De Bijbel

 

ഉല്പത്തി 13

Studie

   

1 ഇങ്ങനെ അബ്രാമും ഭാര്യയും അവന്നുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമില്‍നിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു.

2 കന്നുകാലി, വെള്ളി, പൊന്നു ഈ വകയില്‍ അബ്രാം ബഹുസമ്പന്നനായിരുന്നു.

3 അവന്‍ തന്റെ യാത്രയില്‍ തെക്കുനിന്നു ബേഥേല്‍വരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയില്‍ കൂടാരം ഉണ്ടായിരുന്നതും താന്‍ ആദിയില്‍ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു.

4 അവിടെ അബ്രാം യഹോവയുടെ നാമത്തില്‍ ആരാധിച്ചു.

5 അബ്രാമിനോടുകൂടെവന്ന ലോത്തിന്നും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു.

6 അവര്‍ ഒന്നിച്ചുപാര്‍പ്പാന്‍ തക്കവണ്ണം ദേശത്തിന്നു അവരെ വഹിച്ചു കൂടാഞ്ഞു; സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു അവര്‍ക്കും ഒന്നിച്ചുപാര്‍പ്പാന്‍ കഴിഞ്ഞില്ല.

7 അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കമുണ്ടായി; കനാന്യരും പെരിസ്യരും അന്നു ദേശത്തു പാര്‍ത്തിരുന്നു.

8 അതു കൊണ്ടു അബ്രാം ലോത്തിനോടുഎനിക്കും നിനക്കും എന്റെ ഇടയന്മാര്‍ക്കും നിന്റെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.

9 ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കില്‍ ഞാന്‍ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കില്‍ ഞാന്‍ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.

10 അപ്പോള്‍ ലോത്ത് നോക്കി, യോര്‍ദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടംപോലെയും സോവര്‍വരെ മിസ്രയീംദേശംപോലെയും ആയിരുന്നു.

11 ലോത്ത് യോര്‍ദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവര്‍ തമ്മില്‍ പരിഞ്ഞു.

12 അബ്രാം കനാന്‍ ദേശത്തു പാര്‍ത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളില്‍ പാര്‍ത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു.

13 സൊദോംനിവാസികള്‍ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.

14 ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ അബ്രാമിനോടു അരുളിച്ചെയ്തതുതലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.

15 നീ കാണുന്ന ഭൂമി ഒക്കെയും ഞാന്‍ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.

16 ഞാന്‍ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കുംഭൂമിയിലെ പൊടിയെ എണ്ണുവാന്‍ കഴിയുമെങ്കില്‍ നിന്റെ സന്തതിയെയും എണ്ണാം.

17 നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാന്‍ അതു നിനക്കു തരും.

18 അപ്പോള്‍ അബ്രാം കൂടാരം നീക്കി ഹെബ്രോനില്‍ മമ്രേയുടെ തോപ്പില്‍ വന്നു പാര്‍ത്തു; അവിടെ യഹോവേക്കു ഒരു യാഗപീഠം പണിതു.

   

De Bijbel

 

Revelation 11:8

Studie

       

8 And their dead bodies shall lie in the street of the great city, which spiritually is called Sodom and Egypt, where also our Lord was crucified.

De Bijbel

 

Jeremiah 33:21

Studie

       

21 then may also my covenant be broken with David my servant, that he shall not have a son to reign on his throne; and with the Levites the priests, my ministers.