Bible

 

പുറപ്പാടു് 28

Studie

   

1 നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു നിന്റെ അടുക്കല്‍ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവരെയും തന്നേ

2 നിന്റെ സഹോദരനായ അഹരോന്നു വേണ്ടി മഹത്വത്തിന്നും അലങ്കാരത്തിന്നുമായി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.

3 അഹരോന്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാന്‍ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന്നു അവന്നു വസ്ത്രം ഉണ്ടാക്കേണമെന്നു ഞാന്‍ ജ്ഞാനാത്മാവുകൊണ്ടു നിറെച്ചിരിക്കുന്ന സകലജ്ഞാനികളോടും നീ പറയേണം.

4 അവര്‍ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോപതക്കം, ഏഫോദ്, നീളകൂപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ടു എന്നിവ തന്നേ. നിന്റെ സഹോദരനായ അഹരോന്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവര്‍ അവന്നും അവന്റെ പുത്രന്മാര്‍ക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.

5 അതിന്നു പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ എടുക്കേണം.

6 പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം.

7 അതിന്റെ രണ്ടു അറ്റത്തോടു ചേര്‍ന്നതായി രണ്ടു ചുമല്‍ക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മില്‍ ഇണെച്ചിരിക്കേണം.

8 അതു കെട്ടിമുറുക്കുവാന്‍ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു അതില്‍നിന്നു തന്നേ അതിന്റെ പണിപോലെ പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ആയിരിക്കേണം.

9 അതു കൂടാതെ രണ്ടു ഗോമേദകക്കല്ലു എടുത്തു അവയില്‍ യിസ്രായേല്‍മക്കളുടെ പേര്‍ കൊത്തേണം.

10 അവരുടെ പേരുകളില്‍ ആറു ഒരുകല്ലിലും ശേഷമുള്ള ആറു മറ്റെ കല്ലിലും അവരുടെ ജനനക്രമത്തില്‍ ആയിരിക്കേണം.

11 രത്നശില്പിയുടെ പണിയായി മുദ്രക്കൊത്തുപോലെ രണ്ടു കല്ലിലും യിസ്രായേല്‍ മക്കളുടെ പേര്‍ കൊത്തേണം; അവ പൊന്തടങ്ങളില്‍ പതിക്കേണം;

12 കല്ലു രണ്ടും ഏഫോദിന്റെ ചുമല്‍ക്കണ്ടങ്ങളിന്മേല്‍ യിസ്രായേല്‍മക്കള്‍ക്കു വേണ്ടി ഔര്‍മ്മക്കല്ലായി വെക്കേണം; അഹരോന്‍ യഹോവയുടെ മുമ്പാകെ അവരുടെ പേര്‍ ഔര്‍മ്മക്കായി തന്റെ രണ്ടു ചുമലിന്മേലും വഹിക്കേണം.

13 പൊന്നുകൊണ്ടു തടങ്ങള്‍ ഉണ്ടാക്കേണം.

14 തങ്കംകൊണ്ടു ചരടുപോലെ മുറിച്ചുകുത്തുപണിയായി രണ്ടു സരപ്പളിയും ഉണ്ടാക്കേണം; മുറിച്ചു കുത്തുപണിയായ സരപ്പളി തടങ്ങളില്‍ ചേര്‍ക്കേണം.

15 ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ടു ഉണ്ടാക്കേണം; അതു ഏഫോദിന്റെ പണിക്കൊത്തതായി പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ടു ഉണ്ടാക്കേണം.

16 അതു സമചതുരവും ഇരട്ടയും ഒരു ചാണ്‍ നീളമുള്ളതും ഒരു ചാണ്‍ വീതിയുള്ളതും ആയിരിക്കേണം.

17 അതില്‍ കല്‍പതിപ്പായി നാലു നിര കല്ലു പതിക്കേണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര.

18 രണ്ടാമത്തെ നിരമാണിക്യം, നീലക്കല്ലു, വജ്രം.

19 മൂന്നാമത്തെ നിരപത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു.

20 നാലാമത്തെ നിരപുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതതു തടത്തില്‍പൊന്നില്‍ പതിച്ചിരിക്കേണം.

21 ഈ കല്ലു യിസ്രായേല്‍മക്കളുടെ പേരോടുകൂടെ അവരുടെ പേര്‍പോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളില്‍ ഔരോന്നിന്റെ പേര്‍ അവയില്‍ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം.

22 പതക്കത്തിന്നു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളി ഉണ്ടാക്കേണം.

23 പതക്കത്തിന്നു പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ രണ്ടു അറ്റത്തും വട്ടക്കണ്ണി വെക്കേണം.

24 പൊന്നുകൊണ്ടു മുറിച്ചുകുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്റെ അറ്റങ്ങളില്‍ ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം.

25 മുറിച്ചുകുത്തുപണിയായ രണ്ടു സരപ്പളിയുടെ മറ്റേ അറ്റം രണ്ടും രണ്ടു തടത്തില്‍ കൊളുത്തി ഏഫോദിന്റെ ചുമല്‍ക്കണ്ടങ്ങളില്‍ അതിന്റെ മുന്‍ ഭാഗത്തു വെക്കേണം.

26 പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റേ രണ്ടു അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന്നു നേരെ അതിന്റെ വിളുമ്പില്‍ അകത്തായി വെക്കേണം.

27 പൊന്നുകൊണ്ടു വേറെ രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി, ഏഫോദിന്റെ മുന്‍ ഭാഗത്തു അതിന്റെ രണ്ടു ചുമല്‍ക്കണ്ടത്തിന്മേല്‍ താഴെ അതിന്റെ ഇണെപ്പിന്നരികെ ഏഫോദിന്റെ നടുക്കെട്ടിന്നു മേലായി വെക്കേണം.

28 പതക്കം ഏഫോദിന്റെ നടുക്കെട്ടിന്നു മേലായിരിക്കേണ്ടതിന്നും ഏഫോദില്‍ ആടാതിരിക്കേണ്ടതിന്നും അതിന്റെ വട്ടക്കണ്ണികളാല്‍ ഏഫോദിന്റെ വട്ടക്കണ്ണികളോടു നീലനാടകൊണ്ടു കെട്ടേണം.

29 അങ്ങനെ അഹരോന്‍ വിശുദ്ധമന്ദിരത്തില്‍ കടക്കുമ്പോള്‍ ന്യായവിധിപ്പതക്കത്തില്‍ യിസ്രായേല്‍മക്കളുടെ പേര്‍ എപ്പോഴും യഹോവയുടെ മുമ്പാകെ ഔര്‍മ്മെക്കായിട്ടു തന്റെ ഹൃദയത്തിന്മേല്‍ വഹിക്കേണം.

30 ന്യായവിധിപ്പതക്കത്തിന്നകത്തു ഊറീമും തുമ്മീമും (വെളിപ്പാടും സത്യവും) വെക്കേണം; അഹരോന്‍ യഹോവയുടെ സന്നിധാനത്തിങ്കല്‍ കടക്കുമ്പോള്‍ അവന്റെ ഹൃദയത്തിന്മേല്‍ ഇരിക്കേണം; അഹരോന്‍ യിസ്രായേല്‍മക്കള്‍ക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്റെ ഹൃദയത്തിന്മേല്‍ വഹിക്കേണം.

31 ഏഫോദിന്റെ അങ്കി മുഴുവനും നീല നൂല്‍കൊണ്ടു ഉണ്ടാക്കേണം.

32 അതിന്റെ നടുവില്‍ തല കടപ്പാന്‍ ഒരു ദ്വാരം വേണം; ദ്വാരത്തിന്നു നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അതു കീറിപ്പോകാതിരിപ്പാന്‍ കവചത്തിന്റെ ദ്വാരംപോലെ അതിന്നു ഉണ്ടായിരിക്കേണം.

33 നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവകൊണ്ടു ചുറ്റും അതിന്റെ വിളുമ്പില്‍ മാതളപ്പഴങ്ങളും അവയുടെ ഇടയില്‍ ചുറ്റും പൊന്നുകൊണ്ടു മണികളും ഉണ്ടാക്കേണം.

34 അങ്കിയുടെ വിളുമ്പില്‍ ചുറ്റും ഒരു പൊന്മണി ഒരു മാതളപ്പഴം, ഒരു പൊന്മണി ഒരു മാതളപ്പഴം, ഇങ്ങനെ വേണം.

35 ശുശ്രൂഷ ചെയ്കയില്‍ അഹരോന്‍ അതു ധരിക്കേണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തില്‍ കടക്കുമ്പോഴും പുറത്തുവരുമ്പോഴും അവന്‍ മരിക്കാതിരിക്കേണ്ടതിന്നു അതിന്റെ ശബ്ദം കേള്‍ക്കേണം.

36 തങ്കംകൊണ്ടു ഒരു പട്ടം ഉണ്ടാക്കി അതില്‍ “യഹോവേക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായി കൊത്തേണം.

37 അതു മുടിമേല്‍ ഇരിക്കേണ്ടതിന്നു നീലച്ചരടുകൊണ്ടു കെട്ടേണം; അതു മുടിയുടെ മുന്‍ ഭാഗത്തു ഇരിക്കേണം.

38 യിസ്രായേല്‍മക്കള്‍ തങ്ങളുടെ സകല വിശുദ്ധ വഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധവസ്തുക്കളുടെ കുറ്റം അഹരോന്‍ വഹിക്കേണ്ടതിന്നു അതു അഹരോന്റെ നെറ്റിയില്‍ ഇരിക്കേണം; യഹോവയുടെ മുമ്പാകെ അവര്‍ക്കും പ്രസാദം ലഭിക്കേണ്ടതിന്നു അതു എപ്പോഴും അവന്റെ നെറ്റിയില്‍ ഇരിക്കേണം.

39 പഞ്ഞിനൂല്‍കൊണ്ടു ഉള്ളങ്കിയും വിചിത്രപ്പണിയായി നെയ്യേണം; പഞ്ഞിനൂല്‍കൊണ്ടു മുടിയും ഉണ്ടാക്കേണം; നടുക്കെട്ടും ചിത്രത്തയ്യല്‍പണിയായിട്ടു ഉണ്ടാക്കേണം.

40 അഹരോന്റെ പുത്രന്മാര്‍ക്കും മഹത്വത്തിന്നും അലങ്കാരത്തിന്നുമായിട്ടു അങ്കി, നടുക്കെട്ടു, തലപ്പാവു എന്നിവ ഉണ്ടാക്കേണം.

41 അവ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിക്കേണം; അവര്‍ എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരെ അഭിഷേകവും കരപൂരണവും ചെയ്തു ശുദ്ധീകരിക്കേണം.

42 അവരുടെ നഗ്നത മറെപ്പാന്‍ അവര്‍ക്കും ചണനൂല്‍കൊണ്ടു കാല്‍ചട്ടയും ഉണ്ടാക്കേണം; അതു അര തുടങ്ങി തുടവരെ എത്തേണം.

43 അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തില്‍ ശുശ്രൂഷ ചെയ്‍വാന്‍ സമാഗമന കൂടാരത്തില്‍ കടക്കുമ്പോഴോ യാഗപീഠത്തിന്റെ അടുക്കല്‍ ചെല്ലുമ്പോഴോ കുറ്റം ചുമന്നു മരിക്കാതിരിക്കേണ്ടതിന്നു അവര്‍ അതു ധരിക്കേണം. അവന്നും അവന്റെ സന്തതിക്കും അതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

   

Bible

 

Revelation 21:19

Studie

       

19 And the foundations of the wall of the city were garnished with all manner of precious stones. The first foundation was jasper; the second, sapphire; the third, a chalcedony; the fourth, an emerald;