Bible

 

ന്യായാധിപന്മാർ 16

Studie

   

1 അനന്തരം ശിംശോന്‍ ഗസ്സയില്‍ ചെന്നു അവിടെ ഒരു വേശ്യയെ കണ്ടു അവളുടെ അടുക്കല്‍ ചെന്നു.

2 ശിംശോന്‍ ഇവിടെ വന്നിരിക്കുന്നു എന്നു ഗസ്യര്‍ക്കും അറിവുകിട്ടി; അവര്‍ വന്നു വളഞ്ഞു അവനെ പിടിപ്പാന്‍ രാത്രിമുഴുവനും പട്ടണവാതില്‍ക്കല്‍ പതിയിരുന്നു; നേരം വെളുക്കുമ്പോള്‍ അവനെ കൊന്നുകളയാം എന്നു പറഞ്ഞു രാത്രിമുഴുവനും അനങ്ങാതിരുന്നു.

3 ശിംശോന്‍ അര്‍ദ്ധരാത്രിവരെ കിടന്നുറങ്ങി അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റു പട്ടണവാതിലിന്റെ കതകും കട്ടളക്കാല്‍ രണ്ടും ഔടാമ്പലോടുകൂടെ പറിച്ചെടുത്തു ചുമലില്‍വെച്ചു പുറപ്പെട്ടു ഹെബ്രോന്നെതിരെയുള്ള മലമുകളില്‍ കൊണ്ടുപോയി.

4 അതിന്റെശേഷം അവന്‍ സോരേക്‍ താഴ്വരയില്‍ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു.

5 ഫെലിസ്ത പ്രഭുക്കന്മാര്‍ അവളുടെ അടുക്കല്‍ വന്നു അവളോടുനീ അവനെ വശീകരിച്ചു അവന്റെ മഹാശക്തി ഏതില്‍ എന്നും ഞങ്ങള്‍ അവനെ പിടിച്ചു കെട്ടി ഒതുക്കേണ്ടതിന്നു എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊള്‍ക; ഞങ്ങള്‍ ഔരോരുത്തന്‍ ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം നിനക്കു തരാം എന്നു പറഞ്ഞു.

6 അങ്ങനെ ദെലീലാ ശിംശോനോടുനിന്റെ മഹാശക്തി ഏതില്‍ ആകുന്നു? ഏതിനാല്‍ നിന്നെ ബന്ധിച്ചു ഒതുക്കാം? എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.

7 ശിംശോന്‍ അവളോടുഒരിക്കലും ഉണങ്ങാതെ പച്ചയായ ഏഴു ഞാണുകൊണ്ടു എന്നെ ബന്ധിച്ചാല്‍ എന്റെ ബലം ക്ഷയിച്ചു ഞാന്‍ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.

8 ഫെലിസ്ത്യപ്രഭുക്കന്മാര്‍ ഉണങ്ങാത്ത ഏഴു പച്ച ഞാണു അവളുടെ അടുക്കല്‍ കൊണ്ടുവന്നു; അവകൊണ്ടു അവള്‍ അവനെ ബന്ധിച്ചു.

9 അവളുടെ ഉള്‍മുറിയില്‍ പതിയിരിപ്പുകാര്‍ പാര്‍ത്തിരുന്നു. അവള്‍ അവനോടുശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ തീ തൊട്ട ചണനൂല്‍പോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല.

10 പിന്നെ ദെലീലാ ശിംശോനോടുനീ എന്നെ ചതിച്ചു എന്നോടു ഭോഷകു പറഞ്ഞു; നിന്നെ ഏതിനാല്‍ ബന്ധിക്കാം എന്നു ഇപ്പോള്‍ എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.

11 അവന്‍ അവളോടുഒരിക്കലും പെരുമാറീട്ടില്ലാത്ത പുതിയ കയര്‍കൊണ്ടു എന്നെ ബന്ധിച്ചാല്‍ എന്റെ ബലം ക്ഷയിച്ചു ഞാന്‍ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.

12 ദെലീലാ പുതിയ കയര്‍ വാങ്ങി അവനെ ബന്ധിച്ചിട്ടുശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു അവനോടു പറഞ്ഞു. പതിയിരിപ്പുകാര്‍ ഉള്‍മുറിയില്‍ ഉണ്ടായിരുന്നു. അവനോ ഒരു നൂല്‍പോലെ തന്റെ കൈമേല്‍നിന്നു അതു പൊട്ടിച്ചുകളഞ്ഞു.

13 ദെലീലാ ശിംശോനോടുഇതുവരെ നീ എന്നെ ചതിച്ചു എന്നോടു ഭോഷകു പറഞ്ഞു; നിന്നെ ഏതിനാല്‍ ബന്ധിക്കാമെന്നു എനിക്കു പറഞ്ഞു തരേണം എന്നു പറഞ്ഞു. അവന്‍ അവളോടുഎന്റെ തലയിലെ ഏഴു ജട നൂല്പാവില്‍ ചേര്‍ത്തു നെയ്താല്‍ സാധിക്കും എന്നു പറഞ്ഞു.

14 അവള്‍ അങ്ങനെ ചെയ്തു കുറ്റി അടിച്ചുറപ്പിച്ചുംവെച്ചു അവനോടുശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു അവന്‍ ഉറക്കമുണര്‍ന്നു നെയ്ത്തുതടിയുടെ കുറ്റിയും പാവും പറിച്ചെടുത്തുകളഞ്ഞു.

15 അപ്പോള്‍ അവള്‍ അവനോടുനിന്റെ ഹൃദയം എന്നോടുകൂടെ ഇല്ലാതിരിക്കെ നീ എന്നെ സ്നേഹിക്കുന്നു എന്നു പറയുന്നതു എങ്ങനെ? ഈ മൂന്നു പ്രാവശ്യം നീ എന്നെ ചതിച്ചു; നിന്റെ മഹാശക്തി ഏതില്‍ ആകന്നു എന്നു എനിക്കു പറഞ്ഞുതന്നില്ല എന്നു പറഞ്ഞു.

16 ഇങ്ങനെ അവള്‍ അവനെ ദിവസംപ്രതി വാക്കുകളാല്‍ ബുദ്ധിമുട്ടിച്ചു അസഹ്യപ്പെടുത്തി; അവന്‍ മരിപ്പാന്തക്കവണ്ണം വ്യസനപരവശനായി തീര്‍ന്നിട്ടു തന്റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു.

17 ക്ഷൌരക്കത്തി എന്റെ തലയില്‍ തൊട്ടിട്ടില്ല; ഞാന്‍ അമ്മയുടെ ഗര്‍ഭംമുതല്‍ ദൈവത്തിന്നു വ്രതസ്ഥന്‍ ആകുന്നു; ക്ഷൌരം ചെയ്താല്‍ എന്റെ ബലം എന്നെ വിട്ടുപോകും; ഞാന്‍ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും എന്നു അവളോടു പറഞ്ഞു.

18 തന്റെ ഉള്ളം മുഴുവനും അവന്‍ അറിയിച്ചു എന്നു കണ്ടപ്പോള്‍ ദെലീലാ ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിപ്പാന്‍ ആളയച്ചുഇന്നു വരുവിന്‍ ; അവന്‍ തന്റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവളുടെ അടുക്കല്‍ വന്നു, പണവും കയ്യില്‍ കൊണ്ടുവന്നു.

19 അവള്‍ അവനെ മടിയില്‍ ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവള്‍ അവനെ ഒതുക്കിത്തുടങ്ങി; അവന്റെ ശക്തി അവനെ വിട്ടുപോയി. പിന്നെ അവള്‍ശിംശോനേ,

20 ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ ഉറക്കമുണര്‍ന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെഞാന്‍ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു.

21 ഫെലിസ്ത്യരോ അവനെ പിടിച്ചു കണ്ണു കുത്തിപ്പൊട്ടിച്ചു ഗസ്സയിലേക്കു കൊണ്ടുപോയി ചെമ്പുചങ്ങലകൊണ്ടു ബന്ധിച്ചു; അവന്‍ കാരാഗൃഹത്തില്‍ മാവു പൊടിച്ചുകൊണ്ടിരുന്നു.

22 അവന്റെ തലമുടി കളഞ്ഞശേഷം വീണ്ടും വളര്‍ന്നുതുടങ്ങി.

23 അനന്തരം ഫെലിസ്ത്യപ്രഭുക്കന്മാര്‍നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവന്‍ നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനായ ദാഗോന്നു ഒരു വലിയ ബലികഴിപ്പാനും ഉത്സവം ഘോഷിപ്പാനും ഒരുമിച്ചുകൂടി.

24 പുരുഷാരം അവനെ കണ്ടപ്പോള്‍നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മില്‍ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവന്‍ നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനെ പുകഴ്ത്തി.

25 അവര്‍ ആനന്ദത്തിലായപ്പോള്‍നമ്മുടെ മുമ്പില്‍ കളിപ്പാന്‍ ശിംശോനെ കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു ശിംശോനെ കാരാഗൃഹത്തില്‍നിന്നു വരുത്തി; അവന്‍ അവരുടെ മുമ്പില്‍ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിര്‍ത്തിയിരുന്നതു.

26 ശിംശോന്‍ തന്നെ കൈകൂ പിടിച്ച ബാല്യക്കാരനോടുക്ഷേത്രം നിലക്കുന്ന തൂണു ചാരിയിരിക്കേണ്ടതിന്നു ഞാന്‍ അവയെ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.

27 എന്നാല്‍ ക്ഷേത്രത്തില്‍ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോന്‍ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരം പേര്‍ മാളികയില്‍ ഉണ്ടായിരുന്നു.

28 അപ്പോള്‍ ശിംശോന്‍ യഹോവയോടു പ്രാര്‍ത്ഥിച്ചുകര്‍ത്താവായ യഹോവേ, എന്നെ ഔര്‍ക്കേണമേ; ദൈവമേ, ഞാന്‍ എന്റെ രണ്ടുകണ്ണിന്നും വേണ്ടി ഫെലിസ്ത്യരോടു പ്രതികാരം ചെയ്യേണ്ടതിന്നു ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ എന്നു പറഞ്ഞു.

29 ക്ഷേത്രം നിലക്കുന്ന രണ്ടു നടുത്തുണും ഒന്നു വലങ്കൈകൊണ്ടും മറ്റേതു ഇടങ്കൈകൊണ്ടും ശിംശോന്‍ പിടിച്ചു അവയോടു ചാരി

30 ഞാന്‍ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോന്‍ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേല്‍ വീണു. അങ്ങനെ അവന്‍ മരണസമയത്തുകൊന്നവര്‍ ജീവകാലത്തു കൊന്നവരെക്കാള്‍ അധികമായിരുന്നു.

31 അവന്റെ സഹോദരന്മാരും പിതൃഭവനമൊക്കെയും ചെന്നു അവനെ എടുത്തു സോരെക്കും എസ്തായോലിന്നും മദ്ധ്യേ അവന്റെ അപ്പനായ മാനോഹയുടെ ശ്മശാനസ്ഥലത്തു അടക്കം ചെയ്തു. അവന്‍ യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തിരുന്നു.

   

Bible

 

Jeremiah 15:15

Studie

       

15 O LORD, thou knowest: remember me, and visit me, and revenge me of my persecutors; take me not away in thy longsuffering: know that for thy sake I have suffered rebuke.