യോശുവ 9

pag-aaral

   

1 എന്നാല്‍ ഹിത്യര്‍, അമോര്‍യ്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിങ്ങനെ യോര്‍ദ്ദാന്നിക്കരെ മലകളിലും താഴ്വരകളിലും ലെബാനോന്നെതിരെ വലിയ കടലിന്റെ തീരങ്ങളിലുള്ള രാജാക്കന്മാര്‍ ഒക്കെയും വസ്തുത കേട്ടപ്പോള്‍

2 യോശുവയോടും യിസ്രായേലിനോടും യുദ്ധം ചെയ്‍വാന്‍ ഏകമനസ്സോടെ യോജിച്ചു.

3 എന്നാല്‍ യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തതു ഗിബെയോന്‍ നിവാസികള്‍ കേട്ടപ്പോള്‍

4 അവര്‍ ഒരു ഉപായം പ്രയോഗിച്ചുഭക്ഷണസാധനങ്ങളൊരുക്കി പഴയ ചാക്കുകളും പഴയതും കീറിയതും തുന്നിക്കെട്ടിയതുമായ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി,

5 പഴക്കംചെന്നു കണ്ടംവെച്ച ചെരിപ്പു കാലിലും പഴയവസ്ത്രം ദേഹത്തിന്മേലും ധരിച്ചു പുറപ്പെട്ടു; അവരുടെ ഭക്ഷണത്തിന്നുള്ള അപ്പവും എല്ലാം ഉണങ്ങി പൂത്തിരുന്നു.

6 അവര്‍ ഗില്ഗാലില്‍ പാളയത്തിലേക്കു യോശുവയുടെ അടുക്കല്‍ ചെന്നു അവനോടും യിസ്രായേല്‍പുരഷന്മാരോടുംഞങ്ങള്‍ ദൂരദേശത്തുനിന്നു വന്നിരിക്കുന്നു; ആകയാല്‍ ഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം എന്നു പറഞ്ഞു.

7 യിസ്രായേല്‍പുരുഷന്മാര്‍ ആ ഹിവ്യരോടുപക്ഷേ നിങ്ങള്‍ ഞങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്നവരായിരിക്കും; എന്നാല്‍ ഞങ്ങള്‍ നിങ്ങളോടു ഉടമ്പടി ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു.

8 അവര്‍ യോശുവയോടുഞങ്ങള്‍ നിന്റെ ദാസന്മാരാകുന്നു എന്നു പറഞ്ഞു. അപ്പോള്‍ യോശുവ അവരോടുനിങ്ങള്‍ ആര്‍? എവിടെനിന്നു വരുന്നു എന്നു ചോദിച്ചു.

9 അവര്‍ അവനോടു പറഞ്ഞതുഅടിയങ്ങള്‍ നിന്റെ ദൈവമായ യഹോവയുടെ നാമംനിമിത്തം ഏറ്റവും ദൂരത്തുനിന്നു വന്നിരിക്കുന്നു; അവന്റെ കീര്‍ത്തിയും അവന്‍ മിസ്രയീമില്‍ ചെയ്തതൊക്കെയും

10 ഹെശ്ബോന്‍ രാജാവായ സീഹോന്‍ , അസ്തരോത്തിലെ ബാശാന്‍ രാജാവായ ഔഗ് ഇങ്ങനെ യോര്‍ദ്ദാന്നക്കരെയുള്ള അമോര്‍യ്യരുടെ രണ്ടു രാജാക്കന്മാരോടും അവന്‍ ചെയ്തതൊക്കെയും ഞങ്ങള്‍ കേട്ടിരിക്കുന്നു.

11 അതുകൊണ്ടു ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികള്‍ എല്ലാവരും ഞങ്ങളോടു വഴിക്കു വേണ്ടുന്ന ഭക്ഷണസാധനം എടുത്തു അവരെ ചെന്നുകണ്ടുഞങ്ങള്‍ നിങ്ങളുടെ ദാസന്മാര്‍ ആയിക്കൊള്ളാം എന്നു അവരോടു പറയേണമെന്നു പറഞ്ഞു; ആകയാല്‍ നിങ്ങള്‍ ഞങ്ങളോടു ഉടമ്പടി ചെയ്യേണം.

12 ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുവാന്‍ പുറപ്പെട്ട നാളില്‍ ഭക്ഷണത്തിന്നായിട്ടു ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളില്‍നിന്നു എടുത്തതാകുന്നു; ഇപ്പോള്‍ ഇതാ, അതു ഉണങ്ങി പൂത്തിരിക്കുന്നു.

13 ഞങ്ങള്‍ വീഞ്ഞു നിറെച്ചു കൊണ്ടുപോന്ന ഈ തുരുത്തികള്‍ പുത്തനായിരുന്നു; ഇപ്പോള്‍ ഇതാ, അവ കീറിയിരിക്കുന്നു; ഞങ്ങളുടെ ഈ വസ്ത്രവും ചെരിപ്പും അതിദീര്‍ഘയാത്രയാല്‍ പഴക്കമായുമിരിക്കുന്നു.

14 അപ്പോള്‍ യിസ്രായേല്‍പുരുഷന്മാര്‍ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനം വാങ്ങി ആസ്വദിച്ചു.

15 യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്നു ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോടു സത്യംചെയ്തു.

16 ഉടമ്പടി ചെയ്തിട്ടു മൂന്നു ദിവസം കഴിഞ്ഞശേഷം അവര്‍ സമീപസ്ഥന്മാര്‍ എന്നും തങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്നവര്‍ എന്നും അവര്‍ കേട്ടു.

17 യിസ്രായേല്‍മക്കള്‍ യാത്രപുറപ്പെട്ടതിന്റെ മൂന്നാം ദിവസം അവരുടെ പട്ടണങ്ങളില്‍ എത്തി. അവരുടെ പട്ടണങ്ങള്‍ ഗിബെയോന്‍ , കെഫീര, ബേരോത്ത്, കിര്‍യ്യത്ത്--യെയാരീം എന്നിവ ആയിരുന്നു.

18 സഭയിലെ പ്രഭുക്കന്മാര്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു അവരോടു സത്യംചെയ്തിരിക്കയാല്‍ യിസ്രായേല്‍മക്കള്‍ അവരെ സംഹരിച്ചില്ല; എന്നാല്‍ സഭ മുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു.

19 പ്രഭുക്കന്മാര്‍ എല്ലാവരും സര്‍വ്വസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു ഞങ്ങള്‍ അവരോടു സത്യംചെയ്തിരിക്കയാല്‍ നമുക്കു അവരെ തൊട്ടുകൂടാ.

20 നാം അവരോടു ഇങ്ങനെ ചെയ്തു അവരെ ജീവനോടെ രക്ഷിക്കേണം. അല്ലാഞ്ഞാല്‍ ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേല്‍ വരും എന്നു പറഞ്ഞു.

21 അവര്‍ക്കും വാക്കുകൊടുത്തതുപോലെ പ്രഭുക്കന്മാര്‍ അവരോടുഇവര്‍ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവര്‍ സര്‍വ്വസഭെക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം എന്നു പറഞ്ഞു.

22 പിന്നെ യോശുവ അവരെ വിളിച്ചു അവരോടുനിങ്ങള്‍ ഞങ്ങളുടെ ഇടയില്‍ പാര്‍ത്തിരിക്കെ ബഹുദൂരസ്ഥന്മാര്‍ എന്നു പറഞ്ഞു ഞങ്ങളെ വഞ്ചിച്ചതു എന്തു?

23 ആകയാല്‍ നിങ്ങള്‍ ശപിക്കപ്പെട്ടവര്‍എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകള്‍ നിങ്ങളില്‍ ഒരിക്കലും ഇല്ലാതിരിക്കയില്ല എന്നു പറഞ്ഞു.

24 അവര്‍ യോശുവയോടുനിന്റെ ദൈവമായ യഹോവ തന്റെ ദാസനായ മോശെയോടുനിങ്ങള്‍ക്കു ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പില്‍നിന്നു ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചപ്രകാരം അടിയങ്ങള്‍ക്കു അറിവുകിട്ടിയതിനാല്‍ നിങ്ങളുടെ നിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ചു ഞങ്ങള്‍ ഏറ്റവും ഭയപ്പെട്ടു ഈ കാര്യം ചെയ്തിരക്കുന്നു.

25 ഇപ്പോള്‍ ഇതാഞങ്ങള്‍ നിന്റെ കയ്യില്‍ ഇരിക്കുന്നു; നിനക്കു ഹിതവും യുക്തവുമായി തോന്നുന്നതുപോലെ ഞങ്ങളോടു ചെയ്തുകൊള്‍ക എന്നു ഉത്തരം പറഞ്ഞു.

26 അങ്ങനെ അവന്‍ അവരോടു ചെയ്തു; യിസ്രായേല്‍മക്കള്‍ അവരെ കൊല്ലാതവണ്ണം അവരുടെ കയ്യില്‍നിന്നു അവരെ രക്ഷിച്ചു.

27 അന്നു യോശുവ അവരെ സഭെക്കും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു അവന്റെ യാഗപീഠത്തിന്നും വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായി നിയമിച്ചു; അങ്ങനെ ഇന്നുവരെയും ഇരിക്കുന്നു.