Bible

 

പുറപ്പാടു് 30

Studie

   

1 ധൂപം കാട്ടുവാന്‍ ഒരു ധൂപപീഠവും ഉണ്ടാക്കേണം; ഖദിരമരംകൊണ്ടു അതു ഉണ്ടാക്കേണം.

2 അതു ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടു മുഴം ഉയരവും ആയിരിക്കേണം. അതിന്റെ കൊമ്പുകള്‍ അതില്‍നിന്നു തന്നേ ആയിരിക്കേണം.

3 അതിന്റെ മേല്പലകയും ചുറ്റും അതിന്റെ പാര്‍ശ്വങ്ങളും കൊമ്പുകളും ഇങ്ങനെ അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം. അതിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.

4 ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാന്‍ അതിന്റെ വക്കിന്നു കീഴെ ഇരുപുറത്തും ഈരണ്ടു പൊന്‍ വളയവും ഉണ്ടാക്കേണം. അതിന്റെ രണ്ടു പാര്‍ശ്വത്തിലും അവയെ ഉണ്ടാക്കേണം.

5 തണ്ടുകള്‍ ഖദിരമരംകൊണ്ടു ഉണ്ടാക്കി പൊന്നു പൊതിയേണം.

6 സാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാന്‍ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലെക്കു മുമ്പാകെ അതു വെക്കേണം.

7 അഹരോന്‍ അതിന്മേല്‍ സുഗന്ധധൂപം കാട്ടേണം; അവന്‍ ദിനംപ്രതി കാലത്തു ദീപം തുടെക്കുമ്പോള്‍ അങ്ങനെ ധൂപം കാട്ടേണം.

8 അഹരോന്‍ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടേണം. അതു തലമുറതലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കേണം.

9 നിങ്ങള്‍ അതിന്മേല്‍ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അര്‍പ്പിക്കരുതു; അതിന്മേല്‍ പാനീയയാഗം ഒഴിക്കയുമരുതു.

10 സംവത്സരത്തില്‍ ഒരിക്കല്‍ അഹരോന്‍ അതിന്റെ കൊമ്പുകള്‍ക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; പ്രായശ്ചിത്തത്തിന്നുള്ള പാപയാഗത്തിന്റെ രക്തംകൊണ്ടു അവന്‍ തലമുറതലമുറയായി വര്‍ഷാന്തരപ്രായശ്ചിത്തം കഴിക്കേണം; ഇതു യഹോവേക്കു അതിവിശുദ്ധം.

11 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍

12 യിസ്രായേല്‍മക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന്നു അവരെ എണ്ണുമ്പോള്‍ അവരുടെ മദ്ധ്യേ ബാധ ഉണ്ടാകാതിരിപ്പാന്‍ അവരില്‍ ഔരോരുത്തന്‍ താന്താന്റെ ജീവന്നുവേണ്ടി യഹോവേക്കു വീണ്ടെടുപ്പുവില കൊടുക്കേണം.

13 എണ്ണപ്പെടുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെല്‍ കൊടുക്കേണം. ശേക്കെല്‍ എന്നതു ഇരുപതു ഗേരാ. ആ അര ശേക്കെല്‍ യഹോവേക്കു വഴിപാടു ആയിരിക്കേണം.

14 എണ്ണപ്പെടുന്നവരുടെ കൂട്ടത്തില്‍ ഇരുപതു വയസ്സും അതിന്നു മീതെയുമുള്ളവനെല്ലാം യഹോവേക്കു വഴിപാടു കൊടുക്കേണം.

15 നിങ്ങളുടെ ജിവന്നുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ നിങ്ങള്‍ യഹോവേക്കു വഴിപാടു കൊടുക്കുമ്പോള്‍ ധനവാന്‍ അര ശേക്കെലില്‍ അധികം കൊടുക്കരുതു; ദരിദ്രന്‍ കുറെച്ചു കൊടുക്കയും അരുതു.

16 ഈ പ്രായശ്ചിത്ത ദ്രവ്യം നീ യിസ്രായേല്‍മക്കളോടു വാങ്ങി സമാഗമനക്കുടാരത്തിന്റെ ശുശ്രൂഷെക്കായി കൊടുക്കേണം. നിങ്ങളുടെ ജീവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു അതു യഹോവയുടെ മുമ്പാകെ യിസ്രായേല്‍മക്കള്‍ക്കു വേണ്ടി ഒരു ജ്ഞാപകമായിരിക്കേണം.

17 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍

18 കഴുകേണ്ടതിന്നു ഒരു താമ്രത്തൊട്ടിയും അതിന്നു ഒരു താമ്രക്കാലും ഉണ്ടാക്കേണം; അതിനെ സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിനും മദ്ധ്യേ വെച്ചു അതില്‍ വെള്ളം ഒഴിക്കേണം.

19 അതിങ്കല്‍ അഹരോനും അവന്റെ പുത്രന്മാരും കയ്യും കാലും കഴുകേണം.

20 അവര്‍ സമാഗമനക്കുടാരത്തില്‍ കടക്കയോ യഹോവേക്കു ദഹനയാഗം കഴിക്കേണ്ടതിന്നു യാഗപീഠത്തിങ്കല്‍ ശുശ്രൂഷിപ്പാന്‍ ചെല്ലുകയോ ചെയ്യുമ്പോള്‍ മരിക്കാതിരിക്കേണ്ടതിന്നു വെള്ളംകൊണ്ടു കഴുകേണം.

21 അവര്‍ മരിക്കാതിരിക്കേണ്ടതിന്നു കയ്യും കാലും കഴുകേണം; അതു അവര്‍ക്കും തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

22 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍;

23 മേത്തരമായ സുഗന്ധ വര്‍ഗ്ഗമായി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറു ശേക്കെല്‍ അയഞ്ഞ മൂരും അതില്‍ പാതി ഇരുനൂറ്റമ്പതു ശേക്കെല്‍ സുഗന്ധലവംഗവും

24 അഞ്ഞൂറു ശേക്കെല്‍ വഴനത്തൊലിയും ഒരു ഹീന്‍ ഒലിവെണ്ണയും എടുത്തു

25 തൈലക്കാരന്റെ വിദ്യപ്രകാരം ചേര്‍ത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അതു വിശുദ്ധമായ അഭിഷേക തൈലമായിരിക്കേണം.

26 അതിനാല്‍ നീ സമാഗമനക്കുടാരവും സാക്ഷ്യപെട്ടകവും മേശയും

27 അതിന്റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്റെ ഉപകരണങ്ങളും

28 ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്യേണം.

29 അവ അതിവിശുദ്ധമായിരിക്കേണ്ടതിന്നു അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.

30 അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു നീ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.

31 യിസ്രായേല്‍മക്കളോടു നീ പറയേണ്ടതു എന്തെന്നാല്‍ഇതു നിങ്ങളുടെ തലമുറകളില്‍ എനിക്കു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കേണം.

32 അതു മനുഷ്യന്റെ ദേഹത്തിന്മേല്‍ ഒഴിക്കരുതു; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളതു നിങ്ങള്‍ ഉണ്ടാക്കുകയും അരുതു; അതു വിശുദ്ധമാകുന്നു; അതു നിങ്ങള്‍ക്കു വിശുദ്ധമായിരിക്കേണം.

33 അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതില്‍നിന്നു അന്യന്നു കൊടുക്കുന്നവനെയും അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.

34 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍നീ നറുംപശ, ഗുല്ഗുലു, ഹല്‍ബാനപ്പശ എന്നീ സുഗന്ധവര്‍ഗ്ഗവും നിര്‍മ്മലസാംപ്രാണിയും എടുക്കേണം; എല്ലാം ഒരു പോലെ തൂക്കം ആയിരിക്കേണം.

35 അതില്‍ ഉപ്പും ചേര്‍ത്തു തൈലക്കാരന്റെ വിദ്യപ്രകാരം നിര്‍മ്മലവും വിശുദ്ധവുമായ ധൂപവര്‍ഗ്ഗമാക്കേണം.

36 നീ അതില്‍ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാന്‍ നിനക്കു വെളിപ്പെടുവാനുള്ള സമാഗമനക്കുടാരത്തിലെ സാക്ഷ്യത്തിന്നു മുമ്പാകെ വെക്കേണം; അതു നിങ്ങള്‍ക്കു അതിവിശുദ്ധമായിരിക്കേണം.

37 ഈ ഉണ്ടാക്കുന്ന ധൂപവര്‍ഗ്ഗത്തിന്റെ യോഗത്തിന്നു ഒത്തതായി നിങ്ങള്‍ക്കു ഉണ്ടാക്കരുതു; അതു യഹോവേക്കു വിശുദ്ധമായിരിക്കേണം.

38 മണക്കേണ്ടതിന്നു അതുപോലെയുള്ളതു ആരെങ്കിലും ഉണ്ടാക്കിയാല്‍ അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.

   

Bible

 

Ezekiel 41:22

Studie

       

22 The altar of wood was three cubits high, and the length thereof two cubits; and the corners thereof, and the length thereof, and the walls thereof, were of wood: and he said unto me, This is the table that is before the LORD.