Bible

 

യോശുവ 12

Studie

   

1 യിസ്രായേല്‍മക്കള്‍ യോര്‍ദ്ദാന്നക്കരെ കിഴക്കു അര്‍ന്നോന്‍ താഴ്വരമുതല്‍ ഹെര്‍മ്മോന്‍ പര്‍വ്വതംവരെയുള്ള രാജ്യവും കിഴക്കെ അരാബ മുഴുവനും കൈവശമാക്കുകയില്‍ സംഹരിച്ചു കളഞ്ഞ തദ്ദേശരാജാക്കന്മാര്‍ ഇവര്‍ ആകുന്നു.

2 ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരാജാവായ സീഹോന്‍ ; അവന്‍ അര്‍ന്നോന്‍ ആറ്റുവക്കത്തുള്ള അരോവേര്‍മുതല്‍ താഴ്വരയുടെ മദ്ധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്‍ നദിവരെയും

3 കിന്നെരോത്ത് കടലും അരാബയിലെ കടലായ ഉപ്പുകടലും വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു.

4 ബാശാന്‍ രാജാവായ ഔഗിന്റെ ദേശവും അവര്‍ പിടിച്ചടക്കി; മല്ലന്മാരില്‍ ശേഷിച്ച ഇവര്‍ അസ്തരോത്തിലും എദ്രെയിലും പാര്‍ത്തു,

5 ഹെര്‍മ്മോന്‍ പര്‍വ്വതവും സല്‍ക്കയും ബാശാന്‍ മുഴുവനും ഗെശൂര്‍യ്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോന്‍ രാജാവായ സീഹോന്റെ അതിര്‍വരെയും വാണിരുന്നു.

6 അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേല്‍മക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും അവകാശമായി കൊടുത്തു.

7 എന്നാല്‍ യോശുവയും യിസ്രായേല്‍മക്കളും യോര്‍ദ്ദാന്നിക്കരെ പടിഞ്ഞാറു ലെബാനോന്റെ താഴ്വരയിലെ ബാല്‍-ഗാദ് മുതല്‍ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാര്‍ ഇവര്‍ ആകുന്നു.

8 മലനാട്ടിലും താഴ്വീതിയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യന്‍ , അമോര്‍യ്യന്‍ , കനാന്യന്‍ , പെരിസ്യന്‍ , ഹിവ്യന്‍ , യെബൂസ്യന്‍ എന്നിവര്‍തന്നേ.

9 യെരീഹോരാജാവു ഒന്നു; ബേഥേലിന്നരികെയുള്ള ഹായിരാജാവു ഒന്നു;

10 യെരൂശലേംരാജാവു ഒന്നു; ഹെബ്രോന്‍ രാജാവു ഒന്നു;

11 യര്‍മ്മൂത്ത് രാജാവു ഒന്നു; ലാഖീശിലെ രാജാവു ഒന്നു;

12 എഗ്ളോനിലെ രാജാവു ഒന്നു; ഗേസര്‍ രാജാവു ഒന്നു;

13 ദെബീര്‍രാജാവു ഒന്നു; ഗേദെര്‍രാജാവു ഒന്നു

14 ഹോര്‍മ്മരാജാവു ഒന്നു; ആരാദ്‍രാജാവു ഒന്നു;

15 ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു;

16 മക്കേദാരാജാവു ഒന്നു; ബേഥേല്‍രാജാവു ഒന്നു;

17 തപ്പൂഹരാജാവു ഒന്നു; ഹേഫെര്‍രാജാവു ഒന്നു;

18 അഫേക്രാജാവു ഒന്നു; ശാരോന്‍ രാജാവു ഒന്നു;

19 മാദോന്‍ രാജാവു ഒന്നു; ഹാസോര്‍രാജാവു ഒന്നു; ശിമ്രോന്‍ -മെരോന്‍ രാജാവു ഒന്നു;

20 അക്ശാപ്പുരാജാവു ഒന്നു; താനാക്രാജാവു ഒന്നു;

21 മെഗിദ്ദോ രാജാവു ഒന്നു; കാദേശ് രാജാവു ഒന്നു;

22 കര്‍മ്മേലിലെ യൊക്നെയാംരാജാവു ഒന്നു;

23 ദോര്‍മേട്ടിലെ ദോര്‍രാജാവു ഒന്നു; ഗില്ഗാലിലെ ജാതികളുടെ രാജാവു ഒന്നു;

24 തിര്‍സാരാജാവു ഒന്നു; ആകെ മുപ്പത്തൊന്നു രാജാക്കന്മാര്‍.

   

Bible

 

യോശുവ 21

Studie

   

1 അനന്തരം ലേവ്യരുടെ കുടുംബത്തലവന്മാര്‍ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും യിസ്രായേല്‍ഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കല്‍ വന്നു.

2 കനാന്‍ ദേശത്തു ശീലോവില്‍വെച്ചു അവരോടുയഹോവ ഞങ്ങള്‍ക്കു പാര്‍പ്പാന്‍ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികള്‍ക്കു പുല്പുറങ്ങളും തരുവാന്‍ മോശെമുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.

3 എന്നാറെ യിസ്രായേല്‍മക്കള്‍ തങ്ങളുടെ അവകാശത്തില്‍നിന്നു യഹോവയുടെ കല്പനപ്രകാരം ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യര്‍ക്കും കൊടുത്തു.

4 കെഹാത്യരുടെ കുടുംബങ്ങള്‍ക്കു വന്ന നറുകൂപ്രകാരം ലേവ്യരില്‍ പുരോഹിതനായ അഹരോന്റെ മക്കള്‍ക്കു യെഹൂദാഗോത്രത്തിലും ശിമെയോന്‍ ഗോത്രത്തിലും ബെന്യാമീന്‍ ഗോത്രത്തിലും കൂടെ പതിമ്മൂന്നു പട്ടണം കിട്ടി.

5 കെഹാത്തിന്റെ ശേഷംമക്കള്‍ക്കു എഫ്രയീംഗോത്രത്തിലും ദാന്‍ ഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുകൂപ്രകാരം പത്തുപട്ടണം കിട്ടി.

6 ഗേര്‍ശോന്റെ മക്കള്‍ക്കു യിസ്സാഖാര്‍ ഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുകൂപ്രകാരം പതിമ്മൂന്നു പട്ടണംകിട്ടി.

7 മെരാരിയുടെ മക്കള്‍ക്കു കുടുംബംകുടുംബമായി രൂബേന്‍ ഗോത്രത്തിലും ഗാദ് ഗോത്രത്തിലും സെബൂലൂന്‍ ഗോത്രത്തിലും കൂടെ പന്ത്രണ്ടു പട്ടണം കിട്ടി.

8 യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ ലേവ്യര്‍ക്കും ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നറുകൂ പ്രകാരം കൊടുത്തു.

9 അവര്‍ യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോന്‍ മക്കളുടെ ഗോത്രത്തിലും താഴെ പേര്‍ പറയുന്ന പട്ടണങ്ങളെ കൊടുത്തു.

10 അവ ലേവിമക്കളില്‍ കെഹാത്യരുടെ കുടുംബങ്ങളില്‍ അഹരോന്റെ മക്കള്‍ക്കു കിട്ടി. അവര്‍ക്കായിരുന്നു ഒന്നാമത്തെ നറുകൂ വന്നതു.

11 യെഹൂദാമലനാട്ടില്‍ അവര്‍ അനാക്കിന്റെ അപ്പനായ അര്‍ബ്ബയുടെ പട്ടണമായ ഹെബ്രോനും അതിന്നുചുറ്റുമുള്ള പുല്പുറങ്ങളും അവര്‍ക്കും കൊടുത്തു.

12 എന്നാല്‍ പട്ടണത്തോടു ചേര്‍ന്ന നിലങ്ങളും ഗ്രാമങ്ങളും അവര്‍ യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.

13 ഇങ്ങനെ അവര്‍ പുരോഹിതനായ അഹരോന്റെ മക്കള്‍ക്കു, കുലചെയ്തവന്നു സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും

14 യത്ഥീരും അതിന്റെ പുല്പുറങ്ങളും

15 എസ്തെമോവയും അതിന്റെ പുല്പുറങ്ങളും ഹോലോനും അതിന്റെ പുല്പുറങ്ങളും ദെബീരും അതിന്റെ പുല്പുറങ്ങളും

16 അയീനും അതിന്റെ പുല്പുറങ്ങളും യുത്തയും അതിന്റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളില്‍ ഒമ്പതു പട്ടണവും,

17 ബെന്യാമീന്‍ ഗോത്രത്തില്‍ ഗിബെയോനും അതിന്റെ പുല്പുറങ്ങളും

18 ഗേബയും അതിന്റെ പുല്പുറങ്ങളും അനാഥോത്തും അതിന്റെ പുല്പുറങ്ങളും അല്‍മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും കൊടുത്തു.

19 അഹരോന്റെ മക്കളായ പുരോഹിതന്മാര്‍ക്കും എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.

20 കെഹാത്തിന്റെ ശേഷം മക്കളായ ലേവ്യര്‍ക്കും, കെഹാത്യ കുടുംബങ്ങള്‍ക്കു തന്നേ, നറുക്കു പ്രകാരം കിട്ടിയ പട്ടണങ്ങള്‍ എഫ്രയീംഗോത്രത്തില്‍ ആയിരുന്നു.

21 എഫ്രയീംനാട്ടില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും

22 കിബ്സയീം അതിന്റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,

23 ദാന്‍ ഗോത്രത്തില്‍ എല്‍തെക്കേയും അതിന്റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ പുല്പുറങ്ങളും

24 അയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,

25 മനശ്ശെയുടെ പാതിഗോത്രത്തില്‍ താനാക്കും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും അവര്‍ക്കും കൊടുത്തു.

26 ഇങ്ങനെ കെഹാത്തിന്റെ ശേഷം മക്കളുടെ കുടുംബങ്ങള്‍ക്കു എല്ലാംകൂടി പത്തു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.

27 ലേവ്യരുടെ കുടുംബങ്ങളില്‍ ഗേര്‍ശോന്റെ മക്കള്‍ക്കു മനശ്ശെയുടെ പാതിഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും

28 ഇങ്ങനെ രണ്ടു പട്ടണവും യിസ്സാഖാര്‍ഗോത്രത്തില്‍ കിശ്യോനും അതിന്റെ പുല്പുറങ്ങളും

29 ദാബെരത്തും അതിന്റെ പുല്പുറങ്ങളും യര്‍മ്മൂത്തും അതിന്റെ പുല്പുറങ്ങളും ഏന്‍ -ഗന്നീമും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,

30 ആശേര്‍ഗോത്രത്തില്‍ മിശാലും അതിന്റെ പുല്പുറങ്ങളും അബ്ദോനും അതിന്റെ പുല്പുറങ്ങളും

31 ഹെല്‍ക്കത്തും അതിന്റെ പുല്പുറങ്ങളും രെഹോബും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,

32 നഫ്താലിഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കര്‍ത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.

33 ഗേര്‍ശോന്യര്‍ക്കും കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.

34 ശേഷം ലേവ്യരില്‍ മെരാര്‍യ്യകുടുംബങ്ങള്‍ക്കു സെബൂലൂന്‍ ഗോത്രത്തില്‍ യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കര്‍ത്ഥയും അതിന്റെ പുല്പുറങ്ങളും

35 ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും

36 രൂബേന്‍ ഗോത്രത്തില്‍ ബേസെരും അതിന്റെ പുല്പുറങ്ങളും

37 യഹ്സയും അതിന്റെ പുല്പുറങ്ങളും കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,

38 ഗാദ് ഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും

39 ഹെശ്ബോനും അതിന്റെ പുല്പുറങ്ങളും യസേരും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ എല്ലാംകൂടി നാലു പട്ടണവും കൊടുത്തു.

40 അങ്ങനെ ശേഷം ലേവ്യ കുടുംബങ്ങളായ മെരാര്‍യ്യര്‍ക്കും നറുക്കു പ്രകാരം കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍ എല്ലാംകൂടി പന്ത്രണ്ടു ആയിരുന്നു.

41 യിസ്രായേല്‍മക്കളുടെ അവകാശത്തില്‍ ലേവ്യര്‍ക്കും എല്ലാംകൂടി നാല്പത്തെട്ടു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.

42 ഈ പട്ടണങ്ങളില്‍ ഔരോന്നിന്നു ചുറ്റും പുല്പുറങ്ങള്‍ ഉണ്ടായിരുന്നു; ഈ പട്ടണങ്ങള്‍ക്കൊക്കെയും അങ്ങനെ തന്നേ ഉണ്ടായിരുന്നു.

43 യഹോവ യിസ്രായേലിന്നു താന്‍ അവരുടെ പിതാക്കന്മാര്‍ക്കും കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവര്‍ അതു കൈവശമാക്കി അവിടെ കുടിപാര്‍ത്തു.

44 യഹോവ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ ഒക്കെയും ചുറ്റും അവര്‍ക്കും സ്വസ്ഥത നല്കി ശത്രുക്കളില്‍ ഒരുത്തനും അവരുടെ മുമ്പില്‍ നിന്നിട്ടില്ല; യഹോവ സകല ശത്രുക്കളെയും അവരുടെ കയ്യില്‍ ഏല്പിച്ചു.

45 യഹോവ യിസ്രായേല്‍ഗൃഹത്തോടു അരുളിച്ചെയ്ത വാഗ്ദാനങ്ങളില്‍ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.