Bible

 

ഉല്പത്തി 37

Studie

   

1 യാക്കോബ് തന്റെ പിതാവു പരദേശിയായി പാര്‍ത്ത ദേശമായ കനാന്‍ ദേശത്തു വസിച്ചു.

2 യാക്കോബിന്റെ വംശപാരമ്പര്യം എന്തെന്നാല്‍യോസേഫിന്നു പതിനേഴുവയസ്സായപ്പോള്‍ അവന്‍ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ടു ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബില്‍ഹയുടെയും സില്പയുടെയും പുത്രന്മാരോടുകൂടെ ഇരുന്നു അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞു.

3 യോസേഫ് വാര്‍ദ്ധക്യത്തിലെ മകനാകകൊണ്ടു യിസ്രായേല്‍ എല്ലാമക്കളിലുംവെച്ചു അവനെ അധികം സ്നേഹിച്ചു ഒരു നിലയങ്കി അവന്നു ഉണ്ടാക്കിച്ചുകൊടുത്തു.

4 അപ്പന്‍ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാര്‍ കണ്ടിട്ടു അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.

5 യോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവര്‍ അവനെ പിന്നെയും അധികം പകെച്ചു.

6 അവന്‍ അവരോടു പറഞ്ഞതുഞാന്‍ കണ്ട സ്വപ്നം കേട്ടുകൊള്‍വിന്‍ .

7 നാം വയലില്‍ കറ്റകെട്ടിക്കൊണ്ടിരുന്നു; അപ്പോള്‍ എന്റെ കറ്റ എഴുന്നേറ്റു നിവിര്‍ന്നുനിന്നു; നിങ്ങളുടെ കറ്റകള്‍ ചുറ്റും നിന്നു എന്റെ കറ്റയെ നമസ്കരിച്ചു.

8 അവന്റെ സഹോദരന്മാര്‍ അവനോടുനീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങള്‍ നിമത്തവും അവന്റെ വാക്കുനിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു.

9 അവന്‍ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചുഞാന്‍ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു.

10 അവന്‍ അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോള്‍ അപ്പന്‍ അവനെ ശാസിച്ചു അവനോടുനീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാന്‍ വരുമോ എന്നു പറഞ്ഞു.

11 അവന്റെ സഹോദരന്മാര്‍ക്കും അവനോടു അസൂയ തോന്നി; അപ്പനോ ഈ വാക്കു മനസ്സില്‍ സംഗ്രഹിച്ചു.

12 അവന്റെ സഹോദരന്മാര്‍ അപ്പന്റെ ആടുകളെ മേയ്പാന്‍ ശെഖേമില്‍ പോയിരുന്നു.

13 യിസ്രായേല്‍ യോസേഫിനോടുനിന്റെ സഹോദരന്മാര്‍ ശെഖേമില്‍ ആടുമേയിക്കുന്നുണ്ടല്ലോ; വരിക, ഞാന്‍ നിന്നെ അവരുടെ അടുക്കല്‍ അയക്കും എന്നു പറഞ്ഞതിന്നു അവന്‍ അവനോടുഞാന്‍ പോകാം എന്നു പറഞ്ഞു.

14 അവന്‍ അവനോടുനീ ചെന്നു നിന്റെ സഹോദരന്മാര്‍ക്കും സുഖം തന്നേയോ? ആടുകള്‍ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞു ഹെബ്രോന്‍ താഴ്വരയില്‍ നിന്നു അവനെ അയച്ചു; അവന്‍ ശെഖേമില്‍ എത്തി.

15 അവന്‍ വെളിന്‍ പ്രദേശത്തു ചുറ്റിനടക്കുന്നതു ഒരുത്തന്‍ കണ്ടുനീ എന്തു അന്വേഷിക്കുന്നു എന്നു അവനോടു ചോദിച്ചു.

16 അതിന്നു അവന്‍ ഞാന്‍ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവര്‍ എവിടെ ആടു മേയിക്കുന്നു എന്നു എന്നോടു അറിയിക്കേണമേ എന്നു പറഞ്ഞു.

17 അവര്‍ ഇവിടെ നിന്നു പോയി; നാം ദോഥാനിലേക്കു പോക എന്നു അവര്‍ പറയുന്നതു ഞാന്‍ കേട്ടു എന്നു അവന്‍ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനില്‍വെച്ചു കണ്ടു.

18 അവര്‍ അവനെ ദൂരത്തു നിന്നു കണ്ടിട്ടു അവനെ കൊല്ലേണ്ടതിന്നു അവന്‍ അടുത്തുവരുംമുമ്പെ അവന്നു വിരോധമായി ദുരാലോചന ചെയ്തു

19 അതാ, സ്വപ്നക്കാരന്‍ വരുന്നു; വരുവിന്‍ , നാം അവനെ കൊന്നു ഒരു കുഴിയില്‍ ഇട്ടുകളക;

20 ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങള്‍ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.

21 രൂബേന്‍ അതു കേട്ടിട്ടുനാം അവന്നു ജീവഹാനി വരുത്തരുതു എന്നു പറഞ്ഞു അവനെ അവരുടെ കയ്യില്‍ നിന്നു വിടുവിച്ചു.

22 അവരുടെ കയ്യില്‍ നിന്നു അവനെ വിടുവിച്ചു അപ്പന്റെ അടുക്കല്‍ കൊണ്ടു പോകേണമെന്നു കരുതിക്കൊണ്ടു രൂബേന്‍ അവരോടുരക്തം ചൊരിയിക്കരുതു; നിങ്ങള്‍ അവന്റെമേല്‍ കൈ വെക്കാതെ മരുഭൂമിയിലുള്ള ആ കുഴിയില്‍ അവനെ ഇടുവിന്‍ എന്നു പറഞ്ഞു.

23 യേസേഫ് തന്റെ സഹോദരന്മാരുടെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ ഉടുത്തിരുന്ന നിലയങ്കി അവര്‍ ഊരി, അവനെ എടുത്തു ഒരു കുഴിയില്‍ ഇട്ടു.

24 അതു വെള്ളമില്ലാത്ത പൊട്ടകൂഴി ആയിരുന്നു.

25 അവര്‍ ഭക്ഷണം കഴിപ്പാന്‍ ഇരുന്നപ്പോള്‍ തലപൊക്കി നോക്കി, ഗിലെയാദില്‍നിന്നു സാംപ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു.

26 അപ്പോള്‍ യെഹൂദാ തന്റെ സഹോദരന്മാരോടുനാം നമ്മുടെ സഹോദരനെ കൊന്നു അവന്റെ രക്തം മറെച്ചിട്ടു എന്തു ഉപകാരം?

27 വരുവിന്‍ , നാം അവനെ യിശ്മായേല്യര്‍ക്കും വിലക്കുക; നാം അവന്റെ മേല്‍ കൈ വെക്കരുതു; അവന്‍ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ എന്നു പറഞ്ഞു; അവന്റെ സാഹോദരന്മാര്‍ അതിന്നു സമ്മതിച്ചു.

28 മിദ്യാന്യകച്ചവടക്കാര്‍ കടന്നുപോകുമ്പോള്‍ അവര്‍ യോസേഫിനെ കുഴിയില്‍നിന്നു വലിച്ചു കയറ്റി, യിശ്മായേല്യര്‍ക്കും ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവര്‍ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.

29 രൂബേന്‍ തിരികെ കുഴിയുടെ അടുക്കല്‍ ചെന്നപ്പോള്‍ യോസേഫ് കുഴിയില്‍ ഇല്ല എന്നു കണ്ടു തന്റെ വസ്ത്രം കീറി,

30 സഹോദരന്മാരുടെ അടുക്കല്‍ വന്നുബാലനെ കാണുന്നില്ലല്ലോ; ഞാന്‍ ഇനി എവിടെ പോകേണ്ടു എന്നു പറഞ്ഞു.

31 പിന്നെ അവര്‍ ഒരു കോലാട്ടുകൊറ്റനെ കൊന്നു, യോസേഫിന്റെ അങ്കി എടുത്തു രക്തത്തില്‍ മുക്കി.

32 അവര്‍ നിലയങ്കി തങ്ങളുടെ അപ്പന്റെ അടുക്കല്‍ കൊടുത്തയച്ചുഇതു ഞങ്ങള്‍ക്കു കണ്ടുകിട്ടി; ഇതു നിന്റെ മകന്റെ അങ്കിയോ അല്ലയോ എന്നു നോക്കേണം എന്നു പറഞ്ഞു.

33 അവന്‍ അതു തിരിച്ചറിഞ്ഞുഇതു എന്റെ മകന്റെ അങ്കി തന്നേ; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞുയോസേഫിനെ പറിച്ചുകീറിപ്പോയി എന്നു പറഞ്ഞു.

34 യാക്കോബ് വസ്ത്രം കീറി, അരയില്‍ രട്ടുശീല ചുറ്റി ഏറിയനാള്‍ തന്റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു

35 അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിപ്പാന്‍ വന്നു; അവനോ ആശ്വാസം കൈക്കൊള്‍വാന്‍ മനസ്സില്ലാതെഞാന്‍ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കല്‍ പാതാളത്തില്‍ ഇറങ്ങുമെന്നു പറഞ്ഞു. ഇങ്ങനെ അവന്റെ അപ്പന്‍ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.

36 എന്നാല്‍ മിദ്യാന്യര്‍ അവനെ മിസ്രയീമില്‍ ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടി നായകനായ പോത്തീഫറിന്നു വിറ്റു.

   

Bible

 

ഉല്പത്തി 42

Studie

   

1 മിസ്രയീമില്‍ ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോള്‍ തന്റെ പുത്രന്മാരോടുനിങ്ങള്‍ തമ്മില്‍ തമ്മില്‍ നോക്കിനിലക്കുന്നതു എന്തു?

2 മിസ്രയീമില്‍ ധാന്യം ഉണ്ടെന്നു ഞാന്‍ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു അവിടെ ചെന്നു അവിടെ നിന്നു നമുക്കു ധാന്യം കൊള്ളുവിന്‍ എന്നു പറഞ്ഞു.

3 യോസേഫിന്റെ സഹോദരന്മാര്‍ പത്തുപേര്‍ മിസ്രയീമില്‍ ധാന്യം കൊള്ളുവാന്‍ പോയി.

4 എന്നാല്‍ യോസേഫിന്റെ അനുജനായ ബേന്യാമീന്നു പക്ഷേ വല്ല ആപത്തും ഭവിക്കും എന്നുവെച്ചു യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല.

5 അങ്ങനെ ധാന്യം കൊള്ളുവാന്‍ വന്നവരുടെ ഇടയില്‍ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാന്‍ ദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.

6 യോസേഫ് ദേശത്തിന്നു അധിപതിയായിരുന്നു; അവന്‍ തന്നേ ആയിരുന്നു ദേശത്തിലെ സകല ജനങ്ങള്‍ക്കും ധാന്യം വിറ്റതു; യോസേഫിന്റെ സഹോദരന്മാരും വന്നു അവനെ സാഷ്ടാംഗം നമസ്കരിച്ചു.

7 യോസഫ് തന്റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ചു അവരോടു കഠിനമായി സംസാരിച്ചുനിങ്ങള്‍ എവിടെ നിന്നു വരുന്നു എന്നു അവരോടു ചോദിച്ചതിന്നുആഹാരം കൊള്ളുവാന്‍ കനാന്‍ ദെശത്തു നിന്നു വരുന്നു എന്നു അവര്‍ പറഞ്ഞു.

8 യേസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവര്‍ അവനെ അറിഞ്ഞില്ല.

9 യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങള്‍ ഔര്‍ത്തു അവരോടുനിങ്ങള്‍ ഒറ്റുകാരാകുന്നു; ദേശത്തിന്റെ ദുര്‍ബ്ബലഭാഗം നോക്കുവാന്‍ നിങ്ങള്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.

10 അവര്‍ അവനോടുഅല്ല, യജമാനനേ, അടിയങ്ങള്‍ ആഹാരം കൊള്ളുവാന്‍ വന്നിരിക്കുന്നു;

11 ഞങ്ങള്‍ എല്ലാവരും ഒരാളുടെ മക്കള്‍; ഞങ്ങള്‍ പരമാര്‍ത്ഥികളാകുന്നു; അടിയങ്ങള്‍ ഒറ്റുകാരല്ല എന്നു പറഞ്ഞു.

12 അവന്‍ അവരോടുഅല്ല, നിങ്ങള്‍ ദേശത്തിന്റെ ദുര്‍ബ്ബലഭാഗം നോക്കുവാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.

13 അതിന്നു അവര്‍അടിയങ്ങള്‍ കനാന്‍ ദേശത്തുള്ള ഒരാളുടെ മക്കള്‍; പന്ത്രണ്ടു സഹോദരന്മാര്‍ ആകുന്നു; ഇളയവന്‍ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കല്‍ ഉണ്ടു; ഒരുത്തന്‍ ഇപ്പോള്‍ ഇല്ല എന്നു പറഞ്ഞു.

14 യോസേഫ് അവരോടു പറഞ്ഞതുഞാന്‍ പറഞ്ഞതുപോലെ നിങ്ങള്‍ ഒറ്റുകാര്‍ തന്നേ.

15 ഇതിനാല്‍ ഞാന്‍ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരന്‍ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങള്‍ ഇവിടെനിന്നു പുറപ്പെടുകയില്ല.

16 നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാന്‍ നിങ്ങളില്‍ ഒരുത്തനെ അയപ്പിന്‍ ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങള്‍ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികില്‍; ഫറവോനാണ, നിങ്ങള്‍ ഒറ്റുകാര്‍ തന്നേ.

17 അങ്ങനെ അവന്‍ അവരെ മൂന്നു ദിവസം തടവില്‍ ആക്കി.

18 മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതുഞാന്‍ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്‍വിന്‍

19 നിങ്ങള്‍ പരമാര്‍ത്ഥികള്‍ എങ്കില്‍ നിങ്ങളുടെ ഒരു സഹോദരന്‍ കരാഗൃഹത്തില്‍ കിടക്കട്ടെ; നിങ്ങള്‍ പുറപ്പെട്ടു, നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം കൊണ്ടുപോകുവിന്‍ .

20 എന്നാല്‍ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കല്‍ കൊണ്ടുവരേണം; അതിനാല്‍ നിങ്ങളുടെ വാക്കു നേരെന്നു തെളിയും; നിങ്ങള്‍ മരിക്കേണ്ടിവരികയില്ല; അവര്‍ അങ്ങനെ സമ്മതിച്ചു.

21 ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവന്‍ നമ്മോടു കെഞ്ചിയപ്പോള്‍ നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ടു ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്നു അവര്‍ തമ്മില്‍ പറഞ്ഞു.

22 അതിന്നു രൂബേന്‍ ബാലനോടു ദോഷം ചെയ്യരുതെന്നും ഞാന്‍ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങള്‍ കേട്ടില്ല; ഇപ്പോള്‍ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്നു അവരോടു പറഞ്ഞു.

23 യോസേഫ് അവരോടു സംസാരിച്ചതു ദ്വിഭാഷിമുഖാന്തരം ആയിരുന്നതുകൊണ്ടു അവന്‍ ഇതു ഗ്രഹിച്ചു എന്നു അവര്‍ അറിഞ്ഞില്ല.

24 അവന്‍ അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കല്‍ വന്നു അവരോടു സംസാരിച്ചു അവരുടെ കൂട്ടത്തില്‍ നിന്നു ശിമെയോനെ പിടിച്ചു അവര്‍ കാണ്‍കെ ബന്ധിച്ചു.

25 അവരുടെ ചാക്കില്‍ ധാന്യം നിറെപ്പാനും അവരുടെ ദ്രവ്യം അവനവന്റെ ചാക്കില്‍ തിരികെ വെപ്പാനും വഴിക്കു വേണ്ടിയ ആഹാരം അവര്‍ക്കും കൊടുപ്പാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നേ അവര്‍ക്കും ചെയ്തുകൊടുത്തു.

26 അവര്‍ ധാന്യം കഴുതപ്പുറത്തു കയറ്റി അവിടെനിന്നു പുറപ്പെട്ടു.

27 വഴിയമ്പലത്തില്‍വെച്ചു അവരില്‍ ഒരുത്തന്‍ കഴുതെക്കു തീന്‍ കൊടുപ്പാന്‍ ചാകൂ അഴിച്ചപ്പോള്‍ തന്റെ ദ്രവ്യം ചാക്കിന്റെ വായ്ക്കല്‍ ഇരിക്കുന്നതു കണ്ടു,

28 തന്റെ സഹോദരന്മാരോടുഎന്റെ ദ്രവ്യം എനിക്കു തിരികെ കിട്ടി അതു ഇതാ, എന്റെ ചാക്കില്‍ ഇരിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ അവരുടെ ഉള്ളം തളര്‍ന്നു, അവര്‍ വിറെച്ചുദൈവം നമ്മോടു ഈ ചെയ്തതു എന്തെന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.

29 അവര്‍ കനാന്‍ ദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കല്‍ എത്തിയാറെ, തങ്ങള്‍ക്കു സംഭവിച്ചതു ഒക്കെയും അവനോടു അറിയിച്ചു പറഞ്ഞതു

30 ദേശത്തിലെ അധിപതിയായവന്‍ ഞങ്ങള്‍ ദേശത്തെ ഒറ്റുനോക്കുന്നവര്‍ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു.

31 ഞങ്ങള്‍ അവനോടുഞങ്ങള്‍ പരാമാര്‍ത്ഥികളാകുന്നു, ഞങ്ങള്‍ ഒറ്റുകാരല്ല.

32 ഞങ്ങള്‍ ഒരു അപ്പന്റെ മക്കള്‍; പന്ത്രണ്ടു സഹോരന്മാരാകുന്നു; ഒരുത്തന്‍ ഇപ്പോള്‍ ഇല്ല; ഇളയവന്‍ കനാന്‍ ദേശത്തു ഞങ്ങളുടെ അപ്പന്റെ അടുക്കല്‍ ഉണ്ടു എന്നു പറഞ്ഞു.

33 അതിന്നു ദേശത്തിലെ അധിപതിയായവന്‍ ഞങ്ങളോടു പറഞ്ഞതുനിങ്ങള്‍ പരമാര്‍ത്ഥികള്‍ എന്നു ഞാന്‍ ഇതിനാല്‍ അറിയുംനിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കല്‍ വിട്ടേച്ചു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം വാങ്ങി കൊണ്ടുപോകുവിന്‍ .

34 നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ ; അതിനാല്‍ നിങ്ങള്‍ ഒറ്റുകാരല്ല, പരമാര്‍ത്ഥികള്‍ തന്നേ എന്നു ഞാന്‍ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങള്‍ക്കു ഏല്പിച്ചുതരും; നിങ്ങള്‍ക്കു ദേശത്തു വ്യാപാരവും ചെയ്യാം.

35 പിന്നെ അവര്‍ ചാകൂ ഒഴിക്കുമ്പോള്‍ ഇതാ, ഔരോരുത്തന്റെ ചാക്കില്‍ അവനവന്റെ പണക്കെട്ടു ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ടു കണ്ടാറെ ഭയപ്പെട്ടുപോയി.

36 അവരുടെ അപ്പനായ യാക്കോബ് അവരോടുനിങ്ങള്‍ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോന്‍ ഇല്ല; ബെന്യാമീനെയും നിങ്ങള്‍ കൊണ്ടുപോകും; സകലവും എനിക്കു പ്രതിക്കുലം തന്നേ എന്നു പറഞ്ഞു.

37 അതിന്നു രൂബേന്‍ അപ്പനോടുഎന്റെ കയ്യില്‍ അവനെ ഏല്പിക്ക; ഞാന്‍ അവനെ നിന്റെ അടുക്കല്‍ മടക്കി കൊണ്ടുവരും; ഞാന്‍ അവനെ നിന്റെ അടുക്കല്‍ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു.

38 എന്നാല്‍ അവന്‍ എന്റെ മകന്‍ നിങ്ങളോടുകൂടെ പോരികയില്ല; അവന്റെ ജ്യോഷ്ഠന്‍ മരിച്ചുപോയി, അവന്‍ ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങള്‍ പോകുന്ന വഴിയില്‍ അവന്നു വല്ല ആപത്തും വന്നാല്‍ നിങ്ങള്‍ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറങ്ങുമാറാക്കും എന്നു പറഞ്ഞു.