ദാനീയേൽ 7

공부

   

1 ബാബേല്‍രാജാവായ ബേല്‍ശസ്സരിന്റെ ഒന്നാം ആണ്ടില്‍ ദാനീയേല്‍ ഒരു സ്വപ്നം കണ്ടു, അവന്നു കിടക്കയില്‍വെച്ചു ദര്‍ശനങ്ങള്‍ ഉണ്ടായി; അവന്‍ സ്വപ്നം എഴുതി കാര്യത്തിന്റെ സാരം വിവരിച്ചു.

2 ദാനീയേല്‍ വിവരച്ചുപറഞ്ഞതെന്തെന്നാല്‍ഞാന്‍ രാത്രിയില്‍ എന്റെ ദര്‍ശനത്തില്‍ കണ്ടതുആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്റെ നേരെ അടിക്കുന്നതു ഞാന്‍ കണ്ടു.

3 അപ്പോള്‍ തമ്മില്‍ ഭേദിച്ചിരിക്കുന്ന നാലു മഹാമൃഗങ്ങള്‍ സമുദ്രത്തില്‍നിന്നു കരേറിവന്നു.

4 ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിന്‍ ചിറകുള്ളതുമായിരുന്നു; ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവര്‍ത്തുനിര്‍ത്തി, അതിന്നു മാനുഷഹൃദയവും കൊടത്തു.

5 രണ്ടാമതു കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അതു ഒരു പാര്‍ശ്വം ഉയര്‍ത്തിയും വായില്‍ പല്ലിന്റെ ഇടയില്‍ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചുംകൊണ്ടു നിന്നു; അവര്‍ അതിനോടുഎഴുന്നേറ്റു മാംസം ധാരാളം തിന്നുക എന്നു പറഞ്ഞു.

6 പിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു, അതിന്റെ മുതുകത്തു പക്ഷിയുടെ നാലു ചുറകുണ്ടായിരുന്നു; മൃഗത്തിന്നു നാലു തലയും ഉണ്ടായിരുന്നു; അതിന്നു ആധിപത്യം ലഭിച്ചു.

7 രാത്രിദര്‍ശനത്തില്‍ ഞാന്‍ പിന്നെയും ഘോരവും ഭയങ്കരവും അതിബലവും ഉള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിന്നു വലിയ ഇരിമ്പുപല്ലു ഉണ്ടായിരുന്നു; അതു തിന്നുകയും തകര്‍ക്കുംകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാല്‍കൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകല മൃഗങ്ങളിലുംവെച്ചു ഇതു വ്യത്യാസമുള്ളതായിരുന്നു; അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു.

8 ഞാന്‍ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, അവയുടെ ഇടയില്‍ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാല്‍ മുമ്പിലത്തെ കൊമ്പുകളില്‍ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പില്‍ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.

9 ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അവര്‍ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തന്‍ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിര്‍മ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങള്‍ കത്തുന്ന തീയും ആയിരുന്നു.

10 ഒരു അഗ്നിനദി അവന്റെ മുമ്പില്‍നിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേര്‍ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേര്‍ അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങള്‍ തുറന്നു.

11 കൊമ്പു സംസാരിച്ച വലിലയ വാക്കുകളുടെ ശബ്ദംനിമിത്തം ഞാന്‍ അന്നേരം നോക്കി; അവര്‍ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടലിനെ നശിപ്പിച്ചു തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യുവോളം ഞാന്‍ നോക്കിക്കൊണ്ടിരുന്നു.

12 ശേഷം മൃഗങ്ങളോ--അവയുടെ ആധിപത്യത്തിന്നു നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സു ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു.

13 രാത്രിദര്‍ശനങ്ങളില്‍ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തന്‍ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവന്‍ വയോധികന്റെ അടുക്കല്‍ ചെന്നു; അവര്‍ അവനെ അവന്റെ മുമ്പില്‍ അടുത്തുവരുമാറാക്കി.

14 സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.

15 ദാനീയേല്‍ എന്ന ഞാനോ എന്റെ ഉള്ളില്‍ എന്റെ മനസ്സു വ്യസനിച്ചുഎനിക്കു ഉണ്ടായ ദര്‍ശനങ്ങളാല്‍ ഞാന്‍ പരവശനായി.

16 ഞാന്‍ അരികെ നിലക്കുന്നവരില്‍ ഒരുത്തന്റെ അടുക്കല്‍ ചെന്നു അവനോടു ഈ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവന്‍ കാര്യങ്ങളുടെ അര്‍ത്ഥം പറഞ്ഞുതന്നു.

17 ആ നാലു മഹാമൃഗങ്ങള്‍ ഭൂമിയില്‍ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കന്മാരാകുന്നു.

18 എന്നാല്‍ അത്യുന്നതനായവന്റെ വിശുദ്ധന്മാര്‍ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.

19 എന്നാല്‍ മറ്റെ സകലമൃഗങ്ങളിലും വെച്ചു വ്യത്യാസമുള്ളതും ഇരിമ്പുപല്ലും താമ്രനഖങ്ങളും ഉള്ളതായി അതിഭയങ്കരമായതും തിന്നുകയും തകര്‍ക്കയും ശേഷിച്ചതിനെ കാല്‍കൊണ്ടു ചവിട്ടിക്കളകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും

20 അതിന്റെ തലയിലുള്ള പത്തു കൊമ്പുകളെക്കുറിച്ചു മുളെച്ചുവന്നതും മൂന്നു കൊമ്പു വീഴിച്ചതും കണ്ണും വമ്പു പറയുന്ന വായും ഉള്ളതും കൂട്ടുകൊമ്പുകളെക്കാള്‍ കാഴ്ചെക്കു വണ്ണമേറിയതുമായ മറ്റെ കൊമ്പിനെക്കുറിച്ചും ഉള്ള വിവരം അറിവാന്‍ ഞാന്‍ ഇച്ഛിച്ചു.

21 വയോധികനായവന്‍ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാര്‍ക്കും ന്യായാധിപത്യം നലകുകയും വിശുദ്ധന്മാര്‍ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം

22 ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാന്‍ കണ്ടു.

23 അവന്‍ പറഞ്ഞതോനാലാമത്തെ മൃഗം ഭൂമിയില്‍ നാലാമതായി ഉത്ഭവിപ്പാനുള്ള രാജ്യം തന്നേ; അതു സകലരാജ്യങ്ങളിലുംവെച്ചു വ്യത്യാസമുള്ളതായി സര്‍വ്വഭൂമിയെയും തിന്നു ചവിട്ടിത്തകര്‍ത്തുകളയും.

24 ഈ രാജ്യത്തുനിന്നുള്ള പത്തു കൊമ്പുകളോ എഴുന്നേല്പാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു; അവരുടെ ശേഷം മറ്റൊരുത്തന്‍ എഴുന്നേലക്കും; അവന്‍ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.

25 അവന്‍ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാന്‍ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവര്‍ അവന്റെ കയ്യില്‍ ഏല്പിക്കപ്പെട്ടിരിക്കും.

26 എന്നാല്‍ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും.

27 പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിന്‍ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.

28 ഇങ്ങനെയാകുന്നു കാര്യത്തിന്റെ സമാപ്തി; ദാനീയേല്‍ എന്ന ഞാനോ എന്റെ വിചാരങ്ങളാല്‍ അത്യന്തം പരവശനായി എന്റെ മുഖഭാവവും മാറി; എങ്കിലും ഞാന്‍ ആ കാര്യം എന്റെ ഹൃദയത്തില്‍ സംഗ്രഹിച്ചുവെച്ചു.