Biblija

 

പുറപ്പാടു് 17

Studija

   

1 അനന്തരം യിസ്രായേല്‍മക്കളുടെ സംഘം എല്ലാം സീന്‍ മരുഭൂമിയില്‍നിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത പ്രയാണങ്ങളില്‍ രെഫീദീമില്‍ എത്തി പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാന്‍ വെള്ളമില്ലായിരുന്നു.

2 അതുകൊണ്ടു ജനം മോശെയോടുഞങ്ങള്‍ക്കു കുടിപ്പാന്‍ വെള്ളം തരിക എന്നു കലഹിച്ചു പറഞ്ഞതിന്നു മോശെ അവരോടുനിങ്ങള്‍ എന്നോടു എന്തിന്നു കലഹിക്കുന്നു? നിങ്ങള്‍ യഹോവയെ പരീക്ഷിക്കുന്നതു എന്തു എന്നു പറഞ്ഞു.

3 ജനത്തിന്നു അവിടെവെച്ചു നന്നാ ദാഹിച്ചതുകൊണ്ടു ജനം മോശെയുടെ നേരെ പിറുപിറുത്തുഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹം കൊണ്ടു ചാകേണ്ടതിന്നു നീ ഞങ്ങളെ മിസ്രയീമില്‍നിന്നു കൊണ്ടുവന്നതു എന്തിന്നു എന്നു പറഞ്ഞു.

4 മോശെ യഹോവയോടു നിലവിളിച്ചുഈ ജനത്തിന്നു ഞാന്‍ എന്തു ചെയ്യേണ്ടു? അവര്‍ എന്നെ കല്ലെറിവാന്‍ പോകുന്നുവല്ലോ എന്നു പറഞ്ഞു.

5 യഹോവ മോശെയോടുയിസ്രായേല്‍മൂപ്പന്മാരില്‍ ചിലരെ കൂട്ടിക്കൊണ്ടു നീ നദിയെ അടിച്ച വടിയും കയ്യില്‍ എടുത്തു ജനത്തിന്റെ മുമ്പാകെ കടന്നുപോക.

6 ഞാന്‍ ഹോരേബില്‍ നിന്റെ മുമ്പാകെ പാറയുടെ മേല്‍ നിലക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിന്നു കുടിപ്പാന്‍ വെള്ളം അതില്‍നിന്നു പുറപ്പെടും എന്നു കല്പിച്ചു. യിസ്രായേല്‍മൂപ്പന്മാര്‍ കാണ്‍കെ മോശെ അങ്ങനെ ചെയ്തു.

7 യിസ്രായേല്‍മക്കളുടെ കലഹം നിമിത്തവും യഹോവ ഞങ്ങളുടെ ഇടയില്‍ ഉണ്ടോ ഇല്ലയോ എന്നു അവര്‍ യഹോവയെ പരീക്ഷിക്ക നിമിത്തവും അവന്‍ ആ സ്ഥലത്തിന്നു മസ്സാ (പരീക്ഷ) എന്നും മെരീബാ (കലഹം) എന്നും പേരിട്ടു.

8 രെഫീദീമില്‍വെച്ചു അമാലേക്‍ വന്നു യിസ്രായേലിനോടു യുദ്ധംചെയ്തു.

9 അപ്പോള്‍ മോശെ യോശുവയോടുനീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ടു അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാന്‍ നാളെ കുന്നിന്‍ മുകളില്‍ ദൈവത്തിന്റെ വടി കയ്യില്‍ പിടിച്ചും കൊണ്ടു നിലക്കും എന്നു പറഞ്ഞു.

10 മോശെ തന്നോടു പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോടു പൊരുതു; എന്നാല്‍ മോശെയും അഹരോനും ഹൂരും കുന്നിന്‍ മുകളില്‍ കയറി.

11 മോശെ കൈ ഉയര്‍ത്തിയിരിക്കുമ്പോള്‍ യിസ്രായേല്‍ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോള്‍ അമാലേക്‍ ജയിക്കും.

12 എന്നാല്‍ മോശെയുടെ കൈ ഭാരം തോന്നിയപ്പോള്‍ അവര്‍ ഒരു കല്ലു എടുത്തുവെച്ചു, അവന്‍ അതിന്മേല്‍ ഇരുന്നു; അഹരോനും ഹൂരും ഒരുത്തന്‍ ഇപ്പുറത്തും ഒരുത്തന്‍ അപ്പുറത്തും നിന്നു അവന്റെ കൈ താങ്ങി; അങ്ങനെ അവന്റെ കൈ സൂര്യന്‍ അസ്തമിക്കുംവരെ ഉറെച്ചുനിന്നു.

13 യോശുവ അമാലേക്കിനെയും അവന്റെ ജനത്തെയും വാളിന്റെ വായ്ത്തലയാല്‍ തോല്പിച്ചു.

14 യഹോവ മോശെയോടുനീ ഇതു ഔര്‍മ്മെക്കായിട്ടു ഒരു പുസ്തകത്തില്‍ എഴുതി യോശുവയെ കേള്‍പ്പിക്ക; ഞാന്‍ അമാലേക്കിന്റെ ഔര്‍മ്മ ആകാശത്തിന്റെ കീഴില്‍നിന്നു അശേഷം മായിച്ചുകളയും എന്നു കല്പിച്ചു.

15 പിന്നെ മോശെ ഒരു യാഗ പീഠം പണിതു, അതിന്നു യഹോവ നിസ്സി (യഹോവ എന്റെ കൊടി) എന്നു പേരിട്ടു.

16 യഹോവയുടെ സീംഹാസനത്താണ യഹോവേക്കു അമാലേക്കിനോടു തലമുറതലമുറയായി യുദ്ധം ഉണ്ടു എന്നു അവന്‍ പറഞ്ഞു.

   

Biblija

 

സംഖ്യാപുസ്തകം 20

Studija

   

1 അനന്തരം യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും ഒന്നാം മാസം സീന്‍ മരുഭൂമിയില്‍ എത്തി, ജനം കാദേശില്‍ പാര്‍ത്തു; അവിടെ വെച്ചു മിര്‍യ്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു.

2 ജനത്തിന്നു കുടിപ്പാന്‍ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോള്‍ അവര്‍ മോശെക്കും അഹരോന്നും വിരോധമായി കൂട്ടം കൂടി.

3 ജനം മേശെയോടു കലഹിച്ചുഞങ്ങളുടെ സഹോദരന്മാര്‍ യഹോവയുടെ സന്നിധിയില്‍ മരിച്ചപ്പോള്‍ ഞങ്ങളും മരിച്ചുപോയിരുന്നു എങ്കില്‍ കൊള്ളായിരുന്നു.

4 ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിന്നു നിങ്ങള്‍ യഹോവയുടെ സഭയെ ഈ മരുഭൂമിയില്‍ കൊണ്ടുവന്നതു എന്തു?

5 ഈ വല്ലാത്ത സ്ഥലത്തു ഞങ്ങളെ കൊണ്ടുവരുവാന്‍ നിങ്ങള്‍ മിസ്രയീമില്‍നിന്നു ഞങ്ങളെ പുറപ്പെടുവിച്ചതു എന്തിന്നു? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിപ്പാന്‍ വെള്ളവുമില്ല എന്നു പറഞ്ഞു.

6 എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പില്‍ നിന്നു സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവര്‍ക്കും പ്രത്യക്ഷമായി.

7 യഹോവ മോശെയോടുനിന്റെ വടി എടുത്തു നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവര്‍ കാണ്‍കെ പാറയോടു കല്പിക്ക.

8 എന്നാല്‍ അതു വെള്ളം തരും; പാറയില്‍ നിന്നു അവര്‍ക്കും വെള്ളം പുറപ്പെടുവിച്ചു ജനത്തിന്നും അവരുടെ കന്നുകാലികള്‍ക്കും കുടിപ്പാന്‍ കൊടുക്കേണം എന്നു അരുളിച്ചെയ്തു.

9 തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയില്‍നിന്നു വടി എടുത്തു.

10 മോശെയും അഹരോനും പാറയുടെ അടുക്കല്‍ സഭയെ വിളിച്ചുകൂട്ടി അവരോടുമത്സരികളേ, കേള്‍പ്പിന്‍ ; ഈ പാറയില്‍നിന്നു ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു.

11 മോശെ കൈ ഉയര്‍ത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.

12 പിന്നെ യഹോവ മോശെയോടും അഹരോനോടുംനിങ്ങള്‍ യിസ്രായേല്‍മക്കള്‍ കാണ്‍കെ എന്നെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങള്‍ ഈ സഭയെ ഞാന്‍ അവര്‍ക്കും കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്നു അരുളിച്ചെയ്തു.

13 ഇതു യിസ്രായേല്‍മക്കള്‍ യഹോവയോടു കലഹിച്ചതും അവര്‍ അവരില്‍ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.

14 അനന്തരം മോശെ കാദേശില്‍നിന്നു എദോംരാജാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു പറയിച്ചതുനിന്റെ സഹോദരനായ യിസ്രായേല്‍ ഇപ്രകാരം പറയുന്നു

15 ഞങ്ങള്‍ക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീമില്‍ പോയി ഏറിയ കാലം പാര്‍ത്തുമിസ്രയീമ്യര്‍ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു.

16 ഞങ്ങള്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ അവന്‍ ഞങ്ങളുടെ നിലവിളി കേട്ടു ഒരു ദൂതനെ അയച്ചു ഞങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു; ഞങ്ങള്‍ നിന്റെ അതിരിങ്കലുള്ള പട്ടണമായ കാദേശില്‍ എത്തിയിരിക്കുന്നു.

17 ഞങ്ങള്‍ നിന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവദിക്കേണമേ. ഞങ്ങള്‍ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെവെള്ളം കുടിക്കയുമില്ല. ഞങ്ങള്‍ രാജപാതയില്‍കൂടി തന്നേ നടക്കും;

18 നിന്റെ അതിര്‍ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല. എദോം അവനോടുനീ എന്റെ നാട്ടില്‍കൂടി കടക്കരുതുകടന്നാല്‍ ഞാന്‍ വാളുമായി നിന്റെ നേരെ പുറപ്പെടും എന്നു പറഞ്ഞു.

19 അതിന്നു യിസ്രായേല്‍മക്കള്‍ അവനോടുഞങ്ങള്‍ പെരുവഴിയില്‍കൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചുപോയാല്‍ അതിന്റെ വിലതരാം; കാല്‍നടയായി കടന്നു പോകേണമെന്നല്ലാതെ മറ്റൊന്നും എനിക്കു വേണ്ടാ എന്നു പറഞ്ഞു.

20 അതിന്നു അവന്‍ നീ കടന്നുപോകരുതു എന്നു പറഞ്ഞു. എദോം ബഹുസൈന്യത്തോടും ബലമുള്ള കയ്യോടുംകൂടെ അവന്റെ നേരെ പുറപ്പെട്ടു.

21 ഇങ്ങനെ എദോം തന്റെ അതിരില്‍കൂടി കടന്നുപോകുവാന്‍ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേല്‍ അവനെ വിട്ടു ഒഴിഞ്ഞുപോയി.

22 പിന്നെ യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും കാദേശില്‍നിന്നു യാത്രപുറപ്പെട്ടു ഹോര്‍ പര്‍വ്വതത്തില്‍ എത്തി.

23 എദോംദേശത്തിന്റെ അതിരിങ്കലുള്ള ഹോര്‍പര്‍വ്വതത്തില്‍വെച്ചു യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തതു

24 അഹരോന്‍ തന്റെ ജനത്തോടു ചേരും; കലഹജലത്തിങ്കല്‍ നിങ്ങള്‍ എന്റെ കല്പന മറുത്തതുകൊണ്ടു ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു അവന്‍ കടക്കയില്ല.

25 അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോര്‍പര്‍വ്വതത്തില്‍ കൊണ്ടു ചെന്നു

26 അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിക്കേണം; അഹരോന്‍ അവിടെവെച്ചു മരിച്ചു തന്റെ ജനത്തോടു ചേരും.

27 യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സര്‍വ്വസഭയും കാണ്‍കെ അവര്‍ ഹോര്‍പര്‍വ്വത്തില്‍ കയറി.

28 മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോന്‍ അവിടെ പര്‍വ്വതത്തിന്റെ മുകളില്‍വെച്ചു മരിച്ചു; മോശെയും എലെയാസാരും പര്‍വ്വതത്തില്‍നിന്നു ഇറങ്ങി വന്നു. അഹരോന്‍ മരിച്ചുപോയി എന്നു സഭയെല്ലാം അറിഞ്ഞപ്പോള്‍ യിസ്രായേല്‍ ഗൃഹം ഒക്കെയും അഹരോനെക്കുറിച്ചു മുപ്പതു ദിവസം വിലാപിച്ചുകൊണ്ടിരുന്നു