സംഖ്യാപുസ്തകം 15

Estudio

   

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

2 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍ഞാന്‍ നിങ്ങള്‍ക്കു തരുന്ന നിങ്ങളുടെ നിവാസദേശത്തു നിങ്ങള്‍ ചെന്നിട്ടു

3 ഒരു നേര്‍ച്ച നിവര്‍ത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവേക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവേക്കു സൌരഭ്യവാസനയാകുമാറു ഒരു ദഹനയാഗം അര്‍പ്പിക്കുമ്പോള്‍

4 യഹോവേക്കു വഴിപാടു കഴിക്കുന്നവന്‍ കാല്‍ഹീന്‍ എണ്ണ ചേര്‍ത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം.

5 ഹോമയാഗത്തിന്നും ഹനനയാഗത്തിന്നും പാനീയയാഗമായി നീ ആടൊന്നിന്നു കാല്‍ഹീന്‍ വീഞ്ഞു കൊണ്ടുവരേണം.

6 ആട്ടുകൊറ്റനായാല്‍ ഹീനില്‍ മൂന്നിലൊന്നു എണ്ണ ചേര്‍ത്ത രണ്ടിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടു വരേണം.

7 അതിന്റെ പാനീയയാഗത്തിന്നു ഹീനില്‍ മൂന്നിലൊന്നു വീഞ്ഞും യഹോവേക്കു സൌരഭ്യവാസനയായി അര്‍പ്പിക്കേണം.

8 നേര്‍ച്ച നിവര്‍ത്തിപ്പാനോ യഹോവേക്കു സമാധാനയാഗം കഴിപ്പാനോ ഹോമയാഗത്തിന്നാകട്ടെ ഹനനയാഗത്തിന്നാകട്ടെ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോള്‍

9 കിടാവിനോടുകൂടെ അരഹീന്‍ എണ്ണ ചേര്‍ത്ത മൂന്നിടങ്ങഴി മാവു ഭോജനയാഗമായിട്ടു അര്‍പ്പിക്കേണം.

10 അതിന്റെ പാനീയയാഗമായി അരഹീന്‍ വീഞ്ഞു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി അര്‍പ്പിക്കേണം.

11 കാളക്കിടാവു, ആട്ടുകൊറ്റന്‍ , കുഞ്ഞാടു, കോലാട്ടിന്‍ കുട്ടി എന്നിവയില്‍ ഔരോന്നിന്നും ഇങ്ങനെ തന്നേ വേണം.

12 നിങ്ങള്‍ അര്‍പ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന്നും ഒത്തവണ്ണം ഔരോന്നിന്നും ഇങ്ങനെ തന്നേ വേണം.

13 സ്വദേശിയായവനൊക്കെയും യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം അര്‍പ്പിക്കുമ്പോള്‍ ഇതെല്ലാം ഇങ്ങനെ തന്നേ അനുഷ്ഠിക്കേണം.

14 നിങ്ങളോടുകൂടെ പാര്‍ക്കുംന്ന പരദേശിയോ നിങ്ങളുടെ ഇടയില്‍ സ്ഥിരവാസം ചെയ്യുന്ന ഒരുത്തനോ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കില്‍ നിങ്ങള്‍ അനുഷ്ഠിക്കുംവണ്ണം തന്നേ അവനും അനുഷ്ഠിക്കേണം.

15 നിങ്ങള്‍ക്കാകട്ടെ വന്നു പാര്‍ക്കുംന്ന പരദേശിക്കാകട്ടെ സര്‍വ്വസഭെക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നേ ആയിരിക്കേണം; യഹോവയുടെ സന്നിധിയില്‍ പരദേശി നിങ്ങളെപ്പോലെ തന്നേ ഇരിക്കേണം.

16 നിങ്ങള്‍ക്കും വന്നു പാര്‍ക്കുംന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം.

17 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

18 യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്തു നിങ്ങള്‍ എത്തിയശേഷം

19 ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോള്‍ നിങ്ങള്‍ യഹോവേക്കു ഉദര്‍ച്ചാര്‍പ്പണം കഴിക്കേണം.

20 ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദര്‍ച്ചാര്‍പ്പണമായി കഴിക്കേണം; മെതിക്കളത്തിന്റെ ഉദര്‍ച്ചാര്‍പ്പണംപോലെ തന്നേ അതു ഉദര്‍ച്ച ചെയ്യേണം.

21 ഇങ്ങനെ നിങ്ങള്‍ തലമുറതലമുറയായി ആദ്യത്തെ തരിമാവുകൊണ്ടു യഹോവേക്കു ഉദര്‍ച്ചാര്‍പ്പണം കഴിക്കേണം.

22 യഹോവ മോശെയോടു കല്പിച്ച ഈ സകലകല്പനകളിലും

23 യാതൊന്നെങ്കിലും യഹോവ മോശെയോടു കല്പിച്ച നാള്‍മുതല്‍ തലമുറതലമുറയായി യഹോവ മോശെമുഖാന്തരം നിങ്ങളോടു കല്പിച്ച സകലത്തിലും യാതൊന്നെങ്കിലും നിങ്ങള്‍ പ്രമാണിക്കാതെ തെറ്റു ചെയ്താല്‍,

24 അറിയാതെ കണ്ടു അബദ്ധവശാല്‍ സഭ വല്ലതും ചെയ്തുപോയാല്‍ സഭയെല്ലാം കൂടെ ഹോമയാഗത്തിന്നായി ഒരു കാളക്കിടാവിനെയും പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനെയും ചട്ടപ്രകാരം അതിന്നുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുംകൂടെ യഹോവേക്കു സൌരഭ്യവാസനയായി അര്‍പ്പിക്കേണം.

25 ഇങ്ങനെ പുരോഹിതന്‍ യിസ്രായേല്‍മക്കളുടെ സര്‍വ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവരോടു ക്ഷമിക്കപ്പെടും; അതു അബദ്ധവശാല്‍ സംഭവിക്കയും അവര്‍ തങ്ങളുടെ അബദ്ധത്തിന്നായിട്ടു യഹോവേക്കു ദഹനയാഗമായി തങ്ങളുടെ വഴിപാടും പാപയാഗവും യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കയും ചെയ്തുവല്ലോ.

26 എന്നാല്‍ അതു യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയോടും അവരുടെ ഇടയില്‍ വന്നു പാര്‍ക്കുംന്ന പരദേശിയോടും ക്ഷമിക്കപ്പെടും; തെറ്റു സര്‍വ്വജനത്തിന്നുമുള്ളതായിരുന്നുവല്ലോ.

27 ഒരാള്‍ അബദ്ധവശാല്‍ പാപം ചെയ്താല്‍ അവന്‍ തനിക്കുവേണ്ടി പാപയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഒരു പെണ്‍കോലാട്ടിനെ അര്‍പ്പിക്കണം.

28 അബദ്ധവശാല്‍ പാപം ചെയ്തവന്നു പാപപരിഹാരം വരുത്തുവാന്‍ പുരോഹിതന്‍ അവന്നുവേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തകര്‍മ്മം അനുഷ്ഠിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കപ്പെടും.

29 യിസ്രായേല്‍മക്കളുടെ ഇടയില്‍ അബദ്ധവശാല്‍ പാപം ചെയ്യുന്നവന്‍ സ്വദേശിയോ വന്നു പാര്‍ക്കുംന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നേ ആയിരിക്കേണം.

30 എന്നാല്‍ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടിക്കൊണ്ടു ചെയ്താല്‍ അവന്‍ യഹോവയെ ദുഷിക്കുന്നു; അവനെ അവന്റെ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം.

31 അവന്‍ യഹോവയുടെ വചനം ധിക്കരിച്ചു അവന്റെ കല്പന ലംഘിച്ചു; അവനെ നിര്‍മ്മൂലമാക്കിക്കളയേണം; അവന്റെ അകൃത്യം അവന്റെമേല്‍ ഇരിക്കും.

32 യിസ്രായേല്‍മക്കള്‍ മരുഭൂമിയില്‍ ഇരിക്കുമ്പോള്‍ ശബ്ബത്ത് നാളില്‍ ഒരുത്തന്‍ വിറകു പെറുക്കുന്നതു കണ്ടു.

33 അവന്‍ വിറകു പെറുക്കുന്നതു കണ്ടവര്‍ അവനെ മോശെയുടെയും അഹരോന്റെയും സര്‍വ്വസഭയുടെയും അടുക്കല്‍ കൊണ്ടുവന്നു.

34 അവനോടു ചെയ്യേണ്ടതു ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ടു അവര്‍ അവനെ തടവില്‍ വെച്ചു.

35 പിന്നെ യഹോവ മോശെയോടുആ മരുഷ്യന്‍ മരണശിക്ഷ അനുഭവിക്കേണം; സര്‍വ്വസഭയും പാളയത്തിന്നു പുറത്തുവെച്ചു അവനെ കല്ലെറിയേണം എന്നു കല്പിച്ചു.

36 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ സര്‍വ്വസഭയും അവനെ പാളയത്തിന്നു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊന്നു.

37 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

38 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍അവര്‍ തലമുറതലമുറയായി വസ്ത്രത്തിന്റെ കോണ്‍തലെക്കു പൊടിപ്പു ഉണ്ടാക്കുകയും കോണ്‍തലെക്കലെ പൊടിപ്പില്‍ നീലച്ചരടു കെട്ടുകയും വേണം.

39 നിങ്ങള്‍ യഹോവയുടെ സകലകല്പനകളും ഔര്‍ത്തു അനുസരിക്കേണ്ടതിന്നും നിങ്ങളുടെ സ്വന്തഹൃദയത്തിന്നും സ്വന്തകണ്ണിന്നും തോന്നിയവണ്ണം പരസംഗമായി നടക്കാതിരിക്കേണ്ടതിന്നും ആ പൊടിപ്പു ജ്ഞാപകം ആയിരിക്കേണം.

40 നിങ്ങള്‍ എന്റെ സകല കല്പനകളും ഔര്‍ത്തു അനുസരിച്ചു നിങ്ങളുടെ ദൈവത്തിന്നു വിശുദ്ധരായിരിക്കേണ്ടതിന്നു തന്നേ.

41 നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ തന്നേ.