സംഖ്യാപുസ്തകം 2

Studie

          |

1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു

2 യിസ്രായേല്‍ മക്കളില്‍ ഔരോരുത്തന്‍ താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനക്കുടാരത്തിന്നെതിരായി ചുറ്റും അവര്‍ പാളയമിറങ്ങേണം.

3 യെഹൂദാപാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി കിഴക്കു സൂര്യോദയത്തിന്നു നേരെ പാളയമിറങ്ങേണം; യെഹൂദയുടെ മക്കള്‍ക്കു അമ്മീനാദാബിന്റെ മകന്‍ നഹശോന്‍ പ്രഭു ആയിരിക്കേണം.

4 അവന്റെ ഗണം ആകെ എഴുപത്തുനാലായിരത്തറുനൂറു പേര്‍.

5 അവന്റെ അരികെ യിസ്സാഖാര്‍ഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്റെ മക്കള്‍ക്കു സൂവാരിന്റെ മകന്‍ നെഥനയേല്‍ പ്രഭു ആയിരിക്കേണം.

6 അവന്റെ ഗണം ആകെ അമ്പത്തുനാലായിരത്തി നാനൂറു പേര്‍.

7 പിന്നെ സെബൂലൂന്‍ ഗോത്രം; സെബൂലൂന്റെ മക്കള്‍ക്കു ഹേലോന്റെ മകന്‍ എലീയാബ് പ്രഭു ആയിരിക്കേണം.

8 അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറു പേര്‍.

9 യെഹൂദാപാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ലക്ഷത്തെണ്‍പത്താറായിരത്തി നാനൂറു പേര്‍. ഇവര്‍ ആദ്യം പുറപ്പെടേണം.

10 രൂബേന്‍ പാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി തെക്കുഭാഗത്തു പാളയമിറങ്ങേണം; രൂബേന്റെ മക്കള്‍ക്കു ശെദേയൂരിന്റെ മകന്‍ എലീസൂര്‍ പ്രഭു ആയിരിക്കേണം.

11 അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേര്‍.

12 അവന്റെ അരികെ ശിമെയോന്‍ ഗോത്രം പാളയമിറങ്ങേണം; ശിമെയോന്റെ മക്കള്‍ക്കു സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേല്‍ പ്രഭു ആയിരിക്കേണം.

13 അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേര്‍.

14 പിന്നെ ഗാദ് ഗോത്രം; ഗാദിന്റെ മക്കള്‍ക്കു രെയൂവേലിന്റെ മകന്‍ എലീയാസാഫ് പ്രഭു ആയിരിക്കേണം.

15 അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേര്‍.

16 രൂബേന്‍ പാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തമ്പത്തോരായിരത്തി നാനൂറ്റമ്പതു പേര്‍. അവര്‍ രണ്ടാമതായി പുറപ്പെടേണം.

17 പിന്നെ സമാഗമനക്കുടാരം പാളയത്തിന്റെ നടുവില്‍ ലേവ്യരുടെ പാളയവുമായി യാത്രചെയ്യേണം; അവര്‍ പാളയമിറങ്ങുന്നതു പോലെ തന്നേ താന്താങ്ങളുടെ കൊടിക്കരികെ യഥാക്രമം പുറപ്പെടേണം.

18 എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി പടിഞ്ഞാറെഭാഗത്തു പാളയമിറങ്ങേണം; എഫ്രയീമിന്റെ മക്കള്‍ക്കു അമ്മീഹൂദിന്റെ മകന്‍ എലീശാമാ പ്രഭു ആയിരിക്കേണം.

19 അവന്റെ ഗണം ആകെ നാല്പതിനായിരത്തഞ്ഞൂറു പേര്‍.

20 അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കള്‍ക്കു പെദാസൂരിന്റെ മകന്‍ ഗമലീയേല്‍ പ്രഭു ആയിരിക്കേണം.

21 അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തിരുനൂറു പേര്‍.

22 പിന്നെ ബെന്യാമീന്‍ ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കള്‍ക്കു ഗിദെയോനിയുടെ മകന്‍ അബീദാന്‍ പ്രഭു ആയിരിക്കേണം.

23 അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറു പേര്‍.

24 എഫ്രയീംപാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേര്‍. അവര്‍ മൂന്നാമതായി പുറപ്പെടേണം.

25 ദാന്‍ പാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കള്‍ക്കു അമ്മീശദ്ദായിയുടെ മകന്‍ അഹീയേസര്‍ പ്രഭു ആയിരിക്കേണം.

26 അവന്റെ ഗണം ആകെ അറുപത്തീരായിരത്തെഴുനൂറു പേര്‍.

27 അവന്റെ അരികെ ആശേര്‍ഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കള്‍ക്കു ഒക്രാന്റെ മകന്‍ പഗീയേല്‍ പ്രഭു ആയിരിക്കേണം.

28 അവന്റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേര്‍.

29 പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കള്‍ക്കു ഏനാന്റെ മകന്‍ അഹീര പ്രഭു ആയിരിക്കേണം.

30 അവന്റെ ഗണം ആകെ അമ്പത്തുമൂവായിരത്തി നാനൂറു പേര്‍.

31 ദാന്‍ പാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തറുനൂറു പേര്‍. അവര്‍ തങ്ങളുടെ കൊടികളോടുകൂടെ ഒടുവില്‍ പുറപ്പെടേണം.

32 യിസ്രായേല്‍മക്കളില്‍ ഗോത്രം ഗോത്രമായി എണ്ണപ്പെട്ടവര്‍ ഇവര്‍ തന്നേ. പാളയങ്ങളില്‍ ഗണംഗണമായി എണ്ണപ്പെട്ടവര്‍ ആകെ ആറുലക്ഷത്തി മൂവായിരത്തഞ്ഞുറ്റമ്പതു പേര്‍ ആയിരുന്നു.

33 എന്നാല്‍ യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കളുടെ കൂട്ടത്തില്‍ ലേവ്യരെ എണ്ണിയില്ല.

34 യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേല്‍മക്കള്‍ ചെയ്തു; അങ്ങനെ തന്നേ അവര്‍ താന്താങ്ങളുടെ കൊടിക്കരികെ പാളയമിറങ്ങി; അങ്ങനെ തന്നേ അവര്‍ കുടുംബംകുടുംബമായും കുലം കുലമായും പുറപ്പെട്ടു.