Bible

 

ലേവ്യപുസ്തകം 10

Studie

   

1 അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഔരോ ധൂപകലശം എടുത്തു അതില്‍ തീ ഇട്ടു അതിന്മേല്‍ ധൂപ വര്‍ഗ്ഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നു.

2 ഉടനെ യഹോവയുടെ സന്നിധിയില്‍നിന്നു തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു; അവര്‍ യഹോവയുടെ സന്നിധിയില്‍ മരിച്ചുപോയി.

3 അപ്പോള്‍ മോശെഎന്നോടു അടുക്കുന്നവരില്‍ ഞാന്‍ ശുദ്ധീകരിക്കപ്പെടും; സര്‍വ്വജനത്തിന്റെയും മുമ്പാകെ ഞാന്‍ മഹത്വപ്പെടും എന്നു യഹോവ അരുളിച്ചെയ്തതു ഇതു തന്നേ എന്നു അഹരോനോടു പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.

4 പിന്നെ മോശെ അഹരോന്റെ ഇളയപ്പന്‍ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിച്ചു അവരോടുനിങ്ങള്‍ അടുത്തുചെന്നു നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പില്‍നിന്നു പാളയത്തിന്നു പുറത്തു കൊണ്ടുപോകുവിന്‍ എന്നു പറഞ്ഞു.

5 മോശെ പറഞ്ഞതുപോലെ അവര്‍ അടുത്തു ചെന്നു അവരെ അവരുടെ അങ്കികളോടുകൂടെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി.

6 പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും നിങ്ങള്‍ മരിക്കാതെയും സര്‍വ്വസഭയുടെയും മേല്‍ കോപം വരാതെയും ഇരിപ്പാന്‍ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുതു; നിങ്ങളുടെ വസ്ത്രം കീറുകയും അരുതു; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേല്‍ഗൃഹം ഒക്കെയും യഹോവ ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.

7 നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ വീട്ടു പുറത്തു പോകരുതു; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേല്‍ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവര്‍ മോശെയുടെ വചനംപോലെ തന്നേ ചെയ്തു.

8 യഹോവ അഹരോനോടു അരുളിച്ചെയ്തതു

9 നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തില്‍ കടക്കുമ്പോള്‍ വീഞ്ഞും മദ്യവും കുടിക്കരുതു. ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.

10 ശുദ്ധവും അശുദ്ധവും മലിനവും നിര്‍മ്മലവും തമ്മില്‍ നിങ്ങള്‍ വകതിരിക്കേണ്ടതിന്നും

11 യഹോവ മോശെമുഖാന്തരം യിസ്രായേല്‍മക്കളോടു കല്പിച്ച സകലപ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിന്നും തന്നേ.

12 അഹരോനോടും അവന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാല്‍യഹോവയുടെ ദഹനയാഗങ്ങളില്‍ ശേഷിപ്പുള്ള ഭോജനയാഗം നിങ്ങള്‍ എടുത്തു യാഗപീഠത്തിന്റെ അടുക്കല്‍ വെച്ചു പുളിപ്പില്ലാത്തതായി ഭക്ഷിപ്പിന്‍ ; അതു അതിവിശുദ്ധം.

13 അതു ഒരു വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കേണം; യഹോവയുടെ ദഹനയാഗങ്ങളില്‍ അതു നിനക്കുള്ള അവകാശവും നിന്റെ പുത്രന്മാര്‍ക്കുംള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.

14 നിരാജനത്തിന്റെ നെഞ്ചും ഉദര്‍ച്ചയുടെ കൈക്കുറകും നീയും നിന്റെ പുത്രന്മാരും പുത്രിമാരും വെടിപ്പുള്ളോരു സ്ഥലത്തു വെച്ചു തിന്നേണം; യിസ്രായേല്‍മക്കളുടെ സമാധാനയാഗങ്ങളില്‍ അവ നിനക്കുള്ള അവകാശവും നിന്റെ മക്കള്‍ക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു.

15 മേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവര്‍ യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണ്ടതിന്നു ഉദര്‍ച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചുംകൊണ്ടു വരേണം; അതു യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കള്‍ക്കും ഇരിക്കേണം.

16 പിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താല്‍പര്യമായി അന്വേഷിച്ചു; എന്നാല്‍ അതു ചുട്ടുകളഞ്ഞിരുന്നു; അപ്പോള്‍ അവന്‍ അഹരോന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു

17 പാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളവാനും അവര്‍ക്കുംവേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തം കഴിപ്പാനും നിങ്ങള്‍ക്കു തന്നതുമായിരിക്കെ നിങ്ങള്‍ അതു ഒരു വിശുദ്ധ സ്ഥലത്തുവെച്ചു ഭക്ഷിക്കാഞ്ഞതു എന്തു?

18 അതിന്റെ രക്തം വിശുദ്ധമന്ദിരത്തിന്നകത്തു കൊണ്ടുവന്നില്ലല്ലോ; ഞാന്‍ ആജ്ഞാപിച്ചതു പോലെ നിങ്ങള്‍ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു ഭക്ഷിക്കേണ്ടതായിരുന്നു എന്നു പറഞ്ഞു.

19 അപ്പോള്‍ അഹരോന്‍ മോശെയോടുഇന്നു അവര്‍ തങ്ങളുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയില്‍ അര്‍പ്പിച്ചു; എനിക്കു ഇങ്ങനെ ഭവിച്ചുവല്ലോ. ഇന്നു ഞാന്‍ പാപയാഗം ഭക്ഷിച്ചു എങ്കില്‍ അതു യഹോവേക്കു പ്രസാദമായിരിക്കുമോ എന്നു പറഞ്ഞു.

20 ഇതു കേട്ടപ്പോള്‍ മോശെക്കു ബോധിച്ചു.

   

Komentář

 

Call

  
Two whitetail deer, photo by Joy Feerrar

To call someone or summon someone in the Bible represents a desire for conjunction between higher and lower states of life.