Bible

 

ലേവ്യപുസ്തകം 4

Studie

   

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

2 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും അബദ്ധവശാല്‍ പിഴെച്ചു ആ വക വല്ലതും ചെയ്താല്‍ -

3 അഭിഷിക്തനായ പുരോഹിതന്‍ ജനത്തിന്മേല്‍ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കില്‍ താന്‍ ചെയ്ത പാപം നിമിത്തം അവന്‍ യഹോവേക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അര്‍പ്പിക്കേണം.

4 അവന്‍ ആ കാളയെ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നു കാളയുടെ തലയില്‍ കൈവെച്ചു യഹോവയുടെ സന്നിധിയില്‍ കാളയെ അറുക്കേണം.

5 അഭിഷിക്തനായ പുരോഹിതന്‍ കാളയുടെ രക്തം കുറെ എടുത്തു സമാഗമനക്കുടാരത്തില്‍ കൊണ്ടുവരേണം.

6 പുരോഹിതന്‍ രക്തത്തില്‍ വിരല്‍ മുക്കി യഹോവയുടെ സന്നിധിയില്‍ വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലെക്കു മുമ്പില്‍ ഏഴു പ്രാവശ്യം തളിക്കേണം.

7 പുരോഹിതന്‍ രക്തം കുറെ യഹോവയുടെ സന്നിധിയില്‍ സമാഗമന കൂടാരത്തിലുള്ള സുഗന്ധവര്‍ഗ്ഗത്തിന്‍ ധൂപപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടേണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ ഉള്ള ഹോമയാഗ പീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.

8 പാപയാഗത്തിന്നുള്ള കാളയുടെ സകല മേദസ്സും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും അതില്‍നിന്നു നീക്കേണം.

9 മൂത്രപിണ്ഡം രണ്ടും അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും അവന്‍ എടുക്കേണം.

10 സമാധാനയാഗത്തിന്നുള്ള കാളയില്‍നിന്നു എടുത്തതുപോലെ തന്നേ; പുരോഹിതന്‍ ഹോമയാഗപീഠത്തിന്മേല്‍ അതു ദഹിപ്പിക്കേണം.

11 കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി കാളയെ മുഴുവനും

12 അവന്‍ പാളയത്തിന്നു പുറത്തു വെണ്ണീര്‍ ഇടുന്ന വെടിപ്പുള്ള സ്ഥലത്തു കൊണ്ടുപോയി വിറകിന്മേല്‍ വെച്ചു തീയിട്ടു ചുട്ടുകളയേണം; വെണ്ണീര്‍ ഇടുന്നേടത്തു വെച്ചുതന്നേ അതു ചുട്ടുകളയേണം.

13 യിസ്രായേല്‍സഭ മുഴുവനും അബദ്ധവശാല്‍ പിഴെക്കയും ആ കാര്യം സഭയുടെ കണ്ണിന്നു മറഞ്ഞിരിക്കയും, ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അവര്‍ പാപം ചെയ്തു കുറ്റക്കാരായി തീരുകയും ചെയ്താല്‍,

14 ചെയ്ത പാപം അവര്‍ അറിയുമ്പോള്‍ സഭ ഒരു കാളക്കിടാവിനെ പാപയാഗമായി അര്‍പ്പിക്കേണം; സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ടു

15 സഭയുടെ മൂപ്പന്മാര്‍ യഹോവയുടെ സന്നിധിയില്‍ കാളയുടെ തലയില്‍ കൈ വെക്കേണം; യഹോവയുടെ സന്നിധിയില്‍ കാളയെ അറുക്കയും വേണം.

16 അഭിഷിക്തനായ പുരോഹിതന്‍ കാളയുടെ രക്തം കുറെ സമാഗമനക്കുടാരത്തില്‍ കൊണ്ടുവരേണം.

17 പുരോഹിതന്‍ രക്തത്തില്‍ വിരല്‍ മുക്കി യഹോവയുടെ സന്നിധിയില്‍ തിരശ്ശീലെക്കു മുമ്പില്‍ ഏഴു പ്രാവശ്യം തളിക്കേണം.

18 അവന്‍ സമാഗമനക്കുടാരത്തില്‍ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളില്‍ കുറെ പുരട്ടേണം; ശേഷം രക്തം മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.

19 അതിന്റെ മേദസ്സു ഒക്കെയും അവന്‍ അതില്‍നിന്നു എടുത്തു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം.

20 പാപയാഗത്തിന്നുള്ള കാളയെ അവന്‍ ചെയ്തതുപോലെ തന്നേ ഈ കാളയെയും ചെയ്യേണം; അങ്ങനെ തന്നേ ഇതിനെയും ചെയ്യേണം; ഇങ്ങനെ പുരോഹിതന്‍ അവര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവരോടു ക്ഷമിക്കും.

21 പിന്നെ അവന്‍ കാളയെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയേണം; ഇതു സഭെക്കുവേണ്ടിയുള്ള പാപയാഗം.

22 ഒരു പ്രമാണി പാപം ചെയ്കയും, ചെയ്യരുതെന്നു തന്റെ ദൈവമായ യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാല്‍ പിഴെച്ചു കുറ്റക്കാരനായി തീരുകയും ചെയ്താല്‍

23 അവന്‍ ചെയ്ത പാപം അവന്നു ബോദ്ധ്യമായി എങ്കില്‍ അവന്‍ ഊനമില്ലാത്ത ഒരു ആണ്‍ കോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം.

24 അവന്‍ ആട്ടിന്റെ തലയില്‍ കൈവെച്ചു യഹോവയുടെ സന്നിധിയില്‍ ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ അറുക്കേണം; അതു ഒരു പാപയാഗം.

25 പിന്നെ പുരോഹിതന്‍ പാപയാഗത്തിന്റെ രക്തം വിരല്‍കൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടി ശേഷം രക്തം ഹോമയാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.

26 അതിന്റെ മേദസ്സു ഒക്കെയും അവന്‍ സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്റെ പാപം നിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.

27 ദേശത്തെ ജനത്തില്‍ ഒരുത്തന്‍ ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അബദ്ധവശാല്‍ പിഴെച്ചു കുറ്റക്കാരനായി തീര്‍ന്നാല്‍

28 പാപം അവന്നു ബോദ്ധ്യമായി എങ്കില്‍ അവന്‍ ചെയ്ത പാപം നിമിത്തം ഊനമില്ലാത്ത ഒരു പെണ്‍കോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം.

29 പാപയാഗമൃഗത്തിന്റെ തലയില്‍ അവന്‍ കൈ വെച്ചിട്ടു ഹോമയാഗത്തിന്റെ സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെ അറുക്കേണം.

30 പുരോഹിതന്‍ അതിന്റെ രക്തം വിരല്‍കൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.

31 അതിന്റെ മേദസ്സു ഒക്കെയും സമാധാനയാഗത്തില്‍നിന്നു മേദസ്സു എടുക്കുന്നതുപോലെ എടുത്തു പുരോഹിതന്‍ യാഗപീഠത്തിന്മേല്‍ യഹോവേക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.

32 അവന്‍ പാപയാഗമായി ഒരു ആട്ടിന്‍ കുട്ടിയെ കൊണ്ടുവരുന്നു എങ്കില്‍ ഊനമില്ലാത്ത പെണ്ണാട്ടിനെ കൊണ്ടുവരേണം.

33 പാപയാഗമൃഗത്തിന്റെ തലയില്‍ അവന്‍ കൈവെച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ പാപയാഗമായി അറുക്കേണം.

34 പുരോഹിതന്‍ പാപയാഗത്തിന്റെ രക്തം വിരല്‍കൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.

35 അതിന്റെ മേദസ്സു ഒക്കെയും സമാധാനയാഗത്തില്‍നിന്നു ആട്ടിന്‍ കുട്ടിയുടെ മേദസ്സു എടുക്കുന്നതുപോലെ അവന്‍ എടുക്കേണം; പുരോഹിതന്‍ യാഗപീഠത്തിന്മേല്‍ യഹോവയുടെ ദഹനയാഗങ്ങളെപ്പോലെ അവയെ ദഹിപ്പിക്കേണം; അവന്‍ ചെയ്ത പാപത്തിന്നു പുരോഹിതന്‍ ഇങ്ങനെ പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.

   

Bible

 

Hebrews 13:11

Studie

       

11 For the bodies of those beasts, whose blood is brought into the sanctuary by the high priest for sin, are burned without the camp.