സംഖ്യാപുസ്തകം 3

Malayalam Bible

Studovat vnitřní smysl

← സംഖ്യാപുസ്തകം 2   സംഖ്യാപുസ്തകം 4 →

1 യഹോവ സീനായി പര്‍വ്വതത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്ത കാലത്തു അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യമാവിതു

2 അഹരോന്റെ പുത്രന്മാരുടെ പേരുകള്‍ ഇവആദ്യജാതന്‍ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.

3 പുരോഹിതശുശ്രൂഷചെയ്‍വാന്‍ പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകള്‍ ഇവ തന്നേ.

4 എന്നാല്‍ നാദാബും അബീഹൂവും സീനായിമരുഭൂമിയില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ അന്യാഗ്നി കത്തിച്ചപ്പോള്‍ യഹോവയുടെ സന്നിധിയില്‍വെച്ചു മരിച്ചുപോയി; അവര്‍ക്കും മക്കള്‍ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിത ശുശ്രൂഷ ചെയ്തുപോന്നു.

5 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

6 നീ ലേവിഗോത്രത്തെ അടുക്കല്‍ വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്റെ മുമ്പാകെ നിര്‍ത്തുക.

7 അവര്‍ സമാഗമനക്കുടാരത്തിന്റെ മുമ്പില്‍ അവന്റെ കാര്യവും സര്‍വ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.

8 അവര്‍ സമാഗമനക്കുടാരത്തിന്നുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേല്‍മക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം.

9 നീ ലേവ്യരെ അഹരോന്നും അവന്റെ പുത്രന്മാര്‍ക്കും കൊടുക്കേണം; യിസ്രായേല്‍മക്കളില്‍നിന്നു അവര്‍ അവന്നു സാക്ഷാല്‍ ദാനമായുള്ളവര്‍ ആകുന്നു.

10 അഹരോനെയും പുത്രന്മാരെയും പൌരോഹിത്യം നടത്തുവാന്‍ നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യന്‍ മരണശിക്ഷ അനുഭവിക്കേണം.

11 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

12 യിസ്രായേല്‍മക്കളുടെ ഇടയില്‍ പിറക്കുന്ന എല്ലാ കടിഞ്ഞൂലിന്നും പകരം ഞാന്‍ ലേവ്യരെ യിസ്രായേല്‍മക്കളില്‍നിന്നു എടുത്തിരിക്കുന്നു; ലേവ്യര്‍ എനിക്കുള്ളവരായിരിക്കേണം.

13 കടിഞ്ഞൂലെല്ലാം എനിക്കുള്ളതു; ഞാന്‍ മിസ്രയീംദേശത്തു കടിഞ്ഞൂലിനെ ഒക്കെയും കൊന്നനാളില്‍ യിസ്രായേലില്‍ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ടു ശുദ്ധീകരിച്ചു; അതു എനിക്കുള്ളതായിരിക്കേണം; ഞാന്‍ യഹോവ ആകുന്നു.

14 യഹോവ പിന്നെയും സീനായിമരുഭൂമിയില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു

15 ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരില്‍ ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആണിനെ ഒക്കെയും നീ എണ്ണേണം.

16 തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി.

17 ലേവിയുടെ പുത്രന്മാരുടെ പേരുകള്‍ഗേര്‍ശോന്‍ , കെഹാത്ത്, മെരാരി.

18 കുടുംബംകുടുംബമായി ഗേര്‍ശോന്റെ പുത്രന്മാരുടെ പേരുകള്‍

19 ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍ , ഉസ്സീയേല്‍.

20 കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാര്‍മഹ്ളി, മൂശി. ഇവര്‍ തന്നേ കുലംകുലമായി ലേവിയുടെ കുടുംബങ്ങള്‍.

21 ഗേര്‍ശോനില്‍നിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേര്‍ശോന്യ കുടുംബങ്ങള്‍.

22 അവരില്‍ ഒരു മാസം മുതല്‍ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയില്‍ എണ്ണപ്പെട്ടവരുടെ ആകത്തുക ഏഴായിരത്തഞ്ഞൂറു.

23 ഗേര്‍ശോന്യകുടുംബങ്ങള്‍ തിരുനിവാസത്തിന്റെ പുറകില്‍ പടിഞ്ഞാറെ ഭാഗത്തു പാളയമിറങ്ങേണം.

24 ഗേര്‍ശോന്യരുടെ പിതൃഭവനത്തിന്നു ലായേലിന്റെ മകന്‍ എലീയാസാഫ് പ്രഭു ആയിരിക്കേണം.

25 സമാഗമനക്കുടാരത്തില്‍ ഗേര്‍ശോന്യര്‍ നോക്കേണ്ടതു തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനക്കുടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീലയും

26 തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാവേലെക്കും ഉള്ള കയറുകളും ആകുന്നു.

27 കെഹാത്തില്‍നിന്നു അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്‍യ്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു.

28 ഇവ കെഹാത്യരുടെ കുടുംബങ്ങള്‍. ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയില്‍ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവര്‍ എണ്ണായിരത്തറുനൂറു പേര്‍.

29 കെഹാത്യകുടുംബങ്ങള്‍ തിരുനിവാസത്തിന്റെ തെക്കെ ഭാഗത്തു പാളയമിറങ്ങേണം.

30 കെഹാത്യ കുടുംബങ്ങളുടെ പിതൃഭവനത്തിന്നു ഉസ്സീയേലിന്റെ മകന്‍ എലീസാഫാന്‍ പ്രഭു ആയിരിക്കേണം.

31 അവര്‍ നോക്കേണ്ടതു പെട്ടകം, മേശ, നിലവിളകൂ, പീഠങ്ങള്‍, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍, തിരശ്ശീല എന്നിവയും അവേക്കുള്ള വേല ഒക്കെയും ആകുന്നു.

32 പുരോഹിതനായ അഹരോന്റെ മകന്‍ എലെയാസാര്‍ ലേവ്യര്‍ക്കും പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേല്‍വിചാരകനും ആയിരിക്കേണം.

33 മെരാരിയില്‍നിന്നു മഹ്ളിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്‍യ്യകുടുംബങ്ങള്‍ ഇവ തന്നേ.

34 അവരില്‍ ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയില്‍ എണ്ണപ്പെട്ടവര്‍ ആറായിരത്തിരുനൂറു പേര്‍.

35 മെരാര്‍യ്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു അബീഹയിലിന്റെ മകന്‍ സൂരിയേല്‍ പ്രഭു ആയിരിക്കേണം; ഇവര്‍ തിരുനിവാസത്തിന്റെ വടക്കെ ഭാഗത്തു പാളയമിറങ്ങേണം.

36 മെരാര്‍യ്യര്‍ നോക്കുവാന്‍ നിയമിച്ചിട്ടുള്ളതു തിരുനിവാസത്തിന്റെ പലക, അന്താഴം, തൂണ്‍, ചുവട്, അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും, അതു സംബന്ധിച്ചുള്ള എല്ലാവേലയും,

37 പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂണ്‍, അവയുടെ ചുവടു, കുറ്റി, കയറു എന്നിവ.

38 എന്നാല്‍ തിരുനിവാസത്തിന്റെ മുന്‍ വശത്തു കിഴക്കു, സമാഗമനക്കുടാരത്തിന്റെ മുന്‍ വശത്തു തന്നേ, സൂര്യോദയത്തിന്നു നേരെ മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേല്‍മക്കളുടെ കാര്യമായ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുകയും വേണം; അന്യന്‍ അടുത്തുവന്നാല്‍ മരണ ശിക്ഷ അനുഭവിക്കേണം.

39 മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരില്‍ ഒരു മാസംമുതല്‍ മോലോട്ടു പ്രായമുള്ള ആണുങ്ങള്‍ ആകെ ഇരുപത്തീരായിരം പേര്‍.

40 യഹോവ പിന്നെയും മോശെയോടു കല്പിച്ചതുയിസ്രായേല്‍മക്കളില്‍ ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളെ ഒക്കെയും എണ്ണി പേരുപേരായി അവരുടെ സംഖ്യ എടുക്കുക.

41 യിസ്രായേല്‍മക്കളിലെ എല്ലാകടിഞ്ഞൂലുകള്‍ക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായിട്ടു എടുക്കേണം; ഞാന്‍ യഹോവ ആകുന്നു.

42 യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ യിസ്രായേല്‍മക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി.

43 ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുപേരായി എണ്ണിയ ആകത്തുക ഇരുപത്തീരായിരത്തിരുനൂറ്റെഴുപത്തുമൂന്നു ആയിരുന്നു.

44 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

45 യിസ്രായേല്‍മക്കളില്‍ എല്ലാ കടിഞ്ഞൂലുകള്‍ക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങള്‍ക്കു പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്ക; ലേവ്യര്‍ എനിക്കുള്ളവരായിരിക്കേണം; ഞാന്‍ യഹോവ ആകുന്നു.

46 യിസ്രായേല്‍മക്കളുടെ കടിഞ്ഞൂലുകളില്‍ ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള ഇരുനൂറ്റെഴുപത്തുമൂന്നു പേരുടെ വീണ്ടെടുപ്പിന്നായി തലകൂ അഞ്ചു ശേക്കെല്‍ വീതം വാങ്ങേണം;

47 വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെല്‍ ഒന്നിന്നു ഇരുപതു ഗേരാവെച്ചു വാങ്ങേണം.

48 അവരുടെ എണ്ണത്തെ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോന്നും അവന്റെ മക്കള്‍ക്കും കൊടുക്കേണം.

49 ലേവ്യരെക്കൊണ്ടു വീണ്ടെടുത്തവരുടെ എണ്ണത്തെ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി.

50 യിസ്രായേല്‍മക്കളുടെ ആദ്യജാതന്മാരോടു അവന്‍ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ഒരായിരത്തി മൂന്നൂറ്ററുപത്തഞ്ചു ശേക്കെല്‍ പണം വാങ്ങി.

51 യഹോവ മോശെയോടു കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോന്നും അവന്റെ മക്കള്‍ക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.

← സംഖ്യാപുസ്തകം 2   സംഖ്യാപുസ്തകം 4 →
Studovat vnitřní smysl

Komentář k této kapitole:

Příběhy:

Vysvětlení nebo odkazy ze Swedenborgových prací:

Arcana Coelestia 352, 2959, 3325, 3708, 3814, 4925, 5291 ...

Apocalypse Revealed 17, 357, 862

Ukázat odkazy z nepublikovaných děl Swedenborga


Komentář (pdf)

Bible Study Notes Volume 2


Přeložit:
Sdílet: