സങ്കീർത്തനങ്ങൾ 16

공부

       |

1 ദൈവമേ, ഞാന്‍ നിന്നെ ശരണം ആക്കിയിരിക്കയാല്‍ എന്നെ കാത്തുകൊള്ളേണമേ,

2 ഞാന്‍ യഹോവയോടു പറഞ്ഞതുനീ എന്റെ കര്‍ത്താവാകുന്നു; നീ ഒഴികെ എനിക്കു ഒരു നന്മയും ഇല്ല.

3 ഭൂമിയിലെ വിശുദ്ധന്മാരോ അവര്‍ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാര്‍ തന്നേ.

4 അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകള്‍ വര്‍ദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാന്‍ അര്‍പ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേല്‍ എടുക്കയുമില്ല.

5 എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു; നീ എനിക്കുള്ള ഔഹരിയെ പരിപാലിക്കുന്നു.

6 അളവുനൂല്‍ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു.

7 എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാന്‍ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.

8 ഞാന്‍ യഹോവയെ എപ്പോഴും എന്റെ മുമ്പില്‍ വെച്ചിരിക്കുന്നു; അവന്‍ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാന്‍ കുലുങ്ങിപ്പോകയില്ല.

9 അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിര്‍ഭയമായി വസിക്കും.

10 നീ എന്റെ പ്രാണനെ പാതാളത്തില്‍ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്‍ സമ്മതിക്കയുമില്ല.

11 ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയില്‍ സന്തോഷപരിപൂര്‍ണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു.