Bible

 

യോശുവ 23

Studie

   

1 യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി യിസ്രായേലിന്നു സ്വസ്ഥത നല്കി ഏറെക്കാലം കഴിഞ്ഞു യോശുവ വയസ്സു ചെന്നു വൃദ്ധന്‍ ആയശേഷം

2 യോശുവ എല്ലായിസ്രായേലിനെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു അവരോടു പറഞ്ഞതെന്തെന്നാല്‍ഞാന്‍ വയസ്സുചെന്നു വൃദ്ധന്‍ ആയിരിക്കുന്നു.

3 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകലജാതികളോടും ചെയ്തതൊക്കെയും നിങ്ങള്‍ കണ്ടിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തതു.

4 ഇതാ, യോര്‍ദ്ദാന്‍ മുതല്‍ പടിഞ്ഞാറോട്ടു മഹാസമുദ്രംവരെ ശേഷിപ്പുള്ള ജാതികളുടെയും ഞാന്‍ സംഹരിച്ചുകളഞ്ഞിട്ടുള്ള സകലജാതികളുടെയും ദേശം നിങ്ങളുടെ ഗോത്രങ്ങള്‍ക്കു അവകാശമായി നറുക്കിട്ടു വിഭാഗിച്ചുതന്നിരിക്കുന്നു.

5 നിങ്ങളുടെ ദൈവമായ യഹോവ തന്നേ അവരെ നിങ്ങളുടെ മുമ്പില്‍നിന്നു ഔടിച്ചു നിങ്ങളുടെ ദൃഷ്ടിയില്‍ നിന്നു നീക്കിക്കളയും; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തതു പോലെ നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും.

6 ആകയാല്‍ മോശെയുടെ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതൊക്കെയും പ്രമാണിച്ചുനടപ്പാനും അതില്‍നിന്നു വലത്തോട്ടെങ്കിലും ഇടത്തോട്ടെങ്കിലും മാറാതിരിപ്പാനും ഏറ്റവും ഉറപ്പുള്ളവരായിരിപ്പിന്‍ .

7 നിങ്ങളുടെ ഇടയില്‍ ശേഷിച്ചിരിക്കുന്ന ഈ ജാതികളോടു നിങ്ങള്‍ ഇടകലരരുതു; അവരുടെ ദേവന്മാരുടെ നാമം ജപിക്കയും അതു ചൊല്ലി സത്യം ചെയ്കയും അരുതു; അവയെ സേവിക്കയും നമസ്കരിക്കയും അരുതു.

8 നിങ്ങള്‍ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേര്‍ന്നിരിപ്പിന്‍ .

9 യഹോവ നിങ്ങളുടെ മുമ്പില്‍നിന്നു വലിപ്പവും ബലവുമുള്ള ജാതികളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യന്നും ഇന്നുവരെ നിങ്ങളുടെ മുമ്പില്‍ നില്പാന്‍ കഴിഞ്ഞിട്ടില്ല.

10 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തതുപോലെ താന്തന്നേ നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തതുകൊണ്ടു നിങ്ങളില്‍ ഒരുത്തന്‍ ആയിരം പേരെ ഔടിച്ചിരിക്കുന്നു.

11 അതുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിപ്പാന്‍ പൂര്‍ണ്ണമനസ്സോടെ ഏറ്റവും ജാഗ്രതയായിരിപ്പിന്‍ .

12 അല്ലാതെ നിങ്ങള്‍ വല്ലപ്രകാരവും പിന്തിരിഞ്ഞുനിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേര്‍ന്നു വിവാഹസംബന്ധം ചെയ്കയും നിങ്ങള്‍ അവരോടും അവര്‍ നിങ്ങളോടും ഇടകലരുകയും ചെയ്താല്‍

13 നിങ്ങളുടെ ദൈവമായ യഹോവ മേലാല്‍ ഈ ജാതികളെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങള്‍ നശിച്ചുപോകുംവരെ അവര്‍ നിങ്ങള്‍ക്കു കുടുക്കും കണിയും വിലാപ്പുറത്തു ചുമ്മട്ടിയും കണ്ണില്‍ മുള്ളും ആയിരിക്കുമെന്നു അറിഞ്ഞുകൊള്‍വിന്‍ .

14 ഇതാ, ഞാന്‍ ഇന്നു സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങള്‍ക്കു പൂര്‍ണ്ണഹൃദയത്തിലും പൂര്‍ണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങള്‍ക്കു സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല.

15 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തിട്ടുള്ള എല്ലാനന്മകളും നിങ്ങള്‍ക്കു സംഭവിച്ചതുപോലെ തന്നേ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങളെ നശിപ്പിക്കുംവരെ യഹോവ എല്ലാതിന്മകളും നിങ്ങളുടെമേല്‍ വരുത്തും.

16 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള അവന്റെ നിയമം നിങ്ങള്‍ ലംഘിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താല്‍ യഹോവയുടെ കോപം നിങ്ങളുടെ നേരെ ജ്വലിക്കും; അവന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള ഈ നല്ലദേശത്തുനിന്നു നിങ്ങള്‍ വേഗം നശിച്ചുപോകയും ചെയ്യും.

   

Bible

 

ദിനവൃത്താന്തം 1 27

Studie

   

1 യിസ്രായേല്‍പുത്രന്മാര്‍ ആളെണ്ണപ്രകാരം പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സംവത്സരത്തിലെ സകലമാസങ്ങളിലും മാസാന്തരം വരികയും പോകയും ചെയ്യുന്ന അതതു ക്കുറുകളുടെ ഔരോ പ്രവൃത്തിയിലും രാജാവിന്നു സേവ ചെയ്തുപോന്ന അവരുടെ പ്രമാണികളും ആകെ ഇരുപത്തിനാലായിരം പേര്‍.

2 ഒന്നാം മാസത്തേക്കുള്ള ഒന്നാം ക്കുറിന്നു മേല്‍വിചാരകന്‍ സബ്ദീയേലിന്റെ മകന്‍ യാശോബെയാംഅവന്റെ ക്കുറില്‍ ഇരുപത്തിനാലായിരം പേര്‍.

3 അവന്‍ പേരെസ്സിന്റെ പുത്രന്മാരില്‍ ഉള്ളവനും ഒന്നാം മാസത്തെ സകലസേനാപതികള്‍ക്കും തലവനും ആയിരുന്നു.

4 രണ്ടാം മാസത്തേക്കുള്ള ക്കുറിന്നു അഹോഹ്യനായ ദോദായി മേല്‍വിചാരകനും അവന്റെ ക്കുറില്‍ മിക്ളോത്ത് പ്രമാണിയും ആയിരുന്നു. അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

5 മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകന്‍ ബെനായാവു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

6 മുപ്പതു പേരില്‍ വീരനും മുപ്പതുപേര്‍ക്കും തലവനുമായ ബെനായാവു ഇവന്‍ തന്നേ; അവന്റെ ക്കുറിന്നു അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.

7 നാലാം മാസത്തേക്കുള്ള നാലാമത്തവന്‍ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

8 അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവന്‍ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

9 ആറാം മാസത്തേക്കുള്ള ആറാമത്തവന്‍ തെക്കോവ്യനായ ഇക്കേശിന്റെ മകന്‍ ഈരാ; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

10 ഏഴാം മാസത്തേക്കുള്ള ഏഴാമത്തവന്‍ എഫ്രയീമ്യരില്‍ പെലോന്യനായ ഹേലെസ്; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

11 എട്ടാം മാസത്തേക്കുള്ള എട്ടാമത്തവന്‍ സര്‍ഹ്യരില്‍ ഹൂശാത്യനായ സിബ്ബെഖായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

12 ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവന്‍ ബെന്യാമീന്യരില്‍ അനാഥോഥ്യനായ അബീയേസെര്‍; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

13 പത്താം മാസത്തേക്കുള്ള പത്താമത്തവന്‍ സര്‍ഹ്യരില്‍ നെതോഫാത്യനായ മഹരായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

14 പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവന്‍ എഫ്രയീമിന്റെ പുത്രന്മാരില്‍ പിരാഥോന്യനായ ബെനായാവു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

15 പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവന്‍ ഒത്നീയേലില്‍നിന്നുത്ഭവിച്ച നെതോഫാത്യനായ ഹെല്‍ദായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

16 യിസ്രായേല്‍ഗോത്രങ്ങളുടെ തലവന്മാര്‍രൂബേന്യര്‍ക്കും പ്രഭു സിക്രിയുടെ മകന്‍ എലീയേസെര്‍; ശിമെയോന്യര്‍ക്കും മയഖയുടെ മകന്‍ ശെഫത്യാവു;

17 ലേവ്യര്‍ക്കും കെമൂവേലിന്റെ മകന്‍ ഹശബ്യാവു; അഹരോന്യര്‍ക്കും സാദോക്;

18 യെഹൂദെക്കു ദാവീദിന്റെ സഹോദരന്മാരില്‍ ഒരുത്തനായ എലീഹൂ; യിസ്സാഖാരിന്നു മീഖായേലിന്റെ മകന്‍ ഒമ്രി;

19 സെബൂലൂന്നു ഔബദ്യാവിന്റെ മകന്‍ യിശ്മയ്യാവു; നഫ്താലിക്കു അസ്രീയേലിന്റെ മകന്‍ യെരീമോത്ത്;

20 എഫ്രയീമ്യര്‍ക്കും അസസ്യാവിന്റെ മകന്‍ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിന്നു പെദായാവിന്റെ മകന്‍ യോവേല്‍.

21 ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിന്നു സെഖര്‍യ്യാവിന്റെ മകന്‍ യിദ്ദോ; ബെന്യാമീന്നു അബ്നേരിന്റെ മകന്‍ യാസീയേല്‍;

22 ദാന്നു യെരോഹാമിന്റെ മകന്‍ അസരെയോല്‍. ഇവര്‍ യിസ്രായേല്‍ഗോത്രങ്ങള്‍ക്കു പ്രഭുക്കന്മാര്‍ ആയിരുന്നു.

23 എന്നാല്‍ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിന്നു താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.

24 സെരൂയയുടെ മകനായ യോവാബ് എണ്ണുവാന്‍ തുടങ്ങിയെങ്കിലും അവന്‍ തീര്‍ത്തില്ല; അതു നിമിത്തം യിസ്രായേലിന്മേല്‍ കോപം വന്നതു കൊണ്ടു ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കില്‍ ചേര്‍ത്തിട്ടുമില്ല.

25 രാജാവിന്റെ ഭണ്ഡാരത്തിന്നു അദീയേലിന്റെ മകനായ അസ്മാവെത്ത് മേല്‍വിചാരകന്‍ . നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടിശാലകള്‍ക്കു ഉസ്സീയാവിന്റെ മകന്‍ യെഹോനാഥാന്‍ മേല്‍വിചാരകന്‍ .

26 വയലില്‍ വേലചെയ്ത കൃഷിക്കാര്‍ക്കും കെലൂബിന്റെ മകന്‍ എസ്രി മേല്‍വിചാരകന്‍ .

27 മുന്തിരിത്തോട്ടങ്ങള്‍ക്കു രാമാത്യനായ ശിമെയിയും മുന്തിരത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകള്‍ക്കു ശിഫ്മ്യനായ സബ്ദിയും മേല്‍വിചാരകര്‍.

28 ഒലിവുവൃക്ഷങ്ങള്‍ക്കും താഴ്വീതിയിലെ കാട്ടത്തികള്‍ക്കും ഗാദേര്‍യ്യനായ ബാല്‍ഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകള്‍ക്കു യോവാശും മേല്‍വിചാരകര്‍.

29 ശാരോനില്‍ മേയുന്ന നാല്‍ക്കാലികള്‍ക്കു ശാരോന്യനായ ശിത്രായിയും താഴ്വരയിലെ നാല്‍ക്കാലികള്‍ക്കു അദായിയുടെ മകനായ ശാഫാത്തും മേല്‍വിചാരകര്‍.

30 ഒട്ടകങ്ങള്‍ക്കു യിശ്മായേല്യനായ ഔബീലും കഴുതകള്‍ക്കു മേരോനോത്യനായ യെഹ്ദെയാവും മേല്‍വിചാരകര്‍.

31 ആടുകള്‍ക്കു ഹഗ്രീയനായ യാസീസ് മേല്‍ വിചാരകന്‍ ; ഇവര്‍ എല്ലാവരും ദാവീദ് രാജാവിന്റെ വസ്തുവകകള്‍ക്കു അധിപതിമാരായിരുന്നു.

32 ദാവീദിന്റെ ചിറ്റപ്പനായ യോനാഥാന്‍ ബുദ്ധിമാനായൊരു മന്ത്രിയും ശാസ്ത്രിയും ആയിരുന്നു; ഹഖ്മോനിയുടെ മകനായ യെഹീയേല്‍ രാജകുമാരന്മാരുടെ സഹവാസി ആയിരുന്നു.

33 അഹീഥോഫെല്‍ രാജമന്ത്രി; അര്‍ഖ്യനായ ഹൂശായി രാജമിത്രം.

34 അഹീഥോഫെലിന്റെ ശേഷം ബെനായാവിന്റെ മകനായ യെഹോയാദയും അബ്യാഥാരും മന്ത്രികള്‍; രാജാവിന്റെ സേനാധിപതി യോവാബ്.