1. വചനം ദൈവത്തില്‍ നിന്നുള്ളതും, ദൈവനിശ്വസിതവും, ആകയാല്‍ വിശുദ്ധവും ആകുന്നു എന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതാകുന്നു. എന്നാല്‍ അതിലെ ദൈവീകത്വം (ദിവ്യത്വം) എവിടെ സ്ഥിതിചെയ്യുന്നു എന്ന് ഇതുവരെയും അജ്ഞാതമായിരുന്നു. കാരണം എന്തെന്നാല്‍ വചനത്തിന്‍റെ എഴുത്തുകള്‍ അസാധാരണമായ ശൈലിയില്‍ ഉള്ള സാധാരണ ലിഖിതങ്ങള്‍ മാത്രമാണ്. വചനത്തിന്‍റെ ഭാഷാസാഹിത്യത്തിന് പ്രത്യക്ഷമായും ഉണ്ടായിരിക്കേണ്ട സവിശേഷതകളായ സര്‍വ്വോല്‍ക്കൃഷ്ടതയും, അത്യുജ്വല ശോഭയും അവയ്ക്ക് ഉണ്ടായിരിക്കുകയില്ല. ഈ കാരണത്താല്‍ ദൈവത്തിന് പകരമായി പ്രകൃതിയെ ആരാധിക്കുന്നവനും, ദൈവത്തേക്കാള്‍ പ്രമുഖമായിട്ട് സ്വന്തം അഹംബോധത്തില്‍ നിന്നും, സ്വാര്‍ത്ഥതയില്‍ നിന്നും ചിന്തിക്കുന്നവനും തത്ഫലമായി സ്വര്‍ഗ്ഗത്തെക്കുറിച്ചോ കര്‍ത്താവിനെക്കുറിച്ചോ ചിന്തിക്കാത്തവനും ആയ ഏതൊരുവനും വചനത്തെ സംബന്ധിച്ചിടത്തോളം പ്രമാദത്തില്‍ നിപതിക്കുകയും, വചനത്തെ അവജ്ഞയോടെ കാണുവാന്‍ ഇടയാകുകയും ചെയ്യും; അതുമാത്രവുമല്ല അവൻ വചനം പാരായണം ചെയ്യുമ്പോള്‍, എന്താണിതിന്‍റെ അര്‍ത്ഥം? ഇതുകൊണ്ട് എന്താണ് വിവക്ഷിക്കുന്നത്? ഇത് ദൈവീകമാണോ? അപരിമേയമായ ജ്ഞാനമുള്ള ദൈവത്തിന് ഇപ്രകാരം അരുളിചെയ്വാന്‍ കഴിയുമോ? ഇതിന്‍റെ പരിശുദ്ധി എവിടെയാണ് അല്ലെങ്കില്‍ മനുഷ്യന്‍റെ മതവിശ്വാസ ശീലങ്ങളില്‍ നിന്ന് അല്ലാതെ മറ്റ് എവിടെ നിന്നാണ്?