Bible

 

ആവർത്തനം 10

Studie

   

1 അക്കാലത്തു യഹോവ എന്നോടുനീ മുമ്പിലത്തെപോലെ രണ്ടു കല്പലക വെട്ടിയെടുത്തു എന്റെ അടുക്കല്‍ പര്‍വ്വതത്തില്‍ കയറിവരിക; മരംകൊണ്ടു ഒരു പെട്ടകവും ഉണ്ടാക്കുക.

2 നീ ഉടെച്ചുകളഞ്ഞ മുമ്പിലത്തെ പലകകളില്‍ ഉണ്ടായിരുന്ന വചനങ്ങള്‍ ഞാന്‍ ആ പലകകളില്‍ എഴുതും; നീ അവയെ ആ പെട്ടകത്തില്‍ വെക്കേണം എന്നു കല്പിച്ചു.

3 അങ്ങനെ ഞാന്‍ ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കി മുമ്പിലത്തേവ പോലെ രണ്ടു കല്പലക വെട്ടിയെടുത്തു കയ്യില്‍ ആ പലകയുമായി പര്‍വ്വതത്തില്‍ കയറി.

4 മഹായോഗം ഉണ്ടായിരുന്ന നാളില്‍ യഹോവ പര്‍വ്വതത്തില്‍ തീയുടെ നടുവില്‍നിന്നു നിങ്ങളോടു അരുളിച്ചെയ്ത പത്തു കല്പനയും യഹോവ മുമ്പിലത്തെ എഴുത്തുപോലെ പലകകളില്‍ എഴുതി, അവയെ എന്റെ പക്കല്‍ തന്നു.

5 അനന്തരം ഞാന്‍ തിരിഞ്ഞു പര്‍വ്വതത്തില്‍ നിന്നു ഇറങ്ങി ഞാന്‍ ഉണ്ടാക്കിയിരുന്ന പെട്ടകത്തില്‍ പലക വെച്ചു; യഹോവ എന്നോടു കല്പിച്ചതുപോലെ അവ അവിടെത്തന്നേ ഉണ്ടു. -

6 യിസ്രായേല്‍മക്കള്‍ ബെനേ-ആക്കാന്‍ എന്ന ബേരോത്തില്‍നിന്നു മോസരയിലേക്കു യാത്രചെയ്തു. അവിടെവെച്ചു അഹരോന്‍ മരിച്ചു; അവിടെ അവനെ അടക്കംചെയ്തു; അവന്റെ മകന്‍ എലെയാസാര്‍ അവന്നു പകരം പുരോഹിതനായി.

7 അവിടെനിന്നു അവര്‍ ഗുദ്ഗോദെക്കും ഗുദ്ഗോദയില്‍ നിന്നു നീരൊഴുകൂള്ള ദേശമായ യൊത്-ബത്തെക്കും യാത്രചെയ്തു.

8 അക്കാലത്തു യഹോവ ലേവിഗോത്രത്തെ യഹോവയുടെ നിയമ പെട്ടകം ചുമപ്പാനും ഇന്നുവരെ നടന്നുവരുന്നതുപോലെ യഹോവയുടെ സന്നിധിയില്‍ നിന്നു ശുശ്രൂഷചെയ്‍വാനും അവന്റെ നാമത്തില്‍ അനുഗ്രഹിപ്പാനും വേറുതിരിച്ചു.

9 അതുകൊണ്ടു ലേവിക്കു അവന്റെ സഹോദരന്മാരോടുകൂടെ ഔഹരിയും അവകാശവും ഇല്ല; നിന്റെ ദൈവമായ യഹോവ അവന്നു വാഗ്ദത്തം ചെയ്തതുപോലെ യഹോവ തന്നേ അവന്റെ അവകാശം. -

10 ഞാന്‍ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും പര്‍വ്വതത്തില്‍ താമസിച്ചു; ആ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു; നിന്നെ നശിപ്പിക്കാതിരിപ്പാന്‍ യഹോവേക്കു സമ്മതമായി.

11 പിന്നെ യഹോവ എന്നോടുനീ എഴുന്നേറ്റു യാത്രപുറപ്പെട്ടു ജനത്തിന്നു മുന്നടക്ക; അവര്‍ക്കും കൊടുക്കുമെന്നു ഞാന്‍ അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശം അവര്‍ ചെന്നു കൈവശമാക്കട്ടെ എന്നു കല്പിച്ചു.

12 ആകയാല്‍ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ സേവിക്കയും

13 ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മെക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നതു എന്തു?

14 ഇതാ, സ്വര്‍ഗ്ഗവും സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവേക്കുള്ളവ ആകുന്നു.

15 നിന്റെ പിതാക്കന്മാരോടു മാത്രം യഹോവേക്കു പ്രീതിതോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവന്‍ സകലജാതികളിലും വെച്ചു തിരഞ്ഞെടുത്തു.

16 ആകയാല്‍ നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്‍വിന്‍ ; ഇനിമേല്‍ ദുശ്ശാഠ്യമുള്ളവരാകരുതു.

17 നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കര്‍ത്താധികര്‍ത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവന്‍ മുഖം നോക്കുന്നില്ല പ്രതിഫലം വാങ്ങുന്നതുമില്ല.

18 അവന്‍ അനാഥര്‍ക്കും വിധവമാര്‍ക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നലകുന്നു.

19 ആകയാല്‍ നിങ്ങള്‍ പരദേശിയെ സ്നേഹിപ്പിന്‍ ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.

20 നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേര്‍ന്നിരിക്കേണം; അവന്റെ നാമത്തില്‍ സത്യം ചെയ്യേണം.

21 അവന്‍ ആകുന്നു നിന്റെ പുകഴ്ച; അവന്‍ ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തതു അവന്‍ തന്നേ.

22 നിന്റെ പിതാക്കന്മാര്‍ എഴുപതു ദേഹികളായി മിസ്രയീമിലേക്കു ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ പെരുക്കി ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.

   

Bible

 

Romans 9:5

Studie

       

5 Whose are the fathers, and of whom as concerning the flesh Christ came, who is over all, God blessed for ever. Amen.