ടി ഔര്‍മ്മക്കല്ലായി വെക്കേണം; അഹരോന്‍ യഹോവയുടെ മുമ്പാകെ അവരുടെ പേര്‍ ഔര്‍മ്മക്കായി തന്റെ രണ്ടു ചുമലിന്മേലും വഹിക്കേണം.

13 പൊന്നുകൊണ്ടു തടങ്ങള്‍ ഉണ്ടാക്കേണം.

14 തങ്കംകൊണ്ടു ചരടുപോലെ മുറിച്ചുകുത്തുപണിയായി രണ്ടു സരപ്പളിയും ഉണ്ടാക്കേണം; മുറിച്ചു കുത്തുപണിയായ സരപ്പളി തടങ്ങളില്‍ ചേര്‍ക്കേണം.

15 ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ടു ഉണ്ടാക്കേണം; അതു ഏഫോദിന്റെ പണിക്കൊത്തതായി പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ടു ഉണ്ടാക്കേണം.

16 അതു സമചതുരവും ഇരട്ടയും ഒരു ചാണ്‍ നീളമുള്ളതും ഒരു ചാണ്‍ വീതിയുള്ളതും ആയിരിക്കേണം.

17 അതില്‍ കല്‍പതിപ്പായി നാലു നിര കല്ലു പതിക്കേണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര.

18 രണ്ടാമത്തെ നിരമാണിക്യം, നീലക്കല്ലു, വജ്രം.

19 മൂന്നാമത്തെ നിരപത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു.

20 നാലാമത്തെ നിരപുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതതു തടത്തില്‍പൊന്നില്‍ പതിച്ചിരിക്കേണം.

21 ഈ കല്ലു യിസ്രായേല്‍മക്കളുടെ പേരോടുകൂടെ അവരുടെ പേര്‍പോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളില്‍ ഔരോന്നിന്റെ പേര്‍ അവയില്‍ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം.

22 പതക്കത്തിന്നു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളി ഉണ്ടാക്കേണം.

23 പതക്കത്തിന്നു പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ രണ്ടു അറ്റത്തും വട്ടക്കണ്ണി വെക്കേണം.

24 പൊന്നുകൊണ്ടു മുറിച്ചുകുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്റെ അറ്റങ്ങളില്‍ ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം.

25 മുറിച്ചുകുത്തുപണിയായ രണ്ടു സരപ്പളിയുടെ മറ്റേ അറ്റം രണ്ടും രണ്ടു തടത്തില്‍ കൊളുത്തി ഏഫോദിന്റെ ചുമല്‍ക്കണ്ടങ്ങളില്‍ അതിന്റെ മുന്‍ ഭാഗത്തു വെക്കേണം.

26 പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റേ രണ്ടു അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന്നു നേരെ അതിന്റെ വിളുമ്പില്‍ അകത്തായി വെക്കേണം.

27 പൊന്നുകൊണ്ടു വേറെ രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി, ഏഫോദിന്റെ മുന്‍ ഭാഗത്തു അതിന്റെ രണ്ടു ചുമല്‍ക്കണ്ടത്തിന്മേല്‍ താഴെ അതിന്റെ ഇണെപ്പിന്നരികെ ഏഫോദിന്റെ നടുക്കെട്ടിന്നു മേലായി വെക്കേണം.

28 പതക്കം ഏഫോദിന്റെ നടുക്കെട്ടിന്നു മേലായിരിക്കേണ്ടതിന്നും ഏഫോദില്‍ ആടാതിരിക്കേണ്ടതിന്നും അതിന്റെ വട്ടക്കണ്ണികളാല്‍ ഏഫോദിന്റെ വട്ടക്കണ്ണികളോടു നീലനാടകൊണ്ടു കെട്ടേണം.

29 അങ്ങനെ അഹരോന്‍ വിശുദ്ധമന്ദിരത്തില്‍ കടക്കുമ്പോള്‍ ന്യായവിധിപ്പതക്കത്തില്‍ യിസ്രായേല്‍മക്കളുടെ പേര്‍ എപ്പോഴും യഹോവയുടെ മുമ്പാകെ ഔര്‍മ്മെക്കായിട്ടു തന്റെ ഹൃദയത്തിന്മേല്‍ വഹിക്കേണം.

30 ന്യായവിധിപ്പതക്കത്തിന്നകത്തു ഊറീമും തുമ്മീമും (വെളിപ്പാടും സത്യവും) വെക്കേണം; അഹരോന്‍ യഹോവയുടെ സന്നിധാനത്തിങ്കല്‍ കടക്കുമ്പോള്‍ അവന്റെ ഹൃദയത്തിന്മേല്‍ ഇരിക്കേണം; അഹരോന്‍ യിസ്രായേല്‍മക്കള്‍ക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്റെ ഹൃദയത്തിന്മേല്‍ വഹിക്കേണം.

31 ഏഫോദിന്റെ അങ്കി മുഴുവനും നീല നൂല്‍കൊണ്ടു ഉണ്ടാക്കേണം.

32 അതിന്റെ നടുവില്‍ തല കടപ്പാന്‍ ഒരു ദ്വാരം വേണം; ദ്വാരത്തിന്നു നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അതു കീറിപ്പോകാതിരിപ്പാന്‍ കവചത്തിന്റെ ദ്വാരംപോലെ അതിന്നു ഉണ്ടായിരിക്കേണം.

33 നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവകൊണ്ടു ചുറ്റും അതിന്റെ വിളുമ്പില്‍ മാതളപ്പഴങ്ങളും അവയുടെ ഇടയില്‍ ചുറ്റും പൊന്നുകൊണ്ടു മണികളും ഉണ്ടാക്കേണം.

34 അങ്കിയുടെ വിളുമ്പില്‍ ചുറ്റും ഒരു പൊന്മണി ഒരു മാതളപ്പഴം, ഒരു പൊന്മണി ഒരു മാതളപ്പഴം, ഇങ്ങനെ വേണം.

35 ശുശ്രൂഷ ചെയ്കയില്‍ അഹരോന്‍ അതു ധരിക്കേണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തില്‍ കടക്കുമ്പോഴും പുറത്തുവരുമ്പോഴും അവന്‍ മരിക്കാതിരിക്കേണ്ടതിന്നു അതിന്റെ ശബ്ദം കേള്‍ക്കേണം.

36 തങ്കംകൊണ്ടു ഒരു പട്ടം ഉണ്ടാക്കി അതില്‍ “യഹോവേക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായി കൊത്തേണം.

37 അതു മുടിമേല്‍ ഇരിക്കേണ്ടതിന്നു നീലച്ചരടുകൊണ്ടു കെട്ടേണം; അതു മുടിയുടെ മുന്‍ ഭാഗത്തു ഇരിക്കേണം.

38 യിസ്രായേല്‍മക്കള്‍ തങ്ങളുടെ സകല വിശുദ്ധ വഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധവസ്തുക്കളുടെ കുറ്റം അഹരോന്‍ വഹിക്കേണ്ടതിന്നു അതു അഹരോന്റെ നെറ്റിയില്‍ ഇരിക്കേണം; യഹോവയുടെ മുമ്പാകെ അവര്‍ക്കും പ്രസാദം ലഭിക്കേണ്ടതിന്നു അതു എപ്പോഴും അവന്റെ നെറ്റിയില്‍ ഇരിക്കേണം.

39 പഞ്ഞിനൂല്‍കൊണ്ടു ഉള്ളങ്കിയും വിചിത്രപ്പണിയായി നെയ്യേണം; പഞ്ഞിനൂല്‍കൊണ്ടു മുടിയും ഉണ്ടാക്കേണം; നടുക്കെട്ടും ചിത്രത്തയ്യല്‍പണിയായിട്ടു ഉണ്ടാക്കേണം.

40 അഹരോന്റെ പുത്രന്മാര്‍ക്കും മഹത്വത്തിന്നും അലങ്കാരത്തിന്നുമായിട്ടു അങ്കി, നടുക്കെട്ടു, തലപ്പാവു എന്നിവ ഉണ്ടാക്കേണം.

41 അവ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിക്കേണം; അവര്‍ എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരെ അഭിഷേകവും കരപൂരണവും ചെയ്തു ശുദ്ധീകരിക്കേണം.

42 അവരുടെ നഗ്നത മറെപ്പാന്‍ അവര്‍ക്കും ചണനൂല്‍കൊണ്ടു കാല്‍ചട്ടയും ഉണ്ടാക്കേണം; അതു അര തുടങ്ങി തുടവരെ എത്തേണം.

43 അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തില്‍ ശുശ്രൂഷ ചെയ്‍വാന്‍ സമാഗമന കൂടാരത്തില്‍ കടക്കുമ്പോഴോ യാഗപീഠത്തിന്റെ അടുക്കല്‍ ചെല്ലുമ്പോഴോ കുറ്റം ചുമന്നു മരിക്കാതിരിക്കേണ്ടതിന്നു അവര്‍ അതു ധരിക്കേണം. അവന്നും അവന്റെ സന്തതിക്കും അതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.