Bible

 

പുറപ്പാടു് 15

Studie

   

1 മോശെയും യിസ്രായേല്‍മക്കളും അന്നു യഹോവേക്കു സങ്കീര്‍ത്തനം പാടി ചൊല്ലിയതു എന്തെന്നാല്‍ഞാന്‍ യഹോവേക്കു പാട്ടുപാടും, അവന്‍ മഹോന്നതന്‍ കുതിരയെയും അതിന്മേല്‍ ഇരുന്നവനെയും അവന്‍ കടലില്‍ തള്ളിയിട്ടിരിക്കുന്നു.

2 എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവന്‍ എനിക്കു രക്ഷയായ്തീര്‍ന്നു. അവന്‍ എന്റെ ദൈവം; ഞാന്‍ അവനെ സ്തുതിക്കും; അവന്‍ എന്റെ പിതാവിന്‍ ദൈവം; ഞാന്‍ അവനെ പുകഴ്ത്തും.

3 യഹോവ യുദ്ധവീരന്‍ ; യഹോവ എന്നു അവന്റെ നാമം.

4 ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവന്‍ കടലില്‍ തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാര്‍ ചെങ്കടലില്‍ മുങ്ങിപ്പോയി.

5 ആഴി അവരെ മൂടി; അവര്‍ കല്ലുപോലെ ആഴത്തില്‍ താണു.

6 യഹോവേ, നിന്റെ വലങ്കൈ ബലത്തില്‍ മഹത്വപ്പെട്ടു; യഹോവേ, നിന്റെ വലങ്കൈ ശത്രുവിനെ തകര്‍ത്തുകളഞ്ഞു.

7 നീ എതിരാളികളെ മഹാപ്രഭാവത്താല്‍ സംഹരിക്കുന്നു; നീ നിന്റെ ക്രോധം അയക്കുന്നു; അതു അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു.

8 നിന്റെ മൂക്കിലെ ശ്വാസത്താല്‍ വെള്ളം കുന്നിച്ചുകൂടി; പ്രവാഹങ്ങള്‍ ചിറപോലെ നിന്നു; ആഴങ്ങള്‍ കടലിന്റെ ഉള്ളില്‍ ഉറെച്ചുപോയി.

9 ഞാന്‍ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആശ അവരാല്‍ പൂര്‍ത്തിയാകും; ഞാന്‍ എന്റെ വാള്‍ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും എന്നു ശത്രു പറഞ്ഞു.

10 നിന്റെ കാറ്റിനെ നീ ഊതിച്ചു, കടല്‍ അവരെ മൂടി; അവര്‍ ഈയംപോലെ പെരുവെള്ളത്തില്‍ താണു.

11 യഹോവേ, ദേവന്മാരില്‍ നിനക്കു തുല്യന്‍ ആര്‍? വിശുദ്ധിയില്‍ മഹിമയുള്ളവനേ, സ്തുതികളില്‍ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനേ, നിനക്കു തുല്യന്‍ ആര്‍?

12 നീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി.

13 നീ വീണ്ടെടുത്ത ജനത്തെ ദയയാല്‍ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താല്‍ അവരെ കൊണ്ടുവന്നു.

14 ജാതികള്‍ കേട്ടു നടങ്ങുന്നു. ഫെലിസ്ത്യനിവാസികള്‍ക്കു ഭീതിപിടിച്ചിരിക്കുന്നു.

15 എദോമ്യപ്രഭുക്കന്മാര്‍ ഭ്രമിച്ചു; മോവാബ്യമുമ്പന്മാര്‍ക്കും കമ്പം പിടിച്ചു; കനാന്യ നിവാസികളെല്ലാം ഉരുകിപ്പോകുന്നു.

16 ഭയവും ഭീതിയും അവരുടെമേല്‍ വീണു, നിന്‍ ഭുജമാഹാത്മ്യത്താല്‍ അവര്‍ കല്ലുപോലെ ആയി; അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നു പോയി.

17 നീ അവരെ കൊണ്ടുചെന്നു തിരുനിവാസത്തിന്നൊരുക്കിയ സ്ഥാനത്തു, യഹോവേ, നിന്നവകാശപര്‍വ്വതത്തില്‍ നീ അവരെ നട്ടു, കര്‍ത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കല്‍ തന്നേ.

18 യഹോവ എന്നും എന്നേക്കും രാജാവായി വാഴും.

19 എന്നാല്‍ ഫറവോന്റെ കുതിര അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവില്‍ ഇറങ്ങിച്ചെന്നപ്പോള്‍ യഹോവ കടലിലെ വെള്ളം അവരുടെ മേല്‍ മടക്കി വരുത്തി; യിസ്രായേല്‍മക്കളോ കടലിന്റെ നടുവില്‍ ഉണങ്ങിയ നിലത്തുകൂടി കടന്നു പോന്നു.

20 അഹരോന്റെ സഹോദരി മിര്‍യ്യാം എന്ന പ്രവാചകി കയ്യില്‍ തപ്പു എടുത്തു, സ്ത്രീകള്‍ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.

21 മിര്‍യ്യാം അവരോടും പ്രതിഗാനമായി ചൊല്ലിയതുയഹോവേക്കു പാട്ടുപാടുവിന്‍ , അവന്‍ മഹോന്നതന്‍ കുതിരയെയും അതിന്മേല്‍ ഇരുന്നവനെയും അവന്‍ കടലില്‍ തള്ളിയിട്ടിരിക്കുന്നു.

22 അനന്തരം മോശെ യിസ്രായേലിനെ ചെങ്കടലില്‍നിന്നു പ്രയാണം ചെയ്യിച്ചു; അവര്‍ ശൂര്‍മരുഭൂമിയില്‍ ചെന്നു, മൂന്നു ദിവസം മരുഭൂമിയില്‍ വെള്ളം കിട്ടാതെ സഞ്ചരിച്ചു.

23 മാറയില്‍ എത്തിയാറെ, മാറയിലെ വെള്ളം കുടിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല; അതു കൈപ്പുള്ളതായിരുന്നു. അതുകൊണ്ടു അതിന്നു മാറാ എന്നു പേരിട്ടു.

24 അപ്പോള്‍ ജനംഞങ്ങള്‍ എന്തു കുടിക്കും എന്നു പറഞ്ഞു മോശെയുടെ നേരെ പിറുപിറുത്തു.

25 അവന്‍ യഹോവയോടു അപേക്ഷിച്ചു; യഹോവ അവന്നു ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവന്‍ അതു വെള്ളത്തില്‍ ഇട്ടപ്പോള്‍ വെള്ളം മധുരമായി തീര്‍ന്നു. അവിടെവെച്ചു അവന്‍ അവര്‍ക്കും ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവെച്ചു അവന്‍ അവരെ പരീക്ഷിച്ചു

26 നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു അവന്നു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ചു അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താല്‍ ഞാന്‍ മിസ്രയീമ്യര്‍ക്കും വരുത്തിയ വ്യാധികളില്‍ ഒന്നും നിനക്കു വരുത്തുകയില്ല; ഞാന്‍ നിന്നെ സൌഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളിച്ചെയ്തു.

27 പിന്നെ അവര്‍ ഏലീമില്‍ എത്തി; അവിടെ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നു; അവര്‍ അവിടെ വെള്ളത്തിന്നരികെ പാളയമിറങ്ങി.

   

Bible

 

Revelation 15:3

Studie

       

3 And they sing the song of Moses the servant of God, and the song of the Lamb, saying, Great and marvellous are thy works, Lord God Almighty; just and true are thy ways, thou King of saints.