സങ്കീർത്തനങ്ങൾ第1章

学习

   

1 ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയില്‍ നില്‍ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തില്‍ ഇരിക്കാതെയും

2 യഹോവയുടെ ന്യായപ്രമാണത്തില്‍ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍ .

3 അവന്‍, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവന്‍ ചെയ്യുന്നതൊക്കെയും സാധിക്കും.

4 ദുഷ്ടന്മാര്‍ അങ്ങനെയല്ല; അവര്‍ കാറ്റു പാറ്റുന്ന പതിര്‍പോലെയത്രേ.

5 ആകയാല്‍ ദുഷ്ടന്മാര്‍ ന്യായവിസ്താരത്തിലും പാപികള്‍ നീതിമാന്മാരുടെ സഭയിലും നിവര്‍ന്നു നില്‍ക്കുകയില്ല.

6 യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.