La Bibbia

 

പുറപ്പാടു് 15

Studio

   

1 മോശെയും യിസ്രായേല്‍മക്കളും അന്നു യഹോവേക്കു സങ്കീര്‍ത്തനം പാടി ചൊല്ലിയതു എന്തെന്നാല്‍ഞാന്‍ യഹോവേക്കു പാട്ടുപാടും, അവന്‍ മഹോന്നതന്‍ കുതിരയെയും അതിന്മേല്‍ ഇരുന്നവനെയും അവന്‍ കടലില്‍ തള്ളിയിട്ടിരിക്കുന്നു.

2 എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവന്‍ എനിക്കു രക്ഷയായ്തീര്‍ന്നു. അവന്‍ എന്റെ ദൈവം; ഞാന്‍ അവനെ സ്തുതിക്കും; അവന്‍ എന്റെ പിതാവിന്‍ ദൈവം; ഞാന്‍ അവനെ പുകഴ്ത്തും.

3 യഹോവ യുദ്ധവീരന്‍ ; യഹോവ എന്നു അവന്റെ നാമം.

4 ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവന്‍ കടലില്‍ തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാര്‍ ചെങ്കടലില്‍ മുങ്ങിപ്പോയി.

5 ആഴി അവരെ മൂടി; അവര്‍ കല്ലുപോലെ ആഴത്തില്‍ താണു.

6 യഹോവേ, നിന്റെ വലങ്കൈ ബലത്തില്‍ മഹത്വപ്പെട്ടു; യഹോവേ, നിന്റെ വലങ്കൈ ശത്രുവിനെ തകര്‍ത്തുകളഞ്ഞു.

7 നീ എതിരാളികളെ മഹാപ്രഭാവത്താല്‍ സംഹരിക്കുന്നു; നീ നിന്റെ ക്രോധം അയക്കുന്നു; അതു അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു.

8 നിന്റെ മൂക്കിലെ ശ്വാസത്താല്‍ വെള്ളം കുന്നിച്ചുകൂടി; പ്രവാഹങ്ങള്‍ ചിറപോലെ നിന്നു; ആഴങ്ങള്‍ കടലിന്റെ ഉള്ളില്‍ ഉറെച്ചുപോയി.

9 ഞാന്‍ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആശ അവരാല്‍ പൂര്‍ത്തിയാകും; ഞാന്‍ എന്റെ വാള്‍ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും എന്നു ശത്രു പറഞ്ഞു.

10 നിന്റെ കാറ്റിനെ നീ ഊതിച്ചു, കടല്‍ അവരെ മൂടി; അവര്‍ ഈയംപോലെ പെരുവെള്ളത്തില്‍ താണു.

11 യഹോവേ, ദേവന്മാരില്‍ നിനക്കു തുല്യന്‍ ആര്‍? വിശുദ്ധിയില്‍ മഹിമയുള്ളവനേ, സ്തുതികളില്‍ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനേ, നിനക്കു തുല്യന്‍ ആര്‍?

12 നീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി.

13 നീ വീണ്ടെടുത്ത ജനത്തെ ദയയാല്‍ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താല്‍ അവരെ കൊണ്ടുവന്നു.

14 ജാതികള്‍ കേട്ടു നടങ്ങുന്നു. ഫെലിസ്ത്യനിവാസികള്‍ക്കു ഭീതിപിടിച്ചിരിക്കുന്നു.

15 എദോമ്യപ്രഭുക്കന്മാര്‍ ഭ്രമിച്ചു; മോവാബ്യമുമ്പന്മാര്‍ക്കും കമ്പം പിടിച്ചു; കനാന്യ നിവാസികളെല്ലാം ഉരുകിപ്പോകുന്നു.

16 ഭയവും ഭീതിയും അവരുടെമേല്‍ വീണു, നിന്‍ ഭുജമാഹാത്മ്യത്താല്‍ അവര്‍ കല്ലുപോലെ ആയി; അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നു പോയി.

17 നീ അവരെ കൊണ്ടുചെന്നു തിരുനിവാസത്തിന്നൊരുക്കിയ സ്ഥാനത്തു, യഹോവേ, നിന്നവകാശപര്‍വ്വതത്തില്‍ നീ അവരെ നട്ടു, കര്‍ത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കല്‍ തന്നേ.

18 യഹോവ എന്നും എന്നേക്കും രാജാവായി വാഴും.

19 എന്നാല്‍ ഫറവോന്റെ കുതിര അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവില്‍ ഇറങ്ങിച്ചെന്നപ്പോള്‍ യഹോവ കടലിലെ വെള്ളം അവരുടെ മേല്‍ മടക്കി വരുത്തി; യിസ്രായേല്‍മക്കളോ കടലിന്റെ നടുവില്‍ ഉണങ്ങിയ നിലത്തുകൂടി കടന്നു പോന്നു.

20 അഹരോന്റെ സഹോദരി മിര്‍യ്യാം എന്ന പ്രവാചകി കയ്യില്‍ തപ്പു എടുത്തു, സ്ത്രീകള്‍ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.

21 മിര്‍യ്യാം അവരോടും പ്രതിഗാനമായി ചൊല്ലിയതുയഹോവേക്കു പാട്ടുപാടുവിന്‍ , അവന്‍ മഹോന്നതന്‍ കുതിരയെയും അതിന്മേല്‍ ഇരുന്നവനെയും അവന്‍ കടലില്‍ തള്ളിയിട്ടിരിക്കുന്നു.

22 അനന്തരം മോശെ യിസ്രായേലിനെ ചെങ്കടലില്‍നിന്നു പ്രയാണം ചെയ്യിച്ചു; അവര്‍ ശൂര്‍മരുഭൂമിയില്‍ ചെന്നു, മൂന്നു ദിവസം മരുഭൂമിയില്‍ വെള്ളം കിട്ടാതെ സഞ്ചരിച്ചു.

23 മാറയില്‍ എത്തിയാറെ, മാറയിലെ വെള്ളം കുടിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല; അതു കൈപ്പുള്ളതായിരുന്നു. അതുകൊണ്ടു അതിന്നു മാറാ എന്നു പേരിട്ടു.

24 അപ്പോള്‍ ജനംഞങ്ങള്‍ എന്തു കുടിക്കും എന്നു പറഞ്ഞു മോശെയുടെ നേരെ പിറുപിറുത്തു.

25 അവന്‍ യഹോവയോടു അപേക്ഷിച്ചു; യഹോവ അവന്നു ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവന്‍ അതു വെള്ളത്തില്‍ ഇട്ടപ്പോള്‍ വെള്ളം മധുരമായി തീര്‍ന്നു. അവിടെവെച്ചു അവന്‍ അവര്‍ക്കും ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവെച്ചു അവന്‍ അവരെ പരീക്ഷിച്ചു

26 നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു അവന്നു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ചു അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താല്‍ ഞാന്‍ മിസ്രയീമ്യര്‍ക്കും വരുത്തിയ വ്യാധികളില്‍ ഒന്നും നിനക്കു വരുത്തുകയില്ല; ഞാന്‍ നിന്നെ സൌഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളിച്ചെയ്തു.

27 പിന്നെ അവര്‍ ഏലീമില്‍ എത്തി; അവിടെ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നു; അവര്‍ അവിടെ വെള്ളത്തിന്നരികെ പാളയമിറങ്ങി.

   

La Bibbia

 

സങ്കീർത്തനങ്ങൾ 18

Studio

   

1 എന്റെ ബലമായ യഹോവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു.

2 യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാന്‍ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.

3 സ്തൂത്യനായ യഹോവയെ ഞാന്‍ വിളിച്ചപേക്ഷിക്കയും എന്റെ ശത്രുക്കളുടെ കയ്യില്‍നിന്നു രക്ഷപ്രാപിക്കയും ചെയ്യും.

4 മരണപാശങ്ങള്‍ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങള്‍ എന്നെ ഭ്രമിപ്പിച്ചു.

5 പാതാളപാശങ്ങള്‍ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടര്‍ന്നു പിടിച്ചു.

6 എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവന്‍ തന്റെ മന്ദിരത്തില്‍നിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പില്‍ ഞാന്‍ കഴിച്ച പ്രാര്‍ത്ഥന അവന്റെ ചെവിയില്‍ എത്തി.

7 ഭൂമി ഞെട്ടിവിറെച്ചു; മലകളുടെ അടിസ്ഥാനങ്ങള്‍ ഇളകി; അവന്‍ കോപിക്കയാല്‍ അവകുലുങ്ങിപ്പോയി.

8 അവന്റെ മൂക്കില്‍നിന്നു പുക പൊങ്ങി; അവന്റെ വായില്‍നിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു. തീക്കനല്‍ അവങ്കല്‍നിന്നു ജ്വലിച്ചു.

9 അവന്‍ ആകാശം ചായിച്ചിറങ്ങി; കൂരിരുള്‍ അവന്റെ കാല്‍ക്കീഴുണ്ടായിരുന്നു.

10 അവന്‍ കെരൂബിനെ വാഹനമാക്കി പറന്നു; അവന്‍ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു.

11 അവന്‍ അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.

12 അവന്റെ മുമ്പിലുള്ള പ്രകാശത്താല്‍ ആലിപ്പഴവും തീക്കനലും അവന്റെ മേഘങ്ങളില്‍കൂടി പൊഴിഞ്ഞു.

13 യഹോവ ആകാശത്തില്‍ ഇടി മുഴക്കി, അത്യുന്നതന്‍ തന്റെ നാദം കേള്‍പ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.

14 അവന്‍ അസ്ത്രം എയ്തു അവരെ ചിതറിച്ചു; മിന്നല്‍ അയച്ചു അവരെ തോല്പിച്ചു.

15 യഹോവേ, നിന്റെ ഭര്‍ത്സനത്താലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും നീര്‍ത്തോടുകള്‍ കാണായ്‍വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങള്‍ വെളിപ്പെട്ടു.

16 അവന്‍ ഉയരത്തില്‍നിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തില്‍നിന്നു എന്നെ വലിച്ചെടുത്തു

17 ബലമുള്ള ശത്രുവിന്റെ കയ്യില്‍നിന്നും എന്നെ പകെച്ചവരുടെ പക്കല്‍നിന്നും അവന്‍ എന്നെ വിടുവിച്ചു; അവര്‍ എന്നിലും ബലമേറിയവരായിരുന്നു.

18 എന്റെ അനര്‍ത്ഥദിവസത്തില്‍ അവര്‍ എന്നെ ആക്രമിച്ചു; എന്നാല്‍ യഹോവ എനിക്കു തുണയായിരുന്നു.

19 അവന്‍ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നില്‍ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.

20 യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.

21 ഞാന്‍ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.

22 അവന്റെ വിധികള്‍ ഒക്കെയും എന്റെ മുമ്പില്‍ ഉണ്ടു; അവന്റെ ചട്ടങ്ങളെ ഞാന്‍ വിട്ടുനടന്നിട്ടുമില്ല.

23 ഞാന്‍ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു.

24 യഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയില്‍ എന്റെ കൈകള്‍ക്കുള്ള വെടിപ്പിന്‍ പ്രകാരവും എനിക്കു പകരം നല്കി.

25 ദയാലുവോടു നീ ദയാലു ആകുന്നു; നഷ്കളങ്കനോടു നീ നിഷ്കളങ്കന്‍ ;

26 നിര്‍മ്മലനോടു നീ നിര്‍മ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.

27 എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.

28 നീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.

29 നിന്നാല്‍ ഞാന്‍ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താല്‍ ഞാന്‍ മതില്‍ ചാടിക്കടക്കും.

30 ദൈവത്തിന്റെ വഴി തികവുള്ളതു; യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവര്‍ക്കും അവന്‍ പരിചയാകുന്നു.

31 യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?

32 എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീര്‍ക്കുംകയും ചെയ്യുന്ന ദൈവം തന്നേ.

33 അവന്‍ എന്റെ കാലുകളെ മാന്‍ പേടക്കാലക്കു തുല്യമാക്കി, എന്റെ ഗിരികളില്‍ എന്നെ നിലക്കുമാറാക്കുന്നു.

34 അവന്‍ എന്റെ കൈകള്‍ക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങള്‍ താമ്രചാപം കുലെക്കുന്നു.

35 നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.

36 ഞാന്‍ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്റെ നരിയാണികള്‍ വഴുതിപ്പോയതുമില്ല.

37 ഞാന്‍ എന്റെ ശത്രുക്കളെ പിന്തുടര്‍ന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാന്‍ പിന്തിരിഞ്ഞില്ല.

38 അവര്‍ക്കും എഴുന്നേറ്റുകൂടാതവണ്ണം ഞാന്‍ അവരെ തകര്‍ത്തു; അവര്‍ എന്റെ കാല്‍കീഴില്‍ വീണിരിക്കുന്നു.

39 യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിര്‍ത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.

40 എന്നെ പകെക്കുന്നവരെ ഞാന്‍ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.

41 അവര്‍ നിലവിളിച്ചു; രക്ഷിപ്പാന്‍ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവന്‍ ഉത്തരമരുളിയതുമില്ല.

42 ഞാന്‍ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാന്‍ അവരെ കോരിക്കളഞ്ഞു.

43 ജനത്തിന്റെ കലഹങ്ങളില്‍നിന്നു നീ എന്നെ വിടുവിച്ചു; ജാതികള്‍ക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാന്‍ അറിയാത്ത ജനം എന്നെ സേവിക്കുന്നു.

44 അവര്‍ കേള്‍ക്കുമ്പോള്‍ തന്നേ എന്നെ അനുസരിക്കും; അന്യജാതിക്കാര്‍ എന്നോടു അനുസരണഭാവം കാണിക്കും.

45 അന്യജാതിക്കാര്‍ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുര്‍ഗ്ഗങ്ങളില്‍നിന്നു അവര്‍ വിറെച്ചും കൊണ്ടു വരുന്നു.

46 യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവന്‍ ; എന്റെ രക്ഷയുടെ ദൈവം ഉന്നതന്‍ തന്നേ.

47 ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.

48 അവന്‍ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിര്‍ക്കുംന്നവര്‍ക്കും മീതെ നീ എന്നെ ഉയര്‍ത്തുന്നു; സാഹസക്കാരന്റെ കയ്യില്‍ നിന്നു നീ എന്നെ വിടുവിക്കുന്നു.

49 അതുകൊണ്ടു യഹോവേ, ഞാന്‍ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാന്‍ കീര്‍ത്തിക്കും.

50 അവന്‍ തന്റെ രാജാവിന്നു മഹാരക്ഷ നലകുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നേക്കും തന്നേ.