ലേവ്യപുസ്തകം 14

Malayalam Bible

Studovat vnitřní smysl

← ലേവ്യപുസ്തകം 13   ലേവ്യപുസ്തകം 15 →

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

2 കുഷ്ഠരോഗിയുടെ ശുദ്ധീകരണദിവസത്തില്‍ അവനെ സംബന്ധിച്ചുള്ള പ്രമാണമാവിതുഅവനെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണം.

3 പുരോഹിതന്‍ പാളയത്തിന്നു പുറത്തുചെല്ലേണം; കുഷ്ഠരോഗിയുടെ കുഷ്ഠം സുഖമായി എന്നു പുരോഹിതന്‍ കണ്ടാല്‍ ശുദ്ധീകരണം കഴിവാനുള്ളവന്നുവേണ്ടി ജീവനും ശുദ്ധിയുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂല്‍, ഈ സോപ്പു എന്നിവയെ കൊണ്ടുവരുവാന്‍ കല്പിക്കേണം.

4 പുരോഹിതന്‍ ഒരു പക്ഷിയെ ഒരു മണ്‍പാത്രത്തിലെ ഉറവുവെള്ളത്തിന്മീതെ അറുപ്പാന്‍ കല്പിക്കേണം.

5 ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂല്‍, ഈസോപ്പു എന്നിവയെ അവന്‍ എടുത്തു ഇവയെയും ജീവനുള്ള പക്ഷിയെയും ഉറവുവെള്ളത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തില്‍ മുക്കി

6 കുഷ്ഠശുദ്ധീകരണം കഴിവാനുള്ളവന്റെ മേല്‍ ഏഴു പ്രാവശ്യം തളിച്ചു അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കയും ജീവനുള്ള പക്ഷിയെ വെളിയില്‍ വിടുകയും വേണം.

7 ശുദ്ധീകരണം കഴിയുന്നവന്‍ വസ്ത്രം അലക്കി രോമം ഒക്കെയും ക്ഷൌരം ചെയ്യിച്ചു വെള്ളത്തില്‍ കുളിക്കേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവനാകും; അതിന്റെ ശേഷം അവന്‍ പാളയത്തില്‍ ചെന്നു തന്റെ കൂടാരത്തിന്നു പുറമേ ഏഴു ദിവസം പാര്‍ക്കേണം.

8 ഏഴാം ദിവസം അവന്‍ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കേണം; ഇങ്ങനെ അവന്‍ സകല രോമവും ക്ഷൌരം ചെയ്യിച്ചു വസ്ത്രം അലക്കുകയും ദേഹം വെള്ളത്തില്‍ കഴുകുകയും വേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവനാകും.

9 എട്ടാം ദിവസം അവന്‍ ഊനമില്ലാത്ത രണ്ടു ആണ്‍കുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെണ്‍കുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേര്‍ത്ത മൂന്നിടങ്ങഴി നേരിയ മാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരേണം.

10 ശുദ്ധീകരണം കഴിക്കുന്ന പുരോഹിതന്‍ ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയില്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ നിര്‍ത്തേണം.

11 പുരോഹിതന്‍ ആണ്‍കുഞ്ഞാടുകളില്‍ ഒന്നിനെയും എണ്ണയും എടുത്തു അകൃത്യയാഗമായി അര്‍പ്പിച്ചു യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണം.

12 അവന്‍ വിശുദ്ധമന്ദിരത്തില്‍ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന ഇടത്തുവെച്ചു കുഞ്ഞാടിനെ അറുക്കേണം; അകൃത്യയാഗം പാപയാഗം പോലെ പുരോഹിതന്നുള്ളതു ആകുന്നു; അതു അതിവിശുദ്ധം.

13 പുരോഹിതന്‍ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തു കയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും പുരട്ടേണം.

14 പിന്നെ പുരോഹിതന്‍ ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യില്‍ ഒഴിക്കേണം.

15 പുരോഹിതന്‍ ഇടങ്കയ്യില്‍ ഉള്ള എണ്ണയില്‍ വലങ്കയ്യുടെ വിരല്‍ മുക്കി വിരല്‍കൊണ്ടു ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയില്‍ എണ്ണ തളിക്കേണം.

16 ഉള്ളങ്കയ്യില്‍ ശേഷിച്ച എണ്ണ കുറെ പുരോഹിതന്‍ ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തത്തിന്മീതെ പുരട്ടേണം.

17 പുരോഹിതന്റെ ഉള്ളങ്കയ്യില്‍ ശേഷിപ്പുള്ള എണ്ണ അവന്‍ ശുദ്ധീകരണം കഴിയുന്നവന്റെ തലയില്‍ ഒഴിച്ചു യഹോവയുടെ സന്നിധിയില്‍ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

18 പുരോഹിതന്‍ പാപയാഗം അര്‍പ്പിച്ചു അശുദ്ധിപോക്കി ശുദ്ധീകരിക്കപ്പെടുന്നവന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കേണം.

19 പുരോഹിതന്‍ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേണം; അങ്ങനെ പുരോഹിതന്‍ അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവന്‍ ആകും.

20 അവന്‍ ദരിദ്രനും അത്രെക്കു വകയില്ലാത്തവനും ആകുന്നു എങ്കില്‍ തനിക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീരാജനത്തിന്നായി അകൃത്യയാഗമായിട്ടു ഒരു കുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേര്‍ത്ത ഒരിടങ്ങഴി നേരിയ മാവും

21 ഒരു കുറ്റി എണ്ണയും പ്രാപ്തിപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും എടുത്തു തന്റെ ശുദ്ധീകരണത്തിന്നായി

22 എട്ടാം ദിവസം സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണം.

23 പുരോഹിതന്‍ അകൃത്യയാഗത്തിന്നുള്ള ആട്ടിന്‍ കുട്ടിയെയും എണ്ണയും എടുത്തു യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണം;

24 അവന്‍ അകൃത്യയാഗത്തിന്നുള്ള ആട്ടിന്‍ കുട്ടിയെ അറുക്കേണം; പുരോഹിതന്‍ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തു കാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും പുരട്ടേണം.

25 പുരോഹിതന്‍ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യില്‍ ഒഴിക്കേണം.

26 പുരോഹിതന്‍ ഇടത്തുകയ്യില്‍ ഉള്ള എണ്ണ കുറെ വലത്തുകയ്യുടെ വിരല്‍കൊണ്ടു യഹോവയുടെ സന്നിധിയില്‍ ഏഴു പ്രാവശ്യം തളിക്കേണം.

27 പുരോഹിതന്‍ ഉള്ളങ്കയ്യിലുള്ള എണ്ണ കുറെശുദ്ധികരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തം ഉള്ളേടത്തു പുരട്ടേണം.

28 പുരോഹിതന്‍ ഉള്ളങ്കയ്യില്‍ ശേഷിപ്പുള്ള എണ്ണ അവന്‍ ശുദ്ധീകരണം കഴിയുന്നവന്റെ തലയില്‍ ഒഴിച്ചു അവന്നു വേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തം കഴിക്കേണം.

29 അവന്‍ പ്രാപ്തിപോലെ കുറുപ്രാവുകളിലോ

30 പ്രാവിന്‍ കുഞ്ഞുങ്ങളിലോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും ഭോജനയാഗത്തോടുകൂടെ അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ ശുദ്ധീകരണം കഴിയുന്നവന്നുവേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തം കഴിക്കേണം.

31 ഇതു ശുദ്ധീകരണത്തിന്നുവേണ്ടി വകയില്ലാത്ത കുഷ്ഠരോഗിക്കുള്ള പ്രമാണം.

32 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാല്‍

33 ഞാന്‍ നിങ്ങള്‍ക്കു അവകാശമായി തരുന്ന കനാന്‍ ദേശത്തു നിങ്ങള്‍ എത്തിയശേഷം ഞാന്‍ നിങ്ങളുടെ അവകാശദേശത്തു ഒരു വീട്ടില്‍ കുഷ്ഠബാധ വരുത്തുമ്പോള്‍

34 വീട്ടുടമസ്ഥന്‍ വന്നു വീട്ടില്‍ കുഷ്ഠലക്ഷണമുള്ള പ്രകാരം എനിക്കു തോന്നു എന്നു പുരോഹിതനെ അറിയിക്കേണം.

35 അപ്പോള്‍ വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിപ്പാന്‍ പുരോഹിതന്‍ വടു നോക്കേണ്ടതിന്നു ചെല്ലുംമുമ്പെ വീടു ഒഴിച്ചിടുവാന്‍ കല്പിക്കേണം; പിന്നെ പുരോഹിതന്‍ വീടു നോക്കുവാന്‍ അകത്തു ചെല്ലേണം.

36 അവന്‍ വടു നോക്കേണം; വീട്ടിന്റെ ചുവരില്‍ ഇളമ്പച്ചയും ഇളഞ്ചുവപ്പുമായ കുത്തുകള്‍ ഉണ്ടായിട്ടു അവ കാഴ്ചെക്കു ചുവരിനെക്കാള്‍ കുഴിഞ്ഞതായി കണ്ടാല്‍ പുരോഹിതന്‍ വീടു വിട്ടു

37 വാതില്‍ക്കല്‍ വന്നു വീടു ഏഴു ദിവസത്തേക്കു അടെച്ചിടേണം.

38 ഏഴാം ദിവസം പുരോഹിതന്‍ വീണ്ടും ചെന്നു നോക്കേണം; വടു വീട്ടിന്റെ ചുവരില്‍ പരന്നിട്ടുണ്ടെങ്കില്‍

39 വടുവുള്ള കല്ലു നീക്കി പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു ഇടുവാന്‍ പുരോഹിതന്‍ കല്പിക്കേണം.

40 പിന്നെ വീട്ടിന്റെ അകം ഒക്കെയും ചുരണ്ടിക്കേണം; ചുരണ്ടിയ മണ്ണു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കളയേണം.

41 പിന്നെ വേറെ കല്ലു എടുത്തു ആ കല്ലിന്നു പകരം വെക്കേണം; വേറെ കുമ്മായം വീട്ടിന്നു തേക്കയും വേണം.

42 അങ്ങനെ കല്ലു നീക്കുകയും വീടു ചുരണ്ടുകയും കുമ്മായം തേക്കയും ചെയ്തശേഷം വടു പിന്നെയും വീട്ടില്‍ ഉണ്ടായി വന്നാല്‍ പുരോഹിതന്‍ ചെന്നു നോക്കേണം;

43 വടു വീട്ടില്‍ പരന്നിരുന്നാല്‍ അതു വീട്ടില്‍ തിന്നെടുക്കുന്ന കുഷ്ഠം തന്നേ; അതു അശുദ്ധം ആകുന്നു.

44 വീട്ടിന്റെ കല്ലും മരവും കുമ്മായവും ഇടിച്ചു പൊളിച്ചു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയേണം.

45 വീടു അടെച്ചിരുന്ന കാലത്തു എപ്പോഴെങ്കിലും അതിന്നകത്തു കടക്കുന്നവന്‍ സന്ധ്യവരെ അശുദ്ധിയുള്ളവനായിരിക്കേണം.

46 വീട്ടില്‍ കിടക്കുന്നവന്‍ വസ്ത്രം അലക്കേണം ആ വീട്ടില്‍ വെച്ചു ഭക്ഷണം കഴിക്കുന്നവനും വസ്ത്രം അലക്കേണം.

47 വീട്ടിന്നു കുമ്മായം തേച്ചശേഷം പുരോഹിതന്‍ അകത്തു ചെന്നു നോക്കി വീട്ടില്‍ വടു പരന്നിട്ടില്ല എന്നു കണ്ടാല്‍ വടു മാറിപ്പോയതുകൊണ്ടു പുരോഹിതന്‍ ആ വീടു ശുദ്ധിയുള്ളതു എന്നു വിധിക്കേണം.

48 അപ്പോള്‍ അവന്‍ വീടു ശുദ്ധീകരിക്കേണ്ടതിന്നു രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂല്‍, ഈസോപ്പു എന്നിവയെ എടുത്തു

49 ഒരു പക്ഷിയെ മണ്‍പാത്രത്തിലുള്ള ഉറവുവെള്ളത്തിന്മീതെ അറുക്കേണം.

50 പിന്നെ ദേവദാരു, ഈസോപ്പു, ചുവപ്പു നൂല്‍, ജീവനുള്ള പക്ഷി എന്നിവയെ എടുത്തു അറുത്ത പക്ഷിയുടെ രക്തത്തിലും ഉറവുവെള്ളത്തിലും മുക്കി വീട്ടിന്മേല്‍ ഏഴു പ്രാവശ്യം തളിക്കേണം.

51 പക്ഷിയുടെ രക്തം, ഉറവു വെള്ളം, ജിവനുള്ള പക്ഷി, ദേവദാരു, ഈസോപ്പു, ചുവപ്പുനൂല്‍ എന്നിവയെക്കൊണ്ടു വീടു ശുദ്ധീകരിക്കേണം.

52 ജീവനുള്ള പക്ഷിയെ പട്ടണത്തിന്നു പുറത്തു വെളിയില്‍ വിടേണം; അങ്ങനെ വീട്ടിന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു ശുദ്ധമാകും.

53 ഇതു സകലകുഷ്ഠത്തിന്നും വടുവിന്നും

54 പുറ്റിന്നും വസ്ത്രത്തിന്റെയും വീട്ടിന്റെയും

55 കുഷ്ഠത്തിന്നും തിണര്‍പ്പിന്നും ചുണങ്ങിന്നും ചിരങ്ങിന്നും വെളുത്തപുള്ളിക്കും ഉള്ള പ്രമാണം.

56 എപ്പോള്‍ അശുദ്ധമെന്നും എപ്പോള്‍ ശുദ്ധമെന്നും അറിയേണ്ടതിന്നു ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം.

← ലേവ്യപുസ്തകം 13   ലേവ്യപുസ്തകം 15 →
Studovat vnitřní smysl

Komentář k této kapitole:

Příběhy:

Vysvětlení nebo odkazy ze Swedenborgových prací:

Arcana Coelestia 643, 716, 870, 2906, 3147, 3301, 4236 ...

Apocalypse Revealed 166, 378, 417, 862

The Lord 9

Ukázat odkazy z nepublikovaných děl Swedenborga


Komentář (pdf)

Bible Study Notes Volume 2


Přeložit:
Sdílet: