യോശുവ第10章

Malayalam Bible

研究内在含义

← യോശുവ第9章   യോശുവ第11章 →

1 യോശുവ ഹായിപട്ടണം പിടിച്ചു നിര്‍മ്മൂലമാക്കി എന്നും അവന്‍ യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും ഗിബെയോന്‍ നിവാസികള്‍ യിസ്രായേലിനോടു സഖ്യത ചെയ്തു അവരുടെ കൂട്ടത്തിലായി എന്നും യെരൂശലേംരാജാവായ അദോനീ-സേദെക്‍ കേട്ടപ്പോള്‍

2 ഗിബെയോന്‍ രാജനഗരങ്ങളില്‍ ഒന്നുപോലെ വലിയോരു പട്ടണവും ഹായിയെക്കാള്‍ വലിയതും അവിടത്തെ പുരുഷന്മാര്‍ എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ടു അവര്‍ ഏറ്റവും ഭയപ്പെട്ടു.

3 ആകയാല്‍ യെരൂശലേംരാജാവായ അദോനീ-സേദെക്‍ ഹെബ്രോന്‍ രാജാവായ ഹോഹാമിന്റെയും യര്‍മ്മൂത്ത്രാജാവായ പിരാമിന്റെയും ലാഖീശ്രാജാവായ യാഹീയയുടെയും എഗ്ളോന്‍ രാജാവായ ദെബീരിന്റെയും അടുക്കല്‍ ആളയച്ചു

4 ഗിബെയോന്‍ യോശുവയോടും യിസ്രായേല്‍മക്കളോടും സഖ്യതചെയ്കകൊണ്ടു നാം അതിനെ നശിപ്പിക്കേണ്ടതിന്നു എന്നെ സഹായിപ്പിന്‍ എന്നു പറയിച്ചു.

5 ഇങ്ങനെ യെരൂശലേംരാജാവു, ഹെബ്രോന്‍ രാജാവു, യര്‍മ്മൂത്ത് രാജാവു, ലാഖീശ്രാജാവു, എഗ്ളോന്‍ രാജാവു എന്നീ അഞ്ചു അമോര്‍യ്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളൊക്കെയും ചെന്നു ഗിബെയോന്നുനേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.

6 അപ്പോള്‍ ഗിബെയോന്യര്‍ ഗില്ഗാലില്‍ പാളയത്തിലേക്കു യോശുവയുടെ അടുക്കല്‍ ആളയച്ചുഅടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കല്‍ വന്നു ഞങ്ങളെ സഹായിച്ചു രക്ഷിക്കേണമേ; പര്‍വ്വതങ്ങളില്‍ പാര്‍ക്കുംന്ന അമോര്‍യ്യരാജാക്കന്മാര്‍ ഒക്കെയും ഞങ്ങള്‍ക്കു വിരോധമായിട്ടു ഒന്നിച്ചു കൂടിയിരിക്കുന്നു എന്നു പറയിച്ചു.

7 എന്നാറെ യോശുവയും പടജ്ജനം ഒക്കെയും സകലപരാക്രമശാലികളും ഗില്ഗാലില്‍നിന്നു പറപ്പെട്ടു.

8 യഹോവ യോശുവയോടുഅവരെ ഭയപ്പെടരുതു; ഞാന്‍ അവരെ നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; അവരില്‍ ഒരുത്തനും നിന്റെ മുമ്പില്‍ നില്‍ക്കയില്ല എന്നു അരുളിച്ചെയ്തു.

9 യോശുവ ഗില്ഗാലില്‍നിന്നു പുറപ്പെട്ടു രാത്രി മുഴുവനും നടന്നു പെട്ടെന്നു അവരെ എതിര്‍ത്തു.

10 യഹോവ അവരെ യിസ്രായേലിന്റെ മുമ്പില്‍ കുഴക്കി ഗിബെയോനില്‍വെച്ചു അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഔടിച്ചു അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി.

11 അങ്ങനെ അവര്‍ യിസ്രായേലിന്റെ മുമ്പില്‍നിന്നു ഔടി; ബേത്ത്-ഹോരോന്‍ ഇറക്കത്തില്‍വെച്ചു അസേക്കവരെ യഹോവ ആകാശത്തില്‍നിന്നു വലിയ കല്ലു അവരുടെ മേല്‍ പെയ്യിച്ചു അവരെ കൊന്നു. യിസ്രായേല്‍മക്കള്‍ വാള്‍കൊണ്ടു കൊന്നവരെക്കാള്‍ കല്മഴയാല്‍ മരിച്ചുപോയവര്‍ അധികം ആയിരുന്നു.

12 എന്നാല്‍ യഹോവ അമോര്‍യ്യരെ യിസ്രായേല്‍മക്കളുടെ കയ്യില്‍ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു, യിസ്രായേല്‍മക്കള്‍ കേള്‍ക്കെസൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോന്‍ താഴ്വരയിലും നില്‍ക്ക എന്നു പറഞ്ഞു.

13 ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യന്‍ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തില്‍ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യന്‍ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവന്‍ അസ്തമിക്കാതെ നിന്നു.

14 യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിന്നു മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നേയായിരുന്നു യിസ്രായേലിന്നുവേണ്ടി യുദ്ധംചെയ്തതു.

15 അനന്തരം യോശുവയും യിസ്രായേലൊക്കെയും ഗില്ഗാലില്‍ പാളയത്തിലേക്കു മടങ്ങിവന്നു.

16 എന്നാല്‍ ആ രാജാക്കന്മാര്‍ ഐവരും ഔടി മക്കേദയിലെ ഗുഹയില്‍ ചെന്നു ഒളിച്ചു.

17 രാജാക്കന്മാര്‍ ഐവരും മക്കേദയിലെ ഗുഹയില്‍ ഒളിച്ചിരിക്കുന്നതായി കണ്ടു എന്നു യോശുവേക്കു അറിവുകിട്ടി.

18 എന്നാറെ യോശുവഗുഹയുടെ ദ്വാരത്തിങ്കല്‍ വലിയ കല്ലുകള്‍ ഉരുട്ടിവെച്ചു അവരെ കാക്കേണ്ടതിന്നു അവിടെ ആളെയാക്കുവിന്‍ ;

19 നിങ്ങളോ നില്‍ക്കാതെ ശത്രുക്കളെ പിന്തുടര്‍ന്നു അവരുടെ പിന്‍ പടയെ സംഹരിപ്പിന്‍ ; പട്ടണങ്ങളില്‍ കടപ്പാന്‍ അവരെ സമ്മതിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

20 അങ്ങനെ അവര്‍ ഒടുങ്ങുംവരെ യോശുവയും യിസ്രായേല്‍മക്കളും അവരില്‍ ഒരു മഹാസംഹാരം നടത്തിക്കഴിഞ്ഞപ്പോള്‍ ശേഷിച്ചവര്‍ ഉറപ്പുള്ള പട്ടണങ്ങളില്‍ ശരണം പ്രാപിച്ചു.

21 ജനമൊക്കെയും സമാധാനത്തോടെ മക്കേദയിലെ പാളയത്തില്‍ യോശുവയുടെ അടുക്കല്‍ മടങ്ങിവന്നു; യിസ്രായേല്‍മക്കളില്‍ യാതൊരുത്തന്റെയും നേരെ ആരും തന്റെ നാവു അനക്കിയതുമില്ല.

22 പിന്നെ യോശുവഗുഹയുടെ ദ്വാരത്തെ തുറന്നു രാജാക്കന്മാരെ ഐവരെയും ഗുഹയില്‍നിന്നു എന്റെ അടുക്കല്‍ പുറത്തു കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.

23 അവര്‍ അങ്ങനെ ചെയ്തു; യെരൂശലേംരാജാവു, ഹെബ്രോന്‍ രാജാവു, യര്‍മ്മൂത്ത്രാജാവു, ലാഖീശ്രാജാവു, എഗ്ളോന്‍ രാജാവു എന്നീ അഞ്ചുരാജാക്കന്മാരെയും ഗുഹയില്‍നിന്നു അവന്റെ അടുക്കല്‍ കൊണ്ടുവന്നു.

24 രാജാക്കന്മാരെ യോശുവയുടെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍ യോശുവ യിസ്രായേല്‍പുരുഷന്മാരെ ഒക്കെയും വിളിപ്പിച്ചു തന്നോടുകൂടെ പോയ പടജ്ജനത്തിന്റെ അധിപതിമാരോടുഅടുത്തുവന്നു ഈ രാജാക്കന്മാരുടെ കഴുത്തില്‍ കാല്‍ വെപ്പിന്‍ എന്നു പറഞ്ഞു. അവര്‍ അടുത്തുചെന്നു അവരുടെ കഴുത്തില്‍ കാല്‍ വെച്ചു.

25 യോശുവ അവരോടുഭയപ്പെടരുതു, ശങ്കിക്കരുതു; ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിന്‍ ; നിങ്ങള്‍ യുദ്ധംചെയ്യുന്ന സകലശത്രുക്കളോടും യഹോവ ഇങ്ങനെ തന്നെ ചെയ്യും എന്നു പറഞ്ഞു.

26 അതിന്റെ ശേഷം യോശുവ അവരെ വെട്ടിക്കൊന്നു അഞ്ചു മരത്തിന്മേല്‍ തൂക്കി. അവര്‍ സന്ധ്യവരെ തൂങ്ങിക്കിടന്നു.

27 സൂര്യന്‍ അസ്തമിക്കുന്ന സമയത്തു യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിന്മേല്‍നിന്നു ഇറക്കി അവര്‍ ഒളിച്ചിരുന്ന ഗുഹയില്‍ ഇട്ടു; ഗുഹയുടെ ദ്വാരത്തിങ്കല്‍ വലിയ കല്ലു ഉരുട്ടിവെച്ചു; അതു ഇന്നുവരെയും അവിടെ ഇരിക്കുന്നു.

28 അന്നു യോശുവ മക്കേദ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു അതിനെയും അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിര്‍മ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല; അവന്‍ യെരീഹോരാജാവിനോടു ചെയ്തതുപോലെ തന്നേ മക്കേദാരാജാവിനോടും ചെയ്തു.

29 യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും മക്കേദയില്‍നിന്നു ലിബ്നെക്കുചെന്നു ലിബ്നെയോടു യുദ്ധംചെയ്തു.

30 യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു; അവിടെ ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരീഹോരാജാവിനോടു ചെയ്തതുപോലെ അവര്‍ അവിടത്തെ രാജാവിനോടും ചെയ്തു.

31 യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും ലിബ്നയില്‍നിന്നു ലാഖീശിന്നു ചെന്നു അതിന്റെ നേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.

32 യഹോവ ലാഖീശിനെ യിസ്രായേലിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ അതിനെ രണ്ടാം ദിവസം പിടിച്ചു; ലിബ്നയോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു.

33 അപ്പോള്‍ ഗേസെര്‍രാജാവായ ഹോരാം ലാഖീശിനെ സഹായിപ്പാന്‍ വന്നു; എന്നാല്‍ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു.

34 യോശുവയും യിസ്രായേലൊക്കെയും ലാഖീശില്‍നിന്നു എഗ്ളോന്നു ചെന്നു അതിന്റെ നേരെ പാളയമിറങ്ങി അതിനോടു യുദ്ധം ചെയ്തു.

35 അവര്‍ അന്നു തന്നേ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു; ലാഖീശിനോടു ചെയ്തതുപോലെ ഒക്കെയും അവന്‍ അതിലുള്ള എല്ലാവരെയും അന്നു നിര്‍മ്മൂലമാക്കി.

36 യോശുവയും യിസ്രായേലൊക്കെയും എഗ്ളോനില്‍നിന്നു ഹെബ്രോന്നു ചെന്നു; അതിന്റെ നേരെ യുദ്ധംചെയ്തു.

37 അവര്‍ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാപട്ടണങ്ങളെയും അതിലുള്ള എല്ലാവരെയും സംഹരിച്ചു; അവന്‍ എഗ്ളോനോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള സകലമനുഷ്യരെയും ആരും ശേഷിക്കാതവണ്ണം നിര്‍മ്മൂലമാക്കി.

38 പിന്നെ യോശുവയും എല്ലായിസ്രായേലും തിരിഞ്ഞു ദെബീരിന്നു ചെന്നു അതിന്റെ നേരെ യുദ്ധംചെയ്തു.

39 അവന്‍ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളെയും പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു; അതിലുള്ള എല്ലാവരെയും ആരും ശേഷിക്കാതവണ്ണം നിര്‍മ്മൂലമാക്കി; അവന്‍ ഹെബ്രോനോടു ചെയ്തതുപോലെയും ലിബ്നയോടും അതിലെ രാജാവിനോടും ചെയ്തതുപോലെയും ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു.

40 ഇങ്ങനെ യോശുവ മലനാടു, തെക്കേ ദേശം, താഴ്വീതി, മലഞ്ചരിവുകള്‍ എന്നിങ്ങനെയുള്ള ദേശം ഒക്കെയും അവിടങ്ങളിലെ സകലരാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവന്‍ ഒരുത്തനെയും ശേഷിപ്പിക്കാതെ സകലജീവികളെയും നിര്‍മ്മൂലമാക്കി.

41 യോശുവ കാദേശ് ബര്‍ന്നേയമുതല്‍ ഗസ്സാവരെയും ഗിബെയോന്‍ വരെയും ഗോശെന്‍ ദേശം ഒക്കെയും ജയിച്ചടക്കി.

42 ഈ രാജാക്കന്മാരെ ഒക്കെയും അവരുടെ ദേശത്തെയും യോശുവ ഒരേ സമയത്തു പിടിച്ചു. യിസ്രായേലിന്റെ ദൈവമായ യഹോവയായിരുന്നു യിസ്രായേലിന്നു വേണ്ടി യുദ്ധം ചെയ്തതു.

43 പിന്നെ യോശുവയും എല്ലായിസ്രായേലും ഗില്ഗാലില്‍ പാളയത്തിലേക്കു മടങ്ങിപ്പോന്നു.

← യോശുവ第9章   യോശുവ第11章 →
研究内在含义

本章评论:

故事:

从斯威登堡的著作的解释和参考:

Arcana Coelestia 1616, 2799, 2909, 5156, 7553

Apocalypse Revealed 11, 53, 399

Sacred Scripture 103

True Christian Religion 265

Show Unpublished Work(s)


Commentary (pdf)

Bible Study Notes Volume 2


翻译:
分享: