എസ്ഥേർ 4

Studie

  

1 സംഭവിച്ചതൊക്കെയും അറിഞ്ഞപ്പോള്‍ മൊര്‍ദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീര്‍ വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്റെ നടുവില്‍ ചെന്നു കൈപ്പോടെ അത്യുച്ചത്തില്‍ നിലവിളിച്ചു.

2 അവന്‍ രാജാവിന്റെ പടിവാതിലോളവും വന്നുഎന്നാല്‍ രട്ടുടുത്തുംകൊണ്ടു ആര്‍ക്കും രാജാവിന്റെ പടിവാതിലിന്നകത്തു കടന്നുകൂടായിരുന്നു.

3 രാജാവിന്റെ കല്പനയും തീര്‍പ്പും ചെന്ന ഔരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയില്‍ മഹാദുഃഖവും ഉപവാസവും കരച്ചലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്തു വെണീറ്റില്‍ കിടന്നു.

4 എസ്തേരിന്റെ ബാല്യക്കാരത്തികളും ഷണ്ഡന്മാരും വന്നു അതു രാജ്ഞിയെ അറിയിച്ചപ്പോള്‍ അവള്‍ അത്യന്തം വ്യസനിച്ചു മൊര്‍ദ്ദെഖായിയുടെ രട്ടു നീക്കി അവനെ ഉടുപ്പിക്കേണ്ടതിന്നു അവന്നു വസ്ത്രം കൊടുത്തയച്ചു; എന്നാല്‍ അവന്‍ വാങ്ങിയില്ല.

5 അപ്പോള്‍ എസ്ഥേര്‍ തന്റെ ശുശ്രൂഷെക്കു രാജാവു ആക്കിയിരുന്ന ഷണ്ഡന്മാരില്‍ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അതു എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയണ്ടേതിന്നു മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ പോയിവരുവാന്‍ അവന്നു കല്പന കൊടുത്തു.

6 അങ്ങനെ ഹഥാക്ക്‍ രാജാവിന്റെ പടിവാതിലിന്നു മുമ്പില്‍ പട്ടണത്തിന്റെ വിശാലസ്ഥലത്തു മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ ചെന്നു.

7 മൊര്‍ദ്ദെഖായി തനിക്കു സംഭവിച്ചതൊക്കെയും യെഹൂദന്മാരെ നശിപ്പിക്കത്തക്കവണ്ണം ഹാമാന്‍ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത ദ്രവ്യസംഖ്യയും അവനോടു അറിയിച്ചു.

8 അവരെ നശിപ്പിക്കേണ്ടതിന്നു ശൂശനില്‍ പരസ്യമാക്കിയിരുന്ന തീര്‍പ്പിന്റെ പകര്‍പ്പ് അവന്‍ അവന്റെ കയ്യില്‍ കൊടുത്തു ഇതു എസ്ഥേരിനെ കാണിച്ചു വിവരം അറിയിപ്പാനും അവള്‍ രാജസന്നിധിയില്‍ ചെന്നു തന്റെ ജനത്തിന്നു വേണ്ടി അപേക്ഷയും യാചനയും കഴിക്കേണ്ടതിന്നു അവളോടു ആജ്ഞാപിപ്പാനും പറഞ്ഞു.

9 അങ്ങനെ ഹഥാക്ക്‍ ചെന്നു മൊര്‍ദ്ദെഖായിയുടെ വാക്കു എസ്ഥേരിനെ അറിയിച്ചു.

10 എസ്ഥേര്‍ മൊര്‍ദ്ദെഖായിയോടു ചെന്നു പറവാന്‍ ഹഥാക്കിന്നു കല്പന കൊടുത്തതു എന്തെന്നാല്‍

11 യാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കല്‍ അകത്തെ പ്രാകാരത്തില്‍ ചെന്നുവെങ്കില്‍ ജീവനോടിരിക്കത്തക്കവണ്ണം രാജാവു പൊന്‍ ചെങ്കോല്‍ ആയാളുടെ നേരെ നീട്ടാഞ്ഞാല്‍ ആയാളെ കൊല്ലേണമെന്നു ഒരു നിയമം ഉള്ളപ്രകാരം രാജാവിന്റെ സകലഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാല്‍ എന്നെ ഈ മുപ്പതു ദിവസത്തിന്നകത്തു രാജാവിന്റെ അടുക്കല്‍ ചെല്ലുവാന്‍ വിളിച്ചിട്ടില്ല.

12 അവര്‍ എസ്ഥേരിന്റെ വാക്കു മൊര്‍ദ്ദെഖായിയോടു അറിയിച്ചു.

13 മൊര്‍ദ്ദെഖായി എസ്ഥേരിനോടു മറുപടി പറവാന്‍ കല്പിച്ചതുനീ രാജധാനിയില്‍ ഇരിക്കയാല്‍ എല്ലായെഹൂദന്മാരിലുംവെച്ചു രക്ഷപ്പെട്ടുകൊള്ളാമെന്നു നീ വിചാരിക്കേണ്ടാ.

14 നീ ഈ സമയത്തു മിണ്ടാതിരുന്നാല്‍ യെഹൂദന്മാര്‍ക്കും മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാല്‍ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആര്‍ക്കും അറിയാം?

15 അതിന്നു എസ്ഥേര്‍ മൊര്‍ദ്ദെഖായിയോടു മറുപടി പറവാന്‍ കല്പിച്ചതു.

16 നീ ചെന്നു ശൂശനില്‍ ഉള്ള എല്ലായെഹൂദന്മാരെയും ഒന്നിച്ചുകൂട്ടിനിങ്ങള്‍ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കു വേണ്ടി ഉപവസിപ്പിന്‍ ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാന്‍ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കല്‍ ചെല്ലും; ഞാന്‍ നശിക്കുന്നു എങ്കില്‍ നശിക്കട്ടെ.

17 അങ്ങനെ മൊര്‍ദ്ദെഖായി ചെന്നു എസ്ഥേര്‍ കല്പിച്ചതുപോലെ ഒക്കെയും ചെയ്തു.