ദിനവൃത്താന്തം 1 28

Სწავლა

   

1 അനന്തരം ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുമായ ഗോത്രപ്രഭുക്കന്മാരെയും രാജാവിന്നു ശുശ്രൂഷചെയ്ത ക്കുറുകളുടെ തലവന്മാരെയും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും സകലവസ്തുവകകള്‍ക്കും നാല്‍ക്കാലികള്‍ക്കും ഉള്ള മേല്‍വിചാരകന്മാരെയും ഷണ്ഡന്മാരെയും വീരന്മാരെയും സകലപരാക്രമശാലികളേയും യെരൂശലേമില്‍ കൂട്ടിവരുത്തി.

2 ദാവീദ് രാജാവു എഴുന്നേറ്റുനിന്നു പറഞ്ഞതു എന്തെന്നാല്‍എന്റെ സഹോദരന്മാരും എന്റെ ജനവുമായുള്ളോരേ, എന്റെ വാക്കു കേള്‍പ്പിന്‍ ; യഹോവയുടെ നിയമപെട്ടകത്തിനും നമ്മുടെ ദൈവത്തിന്റെ പാദപീഠത്തിന്നുമായി ഒരു വിശ്രമാലയം പണിവാന്‍ എനിക്കു താല്പര്യം ഉണ്ടായിരുന്നു; പണിക്കുവേണ്ടി ഞാന്‍ വട്ടംകൂട്ടിയിരുന്നു.

3 എന്നാല്‍ ദൈവം എന്നോടുനീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു എന്നു കല്പിച്ചു.

4 എങ്കിലും ഞാന്‍ എന്നേക്കും യിസ്രായേലിന്നു രാജാവായിരിപ്പാന്‍ യിസ്രായേലിന്റെ ദൈവമായ യഹോവ എന്റെ സര്‍വ്വപിതൃഭവനത്തില്‍നിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിപ്പാന്‍ യെഹൂദയെയും യെഹൂദാഗൃഹത്തില്‍ എന്റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്റെ അപ്പന്റെ പുത്രന്മാരില്‍ വെച്ചു എന്നെ എല്ലായിസ്രായേലിന്നും രാജാവാക്കുവാന്‍ അവന്നു പ്രസാദം തോന്നി.

5 എന്റെ സകലപുത്രന്മാരിലും നിന്നു--യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ--അവന്‍ എന്റെ മകനായ ശലോമോനെ യിസ്രായേലില്‍ യഹോവയുടെ രാജാസനത്തില്‍ ഇരിപ്പാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.

6 അവന്‍ എന്നോടുനിന്റെ മകനായ ശലോമോന്‍ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാന്‍ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാന്‍ അവന്നു പിതാവായിരിക്കും.

7 അവന്‍ ഇന്നു ചെയ്യുന്നതുപോലെ എന്റെ കല്പനകളും വിധികളും ആചരിപ്പാന്‍ സ്ഥിരത കാണിക്കുമെങ്കില്‍ ഞാന്‍ അവന്റെ രാജത്വം എന്നേക്കും സ്ഥിരമാക്കും എന്നു അരുളിച്ചെയ്തിരിക്കുന്നു.

8 ആകയാല്‍ യഹോവയുടെ സഭയായ എല്ലായിസ്രായേലും കാണ്‍കെയും നമ്മുടെ ദൈവം കേള്‍ക്കെയും ഞാന്‍ പറയുന്നതുനിങ്ങള്‍ ഈ നല്ലദേശം അനുഭവിക്കയും പിന്നത്തേതില്‍ അതു നിങ്ങളുടെ മക്കള്‍ക്കു ശാശ്വതാവകാശമായി വെച്ചേക്കയും ചെയ്യേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കയും ഉപേക്ഷിക്കാതിരിക്കയും ചെയ്‍വിന്‍ .

9 നീയോ എന്റെ മകനേ, ശാലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂര്‍ണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സര്‍വ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കില്‍ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവന്‍ നിന്നെ എന്നേക്കും തള്ളിക്കളയും.

10 ആകയാല്‍ സൂക്ഷിച്ചുകൊള്‍ക; വിശുദ്ധമന്ദിരമായോരു ആലയം പണിവാന്‍ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ടു അതു നടത്തികൊള്‍ക.

11 പിന്നെ ദാവീദ് തന്റെ മകനായ ശലോമോന്നു ദൈവാലയത്തിന്റെ മണ്ഡപം, ഉപഗൃഹങ്ങള്‍, ഭണ്ഡാരഗൃഹങ്ങള്‍, മാളികമുറികള്‍, അറകള്‍, കൃപാസനഗൃഹം എന്നിവയുടെ മാതൃകകൊടുത്തു.

12 യഹോവയുടെ ആലയം, പ്രാകാരങ്ങള്‍, ചുറ്റുമുള്ള എല്ലാ അറകള്‍, ദൈവാലയത്തിന്റെ ഭണ്ഡാരഗൃഹങ്ങള്‍, നിവേദിത വസ്തുക്കളുടെ ഭണ്ഡാരം,

13 പുരോഹിതന്മാരുടെയും ലേവ്യരുടെയും ക്കുറുകള്‍, യഹോവയുടെ ആലയത്തിലെ സകലശുശ്രൂഷയുടെയും വേല, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള സകലപാത്രങ്ങള്‍ എന്നിവയെല്ലാറ്റെയും കുറിച്ചു തന്റെ മനസ്സില്‍ ഉണ്ടായിരുന്ന മാതൃകാവിവരവും അവന്നു കൊടുത്തു.

14 അതതു ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍ക്കു ഒക്കെയും പൊന്നുകൊണ്ടുള്ള ഉപകരണങ്ങള്‍ക്കു തൂക്കപ്രകാരം പൊന്നും അതതു ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍ക്കു ഒക്കെയും വെള്ളികൊണ്ടുള്ള ഉപകരണങ്ങള്‍ക്കു ഒക്കെയും തൂക്കപ്രകാരം

15 വെള്ളിയും പൊന്‍ വിളകൂതണ്ടുകള്‍ക്കും അവയുടെ സ്വര്‍ണ്ണദീപങ്ങള്‍ക്കും വേണ്ടുന്ന തൂക്കമായി ഔരോവിളകൂതണ്ടിന്നും അതിന്റെ ദീപങ്ങള്‍ക്കും തൂക്കപ്രകാരം പൊന്നും വെള്ളികൊണ്ടുള്ള വിളകൂതണ്ടുകള്‍ക്കു ഔരോ തണ്ടിന്റെയും ഉപയോഗത്തിന്നു തക്കവണ്ണം അതതു തണ്ടിന്നും അതതിന്റെ ദീപങ്ങള്‍ക്കും തൂക്കപ്രകാരം വെള്ളിയും കൊടുത്തു.

16 കാഴ്ചയപ്പത്തിന്റെ മേശകള്‍ക്കു ഔരോ മേശെക്കു വേണ്ടുന്ന പൊന്നും വെള്ളികൊണ്ടുള്ള മേശകള്‍ക്കു വേണ്ടുന്ന വെള്ളിയും തൂക്കപ്രകാരം കൊടുത്തു.

17 മുള്‍കൊളുത്തുകള്‍ക്കും കലശങ്ങള്‍ക്കും കുടങ്ങള്‍ക്കും വേണ്ടുന്ന തങ്കവും പൊന്‍ കിണ്ടികള്‍ക്കു ഔരോ കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന പൊന്നും ഔരോ വെള്ളിക്കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന വെള്ളിയും കൊടുത്തു.

18 ധൂപപീഠത്തിന്നു തൂക്കപ്രകാരം വേണ്ടുന്ന ഊതിക്കഴിച്ച പൊന്നും ചിറകു വിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ രഥമാതൃകെക്കു വേണ്ടുന്ന പൊന്നും കൊടുത്തു.

19 ഇവയെല്ലാം ഈ മാതൃകയുടെ എല്ലാപണികളും യഹോവ എനിക്കു വേണ്ടി തന്റെ കൈകൊണ്ടു എഴുതിയ രേഖാമൂലം എന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു എന്നു ദാവീദ് പറഞ്ഞു.

20 പിന്നെയും ദാവീദ് തന്റെ മകനായ ശലോമോനോടു പറഞ്ഞതുബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവര്‍ത്തിച്ചുകൊള്‍ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ടു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള എല്ലാവേലയും നീ നിവര്‍ത്തിക്കുംവരെ അവന്‍ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.

21 ഇതാ, ദൈവാലയത്തിലെ സകലശുശ്രൂഷെക്കും വേണ്ടി പുരോഹിതന്മാരുടെയും ലേവ്യരുടെയും ക്കുറുകള്‍ ഉണ്ടല്ലോ; ഔരോവിധ ശുശ്രൂഷെക്കും മനസ്സും സമാര്‍ത്ഥ്യവും ഉള്ള ഏവരും എല്ലാവേലെക്കായിട്ടും നിന്നോടു കൂടെ ഉണ്ടു; പ്രഭുക്കന്മാരും സര്‍വ്വജനവും നിന്റെ കല്പനക്കൊക്കെയും വിധേയരായിരിക്കും.