യോശുവ第8章

Malayalam Bible

研究内在含义

← യോശുവ第7章   യോശുവ第9章 →

1 അനന്തരം യഹോവ യോശുവയോടു അരുളിച്ചെയ്തതുഭയപ്പെടരുതു, വിഷാദിക്കയും അരുതു; പടജ്ജനത്തെയൊക്കെയും കൂട്ടിപുറപ്പെട്ടു ഹായിയിലേക്കു ചെല്ലുക; ഞാന്‍ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കയ്യില്‍ തന്നിരിക്കുന്നു.

2 യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണംഎന്നാല്‍ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങള്‍ക്കു എടുത്തു കൊള്ളാം. പട്ടണത്തിന്റെ പിന്‍ ഭാഗത്തു പതിയിരിപ്പു ആക്കേണം.

3 അങ്ങനെ യോശുവയും പടജ്ജനമൊക്കെയും ഹായിയിലേക്കു പോകുവാന്‍ പുറപ്പെട്ടുപരാക്രമശാലികളായ മുപ്പതിനായിരംപേരെ യോശുവ തിരഞ്ഞെടുത്തു രാത്രിയില്‍ അയച്ചു,

4 അവരോടു കല്പിച്ചതു എന്തെന്നാല്‍നിങ്ങള്‍ പട്ടണത്തിന്റെ പിന്‍ ഭാഗത്തു പതിയിരിക്കേണം; പട്ടണത്തോടു ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പിന്‍ .

5 ഞാനും എന്നോടുകൂടെയുള്ള സകലജനവും പട്ടണത്തോടു അടുക്കും; അവര്‍ മുമ്പിലത്തെപ്പോലെ ഞങ്ങളുടെ നേരെ പുറപ്പെട്ടുവരുമ്പോള്‍ ഞങ്ങള്‍ അവരുടെ മുമ്പില്‍നിന്നു ഔടും.

6 അവര്‍ ഞങ്ങളെ പിന്തുടര്‍ന്നു പട്ടണം വിട്ടു പുറത്താകും. അവര്‍ മുമ്പെപ്പോലെ നമ്മുടെ മുമ്പില്‍നിന്നു ഔടിപ്പോകുന്നു എന്നു അവര്‍ പറയും; അങ്ങനെ ഞങ്ങള്‍ അവരുടെ മുമ്പില്‍നിന്നു ഔടും.

7 ഉടനെ നിങ്ങള്‍ പതിയിരിപ്പില്‍നിന്നു എഴുന്നേറ്റു പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അതു നിങ്ങളുടെ കയ്യില്‍ ഏല്പിക്കും.

8 പട്ടണം പിടിച്ചശേഷം നിങ്ങള്‍ അതിന്നു തീ വെക്കേണം; യഹോവയുടെ കല്പനപ്രകാരം നിങ്ങള്‍ ചെയ്യേണം; സൂക്ഷിച്ചുകൊള്‍വിന്‍ ; ഞാന്‍ നിങ്ങളോടു കല്പിച്ചിരിക്കുന്നു.

9 അങ്ങനെ യോശുവ അവരെ അയച്ചു അവര്‍ പതിയിരിപ്പിന്നു ചെന്നു ബേഥേലിന്നും ഹായിക്കും മദ്ധ്യേ ഹായിക്കു പടിഞ്ഞാറു അമര്‍ന്നു, യോശുവയോ ആ രാത്രി ജനത്തിന്റെ ഇടയില്‍ താമസിച്ചു.

10 യോശുവ അതികാലത്തു എഴുന്നേറ്റു ജനത്തെ പരിശോധിച്ചു. അവനും യിസ്രായേല്‍ മൂപ്പന്മാരും ജനത്തിന്നു മുമ്പായി ഹായിക്കു ചെന്നു.

11 അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനമൊക്കെയും പുറപ്പെട്ടു അടുത്തുചെന്നു പട്ടണത്തിന്നു മുമ്പില്‍ എത്തി ഹായിക്കു വടക്കു പാളയമിറങ്ങി; അവര്‍ക്കും ഹായിക്കും മദ്ധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.

12 അവന്‍ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്തു ബേഥേലിന്നും ഹായിക്കും മദ്ധ്യേ പട്ടണത്തിന്നു പടിഞ്ഞാറു പതിയിരുത്തി.

13 അവര്‍ പട്ടണത്തിന്നു വടക്കു പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിന്നു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്വരയുടെ നടുവിലേക്കു പോയി.

14 ഹായിരാജാവു അതു കണ്ടപ്പോള്‍ അവനും നഗരവാസികളായ അവന്റെ ജനമൊക്കെയും ബദ്ധപ്പെട്ടു എഴുന്നേറ്റു നിശ്ചയിച്ചിരുന്ന സമയത്തു സമഭൂമിക്കു മുമ്പില്‍ യിസ്രായേലിന്റെ നേരെ പടെക്കു പുറപ്പെട്ടു. പട്ടണത്തിന്റെ പിന്‍ വശത്തു തനിക്കു വിരോധമായി പതിയിരിപ്പു ഉണ്ടു എന്നു അവന്‍ അറിഞ്ഞില്ല.

15 യോശുവയും എല്ലായിസ്രായേലും അവരോടു തോറ്റ ഭാവത്തില്‍ മരുഭൂമിവഴിയായി ഔടി.

16 അവരെ പിന്തുടരേണ്ടതിന്നു പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവര്‍ യോശുവയെ പിന്തുടര്‍ന്നു പട്ടണം വിട്ടു പുറത്തായി.

17 ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവര്‍ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടര്‍ന്നു.

18 അപ്പോള്‍ യഹോവ യോശുവയോടുനിന്റെ കയ്യിലുള്ള കുന്തം ഹായിക്കുനേരെ ഏന്തുക; ഞാന്‍ അതു നിന്റെ കയ്യില്‍ ഏല്പിക്കും എന്നു അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ ഏന്തി.

19 അവന്‍ കൈ നീട്ടിയ ഉടനെ പിതയിരിപ്പുകാര്‍ തങ്ങളുടെ സ്ഥലത്തു നിന്നു എഴുന്നേറ്റു ഔടി പട്ടണത്തില്‍ കയറി അതു പിടിച്ചു ക്ഷണത്തില്‍ പട്ടണത്തിന്നു തീവെച്ചു.

20 ഹായിപട്ടണക്കാര്‍ പുറകോട്ടു നോക്കിയപ്പോള്‍ പട്ടണത്തിലെ പുക ആകാശത്തേക്കു പൊങ്ങുന്നതുകണ്ടു; അവര്‍ക്കും ഇങ്ങോട്ടോ അങ്ങോട്ടോ ഔടുവാന്‍ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഔടിയ ജനവും തങ്ങളെ പിന്തുടരുന്നവരുടെ നേരെ തിരിഞ്ഞു.

21 പതിയിരിപ്പുകാര്‍ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ടു പൊങ്ങുന്നു എന്നു യോശുവയും എല്ലായിസ്രായേലും കണ്ടപ്പോള്‍ മടങ്ങിവന്നു പട്ടണക്കാരെ വെട്ടി.

22 മറ്റവരും പട്ടണത്തില്‍നിന്നു അവരുടെ നേരെ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേല്‍ ഇപ്പുറത്തും അപ്പുറത്തും അവര്‍ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ വെട്ടിക്കളഞ്ഞു.

23 ഹായിരാജാവിനെ അവര്‍ ജീവനോടെ പിടിച്ചു യോശുവയുടെ അടുക്കല്‍ കൊണ്ടുവന്നു.

24 യിസ്രായേല്‍ തങ്ങളെ പിന്‍ തുടര്‍ന്ന ഹായിപട്ടണക്കാരെ ഒക്കെയും വെളിന്‍ പ്രദേശത്തു മരുഭൂമിയില്‍വെച്ചു കൊന്നുതീര്‍ക്കയും അവര്‍ ഒട്ടൊഴിയാതെ എല്ലാവരും വാളിന്റെ വായ്ത്തലയാല്‍ വീണൊടുങ്ങുകയും ചെയ്തശേഷം യിസ്രായേല്യര്‍ ഒക്കെയും ഹായിയിലേക്കു മടങ്ങിച്ചെന്നു വാളിന്റെ വായ്ത്തലയാല്‍ അതിനെ സംഹരിച്ചു.

25 അന്നു പുരുഷന്മാരും സ്ത്രീകളുമായി വീണൊടുങ്ങിയവര്‍ ആകെ പന്തീരായിരം പേര്‍; ഹായിപട്ടണക്കാര്‍ എല്ലാവരും തന്നേ.

26 ഹായിപട്ടണക്കാരെ ഒക്കെയും നിര്‍മ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിന്‍ വലിച്ചില്ല.

27 യഹോവ യോശുവയോടു കല്പിച്ച വചനപ്രകാരം യിസ്രായേല്യര്‍ പട്ടണത്തിലെ കന്നുകാലികളെയും കൊള്ളയെയും തങ്ങള്‍ക്കായിട്ടു തന്നേ എടുത്തു.

28 പിന്നെ യോശുവ ഹായിപട്ടണം ചുട്ടു സദാകാലത്തേക്കും ഒരു മണ്‍ക്കുന്നും ശൂന്യഭൂമിയുമാക്കിത്തീര്‍ത്തു; അതു ഇന്നുവരെയും അങ്ങിനെ കിടക്കുന്നു.

29 ഹായിരാജാവിനെ അവന്‍ സന്ധ്യവരെ ഒരു മരത്തില്‍ തൂക്കി; സൂര്യന്‍ അസ്തമിച്ചപ്പോള്‍ യോശുവയുടെ കല്പനപ്രകാരം ശവം മരത്തില്‍നിന്നു ഇറക്കി പട്ടണവാതില്‍ക്കല്‍ ഇടുകയും അതിന്മേല്‍ ഇന്നുവരെ നിലക്കുന്ന ഒരു വലിയ കല്‍ക്കുന്നു കൂട്ടുകയും ചെയ്തു.

30 അനന്തരം യോശുവ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു ഏബാല്‍പര്‍വ്വതത്തില്‍ ഒരു യാഗപീഠം പണിതു.

31 യഹോവയുടെ ദാസനായ മോശെ യിസ്രായേല്‍മക്കളോടു കല്പിച്ചതുപോലെയും മോശെയുടെ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെയും ചെത്തുകയോ ഇരിമ്പു തൊടുവിക്കയോ ചെയ്യാത്ത കല്ലുകൊണ്ടുള്ള ഒരു യാഗപീഠം തന്നേ. അവര്‍ അതിന്മേല്‍ യഹോവേക്കു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.

32 മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകര്‍പ്പു അവന്‍ അവിടെ യിസ്രായേല്‍മക്കള്‍ കാണ്‍കെ ആ കല്ലുകളില്‍ എഴുതി.

33 എല്ലായിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരു പോലെ പെട്ടകത്തിന്നു ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരില്‍ പാതിപേര്‍ ഗെരിസീംപര്‍വ്വതത്തിന്റെ വശത്തും പാതിപേര്‍ ഏബാല്‍പര്‍വ്വതത്തിന്റെ വശത്തും നിന്നു; അവര്‍ യിസ്രായേല്‍ജനത്തെ അനുഗ്രഹിക്കേണമെന്നു യഹോവയുടെ ദാസനായ മോശെ മുമ്പെ കല്പിച്ചിരുന്നതുപോലെ തന്നേ.

34 അതിന്റെ ശേഷം അവര്‍ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയരിക്കുന്നതുപോലെ ഒക്കെയും അനുഗ്രഹവും ശാപവുമായ ന്യായപ്രമാണവചനങ്ങളെല്ലാം വായിച്ചു.

35 മോശെ കല്പിച്ച സകലത്തിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യിസ്രായേല്‍സഭ മുഴുവനും അവരോടു കൂടെ വന്നിരുന്ന പരദേശികളും കേള്‍ക്കെ യോശുവ മോശെ കല്പിച്ച സകലത്തിലും യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.

← യോശുവ第7章   യോശുവ第9章 →
研究内在含义

本章评论:

故事:

从斯威登堡的著作的解释和参考:

Arcana Coelestia 796, 878, 1298, 1453, 2799, 5156, 6752 ...

Apocalypse Revealed 457, 662

Show Unpublished Work(s)

Bible Studies:

Not Killing

Commentary (pdf)

Bible Study Notes Volume 2


翻译:
分享: