ന്യായാധിപന്മാർ 14

Studie

       |

1 അനന്തരം ശിംശോന്‍ തിമ്നയിലേക്കു ചെന്നു തിമ്നയില്‍ ഒരു ഫെലിസ്ത്യകന്യകയെ കണ്ടു.

2 അവന്‍ വന്നു തന്റെ അപ്പനെയും അമ്മയെയും അറിയിച്ചുഞാന്‍ തിമ്നയില്‍ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു.

3 അവന്റെ അപ്പനും അമ്മയും അവനോടുഅഗ്രചര്‍മ്മികളായ ഫെലിസ്ത്യരില്‍നിന്നു നീ ഒരു ഭാര്യയെ എടുപ്പാന്‍ പോകേണ്ടതിന്നു നിന്റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ സകലജനത്തിലും യാതൊരുത്തിയും ഇല്ലയോ എന്നു ചോദിച്ചതിന്നു ശിംശോന്‍ തന്റെ അപ്പനോടുഅവളെ എനിക്കു എടുക്കേണം; അവളെ എനിക്കു ബോധിച്ചിരിക്കുന്നു എന്നു പറഞ്ഞു.

4 ഇതു യഹോവയാല്‍ ഉണ്ടായതു എന്നു അവന്റെ അപ്പനും അമ്മയും അറിഞ്ഞില്ല; അവന്‍ ഫെലിസ്ത്യരുടെ നേരെ അവസരം അന്വേഷിക്കയായിരുന്നു. ആ കാലത്തു ഫെലിസ്ത്യരായിരുന്നു യിസ്രായേലിനെ വാണിരുന്നതു.

5 അങ്ങനെ ശിംശോനും അവന്റെ അപ്പനും അമ്മയും തിമ്നയിലേക്കു പോയി തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളില്‍ എത്തിയപ്പോള്‍ ഒരു ബാലസിംഹം അവന്റെ നേരെ അലറിവന്നു.

6 അപ്പോള്‍ യഹോവയുടെ ആത്മാവു അവന്റെമേല്‍ വന്നു; കയ്യില്‍ ഒന്നും ഇല്ലാതിരിക്കെ അവന്‍ അതിനെ ഒരു ആട്ടിന്‍ കുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താന്‍ ചെയ്തതു അപ്പനോടും അമ്മയോടും പറഞ്ഞില്ല.

7 പിന്നെ അവന്‍ ചെന്നു ആ സ്ത്രീയോടു സംസാരിച്ചു; അവളെ ശീംശോന്നു ബോധിച്ചു.

8 കുറെക്കാലം കഴിഞ്ഞശേഹം അവന്‍ അവളെ വിവാഹം കഴിപ്പാന്‍ തിരികെ പോകയില്‍ സിംഹത്തിന്റെ ഉടല്‍ നോക്കേണ്ടതിന്നു മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിന്നകത്തു ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.

9 അതു അവന്‍ കയ്യില്‍ എടുത്തു തിന്നുംകൊണ്ടു നടന്നു, അപ്പന്റെയും അമ്മയുടെയും അടുക്കല്‍ ചെന്നു അവര്‍ക്കും കൊടുത്തു അവരും തിന്നു; എന്നാല്‍ തേന്‍ ഒരു സിംഹത്തിന്റെ ഉടലില്‍നിന്നു എടുത്തു എന്നു അവന്‍ അവരോടു പറഞ്ഞില്ല.

10 അങ്ങനെ അവന്റെ അപ്പന്‍ ആ സ്ത്രീയുടെ വീട്ടില്‍ ചെന്നു; ശിംശോന്‍ അവിടെ ഒരു വിരുന്നുകഴിച്ചു; യൌവനക്കാര്‍ അങ്ങനെ ചെയ്ക പതിവായിരുന്നു.

11 അവര്‍ അവനെ കണ്ടപ്പോള്‍ അവനോടുകൂടെ ഇരിപ്പാന്‍ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു.

12 ശിംശോന്‍ അവരോടുഞാന്‍ നിങ്ങളോടു ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിന്നകം നിങ്ങള്‍ അതു വീട്ടിയാല്‍ ഞാന്‍ നിങ്ങള്‍ക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം.

13 വീട്ടുവാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കിലോ നിങ്ങള്‍ എനിക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരേണം എന്നു പറഞ്ഞു. അവര്‍ അവനോടുനിന്റെ കടം പറക; ഞങ്ങള്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു.

14 അവന്‍ അവരോടു ഭോക്താവില്‍നിന്നു ഭോജനവും മല്ലനില്‍നിന്നു മധുരവും പുറപ്പെട്ടു എന്നു പറഞ്ഞു. എന്നാല്‍ കടം വീട്ടുവാന്‍ മൂന്നു ദിവസത്തോളം അവര്‍ക്കും കഴിഞ്ഞില്ല.

15 ഏഴാം ദിവസത്തിലോ അവര്‍ ശിംശോന്റെ ഭാര്യയോടുഞങ്ങള്‍ക്കു പറഞ്ഞുതരുവാന്‍ തക്കവണ്ണം നിന്റെ ഭര്‍ത്താവിനെ വശീകരിക്ക; അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെയും നിന്റെ പിതൃഭവനത്തെയും തീവെച്ചു ചുട്ടുകളയും; ഞങ്ങളുടെ വസ്തു കരസ്ഥമാക്കേണ്ടതിന്നോ നിങ്ങള്‍ ഞങ്ങളെ വിളിച്ചതു എന്നു പറഞ്ഞു.

16 ശിംശോന്റെ ഭാര്യ അവന്റെ മുമ്പില്‍ കരഞ്ഞുനീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്റെ അസ്മാദികളോടു ഒരു കടം പറഞ്ഞിട്ടു എനിക്കു അതു പറഞ്ഞുതന്നില്ലല്ലോ എന്നു പറഞ്ഞു. അവന്‍ അവളോടുഎന്റെ അപ്പന്നും അമ്മെക്കും ഞാന്‍ അതു പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ എന്നു പറഞ്ഞു.

17 വിരുന്നിന്റെ ഏഴു ദിവസവും അവള്‍ അവന്റെ മുമ്പില്‍ കരഞ്ഞുകൊണ്ടിരുന്നു; ഏഴാം ദിവസം അവള്‍ അവനെ അസഹ്യപ്പെടുത്തുകകൊണ്ടു അവന്‍ പറഞ്ഞുകൊടുത്തു; അവള്‍ തന്റെ അസ്മാദികള്‍ക്കും കടം പറഞ്ഞുകൊടുത്തു.

18 ഏഴാം ദിവസം സൂര്യന്‍ അസ്തമിക്കുംമുമ്പെ പട്ടണക്കാര്‍ അവനോടുതേനിനെക്കാള്‍ മധുരമുള്ളതു എന്തു? സിംഹത്തെക്കാള്‍ ബലമുള്ളതു എന്തു എന്നു പറഞ്ഞു. അതിന്നു അവന്‍ അവരോടുനിങ്ങള്‍ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കില്‍ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു.

19 പിന്നെ, യഹോവയുടെ ആത്മാവു അവന്റെ മേല്‍ വന്നു; അവന്‍ അസ്കലോനിലേക്കു ചെന്നു മുപ്പതുപേരെ കൊന്നു അവരുടെ ഉടുപ്പൂരി കടംവീട്ടിയവര്‍ക്കും വസ്ത്രംകൊടുത്തു അവന്റെ കോപം ജ്വലിച്ചു; അവന്‍ തന്റെ അപ്പന്റെ വീട്ടില്‍ പോയി.

20 ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴന്നു ഭാര്യയായിയ്തീര്‍ന്നു.