Bible

 

ആവർത്തനം 24

Studie

   

1 ഒരു പുരുഷന്‍ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളില്‍ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാല്‍ ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കേണം.

2 അവന്റെ വീട്ടില്‍നിന്നു പുറപ്പെട്ടശേഷം അവള്‍ പോയി മറ്റൊരു പുരുഷന്നു ഭാര്യയായി ഇരിക്കാം.

3 എന്നാല്‍ രണ്ടാമത്തെ ഭര്‍ത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭര്‍ത്താവു മരിച്ചുപോകയോ ചെയ്താല്‍

4 അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭര്‍ത്താവിന്നു അവള്‍ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു.

5 ഒരു പുരുഷന്‍ പുതുതായി ഒരു സ്ത്രീയെ പരിഗ്രഹിച്ചിരിക്കുമ്പോള്‍ അവന്‍ യുദ്ധത്തിന്നു പോകരുതു; അവന്റെമേല്‍ യാതൊരു ഭാരവും വെക്കരുതു; അവന്‍ ഒരു സംവത്സരത്തേക്കു വീട്ടില്‍ സ്വതന്ത്രനായിരുന്നു താന്‍ പരിഗ്രഹിച്ച ഭാര്യയെ സന്തോഷിപ്പിക്കേണം.

6 തിരികല്ലാകട്ടെ അതിന്റെ മേല്‍ക്കല്ലാകട്ടെ ആരും പണയം വാങ്ങരുതു; അതു ജീവനെ പണയം വാങ്ങുകയല്ലോ.

7 ആരെങ്കിലും തന്റെ സഹോദരന്മാരായ യിസ്രായേല്‍മക്കളില്‍ ഒരുത്തനെ മോഷ്ടിച്ചു അവനോടു കാഠിന്യം പ്രവര്‍ത്തിക്കയോ അവനെ വിലെക്കു വില്‍ക്കയോ ചെയ്യുന്നതു കണ്ടാല്‍ മോഷ്ടാവു മരണശിക്ഷ അനുഭവിക്കേണം. ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം.

8 കുഷ്ഠരോഗത്തിന്റെ ബാധാകാര്യത്തില്‍ ഏറ്റവും സൂക്ഷിച്ചിരിപ്പാനും ലേവ്യരായ പുരോഹിതന്മാര്‍ നിങ്ങള്‍ക്കു ഉപദേശിച്ചു തരുന്നതുപോലെ ഒക്കെയും ചെയ്‍വാനും ജാഗ്രതയായിരിക്കേണം; ഞാന്‍ അവരോടു കല്പിച്ചതുപോലെ തന്നേ നിങ്ങള്‍ ചെയ്യേണം.

9 നിങ്ങള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടശേഷം നിന്റെ ദൈവമായ യഹോവ വഴിയില്‍ വെച്ചു മിര്‍യ്യാമിനോടു ചെയ്തതു ഔര്‍ത്തുകൊള്‍ക.

10 കൂട്ടുകാരന്നു എന്തെങ്കിലും വായിപ്പകൊടുക്കുമ്പോള്‍ അവന്റെ പണയം വാങ്ങുവാന്‍ വീട്ടിന്നകത്തു കടക്കരുതു.

11 നീ പുറത്തു നില്‍ക്കേണം; വായിപ്പവാങ്ങിയവന്‍ പണയം നിന്റെ അടുക്കല്‍ പുറത്തു കൊണ്ടുവരേണം.

12 അവന്‍ ദരിദ്രനാകുന്നുവെങ്കില്‍ നീ അവന്റെ പണയം കൈവശം വെച്ചുകൊണ്ടു ഉറങ്ങരുതു.

13 അവന്‍ തന്റെ വസ്ത്രം പുതെച്ചു ഉറങ്ങി നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സൂര്യന്‍ അസ്തമിക്കുമ്പോള്‍ പണയം നീ അവന്നു മടക്കിക്കൊടുക്കേണം; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായിരിക്കും.

14 നിന്റെ സഹോദരന്മാരിലോ നിന്റെ ദേശത്തു നിന്റെ പട്ടണങ്ങളിലുള്ള പരദേശികളിലോ ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുതു.

15 അവന്റെ കൂലി അന്നേക്കന്നു കൊടുക്കേണം; സൂര്യന്‍ അതിന്മേല്‍ അസ്തമിക്കരുതു; അവന്‍ ദരിദ്രനും അതിന്നായി ആശിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ. അവന്‍ നിനക്കു വിരോധമായി യഹോവയോടു നിലവിളിപ്പാനും അതു നിനക്കു പാപമായിത്തീരുവാനും ഇടവരുത്തരുതു.

16 മക്കള്‍ക്കു പകരം അപ്പന്മാരും അപ്പന്മാര്‍ക്കും പകരം മക്കളും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താന്‍ മരണശിക്ഷ അനുഭവിക്കേണം.

17 പരദേശിയുടെയും അനാഥന്റെയും ന്യായം മറിച്ചുകളയരുതു; വിധവയുടെ വസ്ഡത്രം പണയം വാങ്ങുകയുമരുതു.

18 നീ മിസ്രയീമില്‍ അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഔര്‍ക്കേണം; അതുകൊണ്ടാകുന്നു ഇക്കാര്യം ഞാന്‍ നിന്നോടു കല്പിക്കുന്നതു.

19 നിന്റെ വയലില്‍ വിളവു കൊയ്തിട്ടു ഒരു കറ്റ വയലില്‍ മറന്നുപോന്നാല്‍ അതിനെ എടുപ്പാന്‍ മടങ്ങിപ്പോകരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന്നു അതു പരദേശിക്കും അനാഥന്നും വിധവേക്കും ഇരിക്കട്ടെ.

20 ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോള്‍ കൊമ്പു തപ്പിപ്പറിക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവേക്കും ഇരിക്കട്ടെ.

21 മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോള്‍ കാലാ പെറുക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവേക്കും ഇരിക്കട്ടെ; നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നു ഔര്‍ക്കേണം; അതുകൊണ്ടാകുന്നു ഞാന്‍ ഇക്കാര്യം നിന്നോടു കല്പിക്കുന്നതു.

   

Bible

 

ആവർത്തനം 15:9

Studie

       

9 വിമോചനസംവത്സരമായ ഏഴാം ആണ്ടു അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്റെ ഹൃദയത്തില്‍ ഒരു ദുര്‍വ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോടു നിന്റെ കണ്ണു നിര്‍ദ്ദയമായിരുന്നു അവന്നു ഒന്നും കൊടുക്കാതിരിക്കയും അവന്‍ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ടു അതു നിനക്കു പാപമായി തീരുകയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.