Bible

 

ശമൂവേൽ 1 22

Studie

   

1 അങ്ങനെ ദാവീദ് അവിടം വിട്ടു അദുല്ലാംഗുഹയിലേക്കു ഔടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതു കേട്ടു അവന്റെ അടുക്കല്‍ ചെന്നു.

2 ഞെരുക്കമുള്ളവര്‍, കടമുള്ളവര്‍, സന്തുഷ്ടിയില്ലാത്തവര്‍ എന്നീവകക്കാര്‍ ഒക്കെയും അവന്റെ അടുക്കല്‍ വന്നുകൂടി; അവന്‍ അവര്‍ക്കും തലവനായിത്തീര്‍ന്നു; അവനോടുകൂടെ ഏകദേശം നാനൂറുപേര്‍ ഉണ്ടായിരുന്നു.

3 അനന്തരം ദാവീദ് അവിടം വിട്ടു മോവാബിലെ മിസ്പയില്‍ ചെന്നു, മോവാബ്രാജാവിനോടുദൈവം എനിക്കു വേണ്ടി എന്തുചെയ്യും എന്നു അറിയുവോളം എന്റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കല്‍ വന്നു പാര്‍പ്പാന്‍ അനുവദിക്കേണമേ എന്നു അപേക്ഷിച്ചു.

4 അവന്‍ അവരെ മോവാബ്രാജാവിന്റെ സന്നിധിയില്‍ കൊണ്ടുചെന്നു; ദാവീദ് ദുര്‍ഗ്ഗത്തില്‍ താമസിച്ച കാലമൊക്കെയും അവര്‍ അവിടെ പാര്‍ത്തു.

5 എന്നാല്‍ ഗാദ്പ്രവാചകന്‍ ദാവീദിനോടുദുര്‍ഗ്ഗത്തില്‍ പാര്‍ക്കാതെ യെഹൂദാദേശത്തേക്കു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു. അപ്പോള്‍ ദാവീദ് പുറപ്പെട്ടു ഹേരെത്ത് കാട്ടില്‍വന്നു.

6 ദാവീദിനെയും കൂടെയുള്ളവരെയും കണ്ടിരിക്കുന്നു എന്നു ശൌല്‍ കേട്ടു; അന്നു ശൌല്‍ കയ്യില്‍ കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷത്തിന്‍ ചുവട്ടില്‍ ഇരിക്കയായിരുന്നു; അവന്റെ ഭൃത്യന്മാര്‍ എല്ലാവരും അവന്റെ ചുറ്റും നിന്നിരുന്നു.

7 ശൌല്‍ ചുറ്റും നിലക്കുന്ന തന്റെ ഭൃത്യന്മാരോടു പറഞ്ഞതുബെന്യാമീന്യരേ, കേട്ടുകൊള്‍വിന്‍ ; യിശ്ശായിയുടെ മകന്‍ നിങ്ങള്‍ക്കൊക്കെയും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്നു നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ?

8 നിങ്ങള്‍ എല്ലാവരും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. എന്റെ മകന്‍ യിശ്ശായിയുടെ മകനോടു സഖ്യത ചെയ്തതു എന്നെ അറിയിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല. എന്റെ മകന്‍ എന്റെ ദാസനെ ഇന്നു എനിക്കായി പതിയിരിപ്പാന്‍ ഉത്സാഹിപ്പിച്ചിരിക്കുന്നതിങ്കല്‍ മനസ്താപമുള്ളവരോ അതിനെക്കുറിച്ചു എനിക്കു അറിവു തരുന്നവരോ നിങ്ങളില്‍ ആരും ഉണ്ടായിരുന്നില്ലല്ലോ.

9 അപ്പോള്‍ ശൌലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തില്‍ നിന്നിരുന്ന എദോമ്യനായ ദോവേഗ്നോബില്‍ അഹീതൂബിന്റെ മകനായ അഹീമേലക്കിന്റെ അടുക്കല്‍ യിശ്ശായിയുടെ മകന്‍ വന്നതു ഞാന്‍ കണ്ടു.

10 അവന്‍ അവന്നുവേണ്ടി യഹോവയോടു അരുളപ്പാടു ചോദിച്ചു, അവന്നു ഭക്ഷണസാധനവും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാളും കൊടുത്തു എന്നു ഉത്തരം പറഞ്ഞു.

11 ഉടനെ രാജാവു അഹീതൂബിന്റെ മകനായ അഹീമേലെക്‍ പുരോഹിതനെയും അവന്റെ പിതൃഭവനക്കാരായ നോബിലെ സകല പുരോഹിതന്മാരെയും വിളിപ്പിച്ചു; അവര്‍ എല്ലാവരും രാജാവിന്റെ അടുക്കല്‍ വന്നു.

12 അപ്പോള്‍ ശൌല്‍അഹീതൂബിന്റെ മകനേ, കേള്‍ക്ക എന്നു കല്പിച്ചു. തിരുമേനീ, അടിയന്‍ എന്നു അവന്‍ ഉത്തരം പറഞ്ഞു.

13 ശൌല്‍ അവനോടുയിശ്ശായിയുടെ മകന്‍ ഇന്നു എനിക്കായി പതിയിരിപ്പാന്‍ തുനിയത്തക്കവണ്ണം അവന്നു അപ്പവും വാളും കൊടുക്കയും അവന്നു വേണ്ടി ദൈവത്തോടു ചോദിക്കയും ചെയ്തതിനാല്‍ നീയും അവനും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയതു എന്തു എന്നു ചോദിച്ചു.

14 അഹീമേലെക്‍ രാജാവിനോടുതിരുമനസ്സിലെ സകലഭൃത്യന്മാരിലും വെച്ചു ദാവീദിനോളം വിശ്വസ്തന്‍ ആരുള്ളു? അവന്‍ രാജാവിന്റെ മരുമകനും അവിടത്തെ ആലോചനയില്‍ ചേരുന്നവനും രാജധാനിയില്‍ മാന്യനും ആകുന്നുവല്ലോ.

15 അവന്നു വേണ്ടി ദൈവത്തോടു ചോദിപ്പാന്‍ ഞാന്‍ ഇപ്പോഴോ തുടങ്ങിയതു? അങ്ങനെയല്ല. രാജാവു അടിയന്റെമേലും അടിയന്റെ പിതൃഭവനത്തിന്മേലും കുറ്റം ഒന്നും ചുമത്തരുതേ; അടിയന്‍ ഇതിലെങ്ങും യാതൊന്നും അറിഞ്ഞവനല്ല എന്നു ഉത്തരം പറഞ്ഞു.

16 അപ്പോള്‍ രാജാവുഅഹീമേലെക്കേ, നീ മരിക്കേണം; നീയും നിന്റെ പിതൃഭവനമൊക്കെയും തന്നെ എന്നു കല്പിച്ചു.

17 പിന്നെ രാജാവു അരികെ നിലക്കുന്ന അകമ്പടികളോടുചെന്നു യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിന്‍ ; അവരും ദാവീദിനോടു ചേര്‍ന്നിരിക്കുന്നു; അവന്‍ ഔടിപ്പോയതു അവര്‍ അറിഞ്ഞിട്ടും എന്നെ അയിറിച്ചില്ലല്ലോ എന്നു കല്പിച്ചു. എന്നാല്‍ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാന്‍ കൈ നീട്ടുന്നതിന്നു രാജാവിന്റെ ഭൃത്യന്മാര്‍ തുനിഞ്ഞില്ല.

18 അപ്പോള്‍ രാജാവു ദോവേഗിനോടുനീ ചെന്നു പുരോഹിതന്മാരെ കൊല്ലുക എന്നു കല്പിച്ചു. എദോമ്യനായ ദോവേഗ് ചെന്നു പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂല്‍കൊണ്ടുള്ള ഏഫോദ് ധരിച്ച എണ്പത്തഞ്ചുപേരെ അന്നു കൊന്നുകളഞ്ഞു.

19 പുരോഹിതനഗരമായ നോബിന്റെ പുരുഷന്മാര്‍, സ്ത്രീകള്‍, ബാലന്മാര്‍, ശിശുക്കള്‍, കാള, കഴുത, ആടു എന്നിങ്ങനെ ആസകലം വാളിന്റെ വായ്ത്തലയാല്‍ അവന്‍ സംഹരിച്ചുകളഞ്ഞു.

20 എന്നാല്‍ അഹീതൂബിന്റെ മകനായ അഹീമേലെക്കിന്റെ പുത്രന്മാരില്‍ അബ്യാഥാര്‍ എന്നൊരുത്തന്‍ തെറ്റിയൊഴിഞ്ഞു ദാവീദിന്റെ അടുക്കല്‍ ഔടിപ്പോയി.

21 ശൌല്‍ യഹോവയുടെ പുരോഹിതന്മാരെ കൊന്ന വിവരം അബ്യാഥാര്‍ ദാവീദിനെ അറിയിച്ചു.

22 ദാവീദ് അബ്യാഥാരിനോടുഎദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ടു അവന്‍ ശൌലിനോടു അറിയിക്കും എന്നു ഞാന്‍ അന്നു തന്നേ നിശ്ചയിച്ചു.

23 നിന്റെ പിതൃഭവനത്തിന്നൊക്കെയും ഞാന്‍ മരണത്തിന്നു കാരണമായല്ലോ. എന്റെ അടുക്കല്‍ പാര്‍ക്ക; ഭയപ്പെടേണ്ടാ; എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നവന്‍ നിനക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു; എങ്കിലും എന്റെ അടുക്കല്‍ നിനക്കു നിര്‍ഭയവാസം ഉണ്ടാകും എന്നു പറഞ്ഞു.

   

Komentář

 

Infant

  

'The infants in the street,' in Jeremiah 9:21, signify truth beginning to grow.

(Odkazy: Arcana Coelestia 655)