Bible

 

യോശുവ 17

Studie

   

1 യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിന്നും ഔഹരി കിട്ടി; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനും ആയ മാഖീര്‍ യുദ്ധവീരനായിരുന്നതുകൊണ്ടു അവന്നു ഗിലെയാദും ബാശാനും ലഭിച്ചു.

2 മനശ്ശെയുടെ ശേഷം പുത്രന്മാരായ അബീയേസെരിന്റെ മക്കള്‍, ഹേലെക്കിന്റെ മക്കള്‍, അസ്രീയേലിന്റെ മക്കള്‍, ശേഖെമിന്റെ മക്കള്‍, ഹേഫെരിന്റെ മക്കള്‍, ശെമീദാവിന്റെ മക്കള്‍ എന്നിവര്‍ക്കും കുടുംബംകുടുംബമായി ഔഹരി കിട്ടി; ഇവര്‍ കുടുംബംകുടുംബമായി യോസേഫിന്റെ മകനായ മനശ്ശെയുടെ മക്കള്‍ ആയിരുന്നു.

3 എന്നാല്‍ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകന്‍ ശെലോഫഹാദിന്നു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഇല്ലായിരുന്നു; അവന്റെ പുത്രിമാര്‍ക്കും; മഹ്ള, നോവ, ഹൊഗ്ള, മില്‍ക്ക, തിര്‍സ എന്നു പേരായിരുന്നു.

4 അവര്‍ പുരോഹിതനായ എലെയാസരിന്റെയും നൂന്റെ മകനായ യോശുവയുടെയും പ്രഭുക്കന്മാരുടെയും മുമ്പില്‍ അടുത്തുചെന്നുഞങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തില്‍ ഒരു അവകാശം ഞങ്ങള്‍ക്കു തരുവാന്‍ യഹോവ മോശെയോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. അങ്ങനെ അവന്‍ യഹോവയുടെ കല്പനപ്രകാരം അവരുടെ അപ്പന്റെ സഹോദരന്മാരുടെ കൂട്ടത്തില്‍ അവര്‍ക്കും ഒരു അവകാശം കൊടുത്തു.

5 ഇങ്ങനെ മനശ്ശെയുടെ പുത്രിമാര്‍ക്കും അവന്റെ പുത്രന്മാരുടെ കൂട്ടത്തില്‍ അവകാശം ലഭിച്ചതുകൊണ്ടു മനശ്ശെക്കു യോര്‍ദ്ദാന്നക്കരെ ഗിലെയാദ് ദേശവും ബാശാനും കൂടാതെ പത്തു ഔഹരി കിട്ടി.

6 മനശ്ശെയുടെ ശേഷം പുത്രന്മാര്‍ക്കും ഗിലെയാദ് ദേശം കിട്ടി.

7 മനശ്ശെയുടെ അതിരോ ആശേര്‍മുതല്‍ ശേഖെമിന്നു കിഴക്കുള്ള മിഖ് മെഥാത്ത്വരെ ചെന്നു വലത്തോട്ടു തിരിഞ്ഞു ഏന്‍ -തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.

8 തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യര്‍ക്കും ഉള്ളതായിരുന്നു.

9 പിന്നെ ആ അതിര്‍ കാനാതോട്ടിങ്കലേക്കു തോട്ടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങള്‍ മനശ്ശെയുടെ പട്ടണങ്ങള്‍ക്കിടയില്‍ എഫ്രയീമിന്നുള്ളവ; മനശ്ശെയുടെ അതിര്‍ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്നു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.

10 തെക്കുഭാഗം എഫ്രയീമിന്നും വടക്കുഭാഗം മനശ്ശെക്കും ഉള്ളതു. സമുദ്രം അവന്റെ അതിര്‍ ആകുന്നു;

11 അതു വടക്കു ആശേരിനോടും കിഴക്കു യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ അധീനനഗരങ്ങളും യിബ്ളെയാമും അതിന്റെ അധീനനഗരങ്ങളും ദോര്‍നിവാസികളും അതിന്റെ അധീനനഗരങ്ങളും ഏന്‍ -ദോര്‍നിവാസികളും അതിന്റെ അധീനനഗരങ്ങളും താനാക്‍ നിവാസികളും അതിന്റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകള്‍ തന്നേ.

12 എന്നാല്‍ മനശ്ശെയുടെ മക്കള്‍ക്കു ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാന്‍ കഴിഞ്ഞില്ല; കനാന്യര്‍ക്കും ആ ദേശത്തില്‍ തന്നേ പാര്‍പ്പാനുള്ള താല്പര്യം സാധിച്ചു.

13 എന്നാല്‍ യിസ്രായേല്‍മക്കള്‍ ബലവാന്മാരായി തീര്‍ന്നപ്പോള്‍ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.

14 അനന്തരം യോസേഫിന്റെ മക്കള്‍ യോശുവയോടുയഹോവ ഇതുവരെ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങള്‍ ഒരു വലിയ ജനമായി തീര്‍ന്നിരിക്കെ ഒരു നറുക്കും ഔഹരിയും മാത്രം നീ ഞങ്ങള്‍ക്കു തന്നതു എന്തു എന്നു ചോദിച്ചു.

15 യോശുവ അവരോടുനിങ്ങള്‍ വലിയൊരു ജനം എങ്കില്‍ എഫ്രയീംപര്‍വ്വതം നിങ്ങള്‍ക്കു വിസ്താരം പോരാത്തതാകകൊണ്ടു കാട്ടുപ്രദേശത്തു ചെന്നു പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്തു കാടുവെട്ടി സ്ഥലം എടുത്തു കൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു.

16 അതിന്നു യോസേഫിന്റെ മക്കള്‍മലനാടു ഞങ്ങള്‍ക്കു പോരാ; ബേത്ത്-ശെയാനിലും അതിന്റെ അധീനനഗരങ്ങളിലും യിസ്രായേല്‍ താഴ്വരയിലും ഇങ്ങനെ താഴ്‍വീതി പ്രദേശത്തു പാര്‍ക്കുംന്ന കനാന്യര്‍ക്കൊക്കെയും ഇരിമ്പു രഥങ്ങള്‍ ഉണ്ടു എന്നു പറഞ്ഞു.

17 യോശുവ യോസേഫിന്റെ കുലമായ എഫ്രയീമിനോടും മനശ്ശെയോടും പറഞ്ഞതുനിങ്ങള്‍ വലിയോരു ജനം തന്നേ; മഹാശക്തിയും ഉണ്ടു; നിങ്ങള്‍ക്കു ഒരു ഔഹരിമാത്രമല്ല വരേണ്ടതു.

18 മലനാടു നിനക്കുള്ളതു ആയിരിക്കേണം; അതു കാടാകുന്നു എങ്കിലും നിങ്ങള്‍ അതു വെട്ടിത്തെളിക്കേണം അതിന്റെ അറുതിപ്രദേശങ്ങളും നിങ്ങള്‍ക്കുള്ളവ തന്നേ; കനാന്യര്‍ ഇരിമ്പുരഥങ്ങള്‍ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങള്‍ അവരെ നീക്കിക്കളയും.

   

Bible

 

ഉല്പത്തി 50:23

Studie

       

23 എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയില്‍ വളര്‍ന്നു.