ആവർത്തനം 22

Malayalam Bible

Studovat vnitřní smysl

← ആവർത്തനം 21   ആവർത്തനം 23 →

1 സഹോദരന്റെ കാളയോ ആടോ തെറ്റി ഉഴലുന്നതു നീ കണ്ടാല്‍ അതിനെ വിട്ടു ഒഴിഞ്ഞുകളയാതെ സഹോദരന്റെ അടുക്കല്‍ എത്തിച്ചുകൊടുക്കേണം.

2 സഹോദരന്‍ നിനക്കു സമീപസ്ഥനല്ല, നീ അവനെ അറികയുമില്ല എന്നുവരികില്‍ അതിനെ നിന്റെ വീട്ടില്‍ കൊണ്ടുപോകേണം; സഹോദരന്‍ അതിനെ അന്വേഷിച്ചു വരുംവരെ അതു നിന്റെ അടുക്കല്‍ ഇരിക്കേണം; പിന്നെ അവന്നു മടക്കിക്കൊടുക്കേണം.

3 അങ്ങനെ തന്നേ അവന്റെ കഴുതയുടെയും വസ്ത്രത്തിന്റെയും സഹോദരന്റെ പക്കല്‍നിന്നു കാണാതെ പോയിട്ടു നീ കണ്ടെത്തിയ ഏതൊരു വസ്തുവിന്റെയും കാര്യത്തില്‍ ചെയ്യേണം; നീ ഒഴിഞ്ഞുകളയേണ്ടതല്ല.

4 സഹോദരന്റെ കഴുതയോ കാളയോ വഴിയില്‍ വീണുകിടക്കുന്നതു നീ കണ്ടാല്‍ വിട്ടു ഒഴിഞ്ഞുകളയാതെ അതിനെ എഴുന്നേല്പിപ്പാന്‍ അവനെ സഹായിക്കേണം.

5 പുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടൈ വസ്ത്രം പുരുഷനും ധരിക്കരുതു; അങ്ങനെ ചെയ്യുന്നവരൊക്കെയും നിന്റെ ദൈവമായ യഹോവേക്കു വെറുപ്പു ആകുന്നു.

6 മരത്തിന്മേലെങ്കിലും നിലത്തെങ്കിലും കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള ഒരു പക്ഷിക്കൂടു നീ വഴിയില്‍വെച്ചു കണ്ടാല്‍ തള്ള കുഞ്ഞുങ്ങളിന്മേലോ മുട്ടകളിന്മേലോ ഇരിക്കുന്നു എങ്കില്‍ നീ കുഞ്ഞുങ്ങളോടുകൂടെ തള്ളയെ പിടിക്കരുതു.

7 നിനക്കു നന്നായിരിപ്പാനും ദീര്‍ഘായുസ്സുണ്ടാകുവാനും തള്ളയെ വിട്ടുകളയേണം; കുഞ്ഞുങ്ങളെ എടുത്തുകൊള്ളാം.

8 ഒരു പുതിയ വീടു പണിതാല്‍ നിന്റെ വീട്ടിന്മുകളില്‍നിന്നു വല്ലവനും വീണിട്ടു വീട്ടിന്മേല്‍ രക്തപാതകം വരാതിരിക്കേണ്ടതിന്നു നീ അതിന്നു കൈമതില്‍ ഉണ്ടാക്കേണം.

9 നിന്റെ മുന്തിരിത്തോട്ടത്തില്‍ വേറൊരു വക വിത്തും ഇടരുതു; അങ്ങനെ ചെയ്താല്‍ നീ ഇട്ട വിത്തിന്റെ വിളവും മുന്തിരിത്തോട്ടത്തിന്റെ അനുഭവവും വിശുദ്ധമന്ദിരംവകെക്കു ചേര്‍ന്നുപോകും.

10 കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുതു.

11 ആട്ടുരോമവും ചണയും കൂടിക്കലര്‍ന്ന വസ്ത്രം ധരിക്കരുതു.

12 നീ പുതെക്കുന്ന മേലാടയുടെ നാലു കോണിലും പൊടിപ്പുണ്ടാക്കേണം.

13 ഒരു പുരുഷന്‍ ഒരു സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കല്‍ ചെന്നശേഷം അവളെ വെറുത്തു

14 ഞാന്‍ ഈ സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കല്‍ ചെന്നാറെ അവളില്‍ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെ മേല്‍ നാണക്കേടു ചുമത്തി അപവാദം പറഞ്ഞുണ്ടാക്കിയാല്‍

15 യുവതിയുടെ അമ്മയപ്പന്മാര്‍ അവളുടെ കന്യകാലക്ഷണങ്ങളെടുത്തു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കല്‍ പട്ടണവാതില്‍ക്കല്‍ കൊണ്ടുവരേണം.

16 യുവതിയുടെ അപ്പന്‍ മൂപ്പന്മാരോടുഞാന്‍ എന്റെ മകളെ ഈ പുരുഷന്നു ഭാര്യയായി കൊടുത്തു; എന്നാല്‍ അവന്നു അവളോടു അനിഷ്ടമായിരിക്കുന്നു.

17 ഞാന്‍ നിന്റെ മകളില്‍ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെമേല്‍ നാണക്കേടു ചുമത്തുന്നു; എന്നാല്‍ എന്റെ മകളുടെ കന്യകാലക്ഷണങ്ങള്‍ ഇതാ എന്നു പറഞ്ഞു പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പില്‍ ആ വസ്ത്രം വിടര്‍ക്കേണം.

18 അപ്പോള്‍ പട്ടണത്തിലെ മൂപ്പന്മാര്‍ ആ പുരുഷനെ പിടിച്ചു ശിക്ഷിക്കേണം.

19 അവന്‍ യിസ്രായേലില്‍ ഒരു കന്യകയുടെമേല്‍ അപവാദം പറഞ്ഞുണ്ടാക്കിയതിനാല്‍ അവര്‍ അവനെക്കൊണ്ടു നൂറു വെള്ളിക്കാശു പിഴ ചെയ്യിച്ചു യുവതിയുടെ അപ്പന്നു കൊടുക്കേണം; അവള്‍ അവന്നു തന്നേ ഭാര്യയായിരിക്കേണം; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.

20 എന്നാല്‍ യുവതിയില്‍ കന്യകാലക്ഷണം കണ്ടില്ല എന്നുള്ള വാക്കു സത്യം ആയിരുന്നാല്‍

21 അവര്‍ യുവതിയെ അവളുടെ അപ്പന്റെ വീട്ടുവാതില്‍ക്കല്‍ കൊണ്ടുപോയി അവള്‍ യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചു അപ്പന്റെ വീട്ടില്‍വെച്ചു വേശ്യാദോഷം ചെയ്കകൊണ്ടു അവളുടെ പട്ടണക്കാര്‍ അവളെ കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം.

22 ഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തന്‍ ശയിക്കുന്നതു കണ്ടാല്‍ സ്ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷ അനുഭവിക്കേണം; ഇങ്ങനെ യിസ്രായേലില്‍നിന്നു ദോഷം നീക്കിക്കളയേണം.

23 വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന കന്യകയായ ഒരു യുവതിയെ ഒരുത്തന്‍ പട്ടണത്തില്‍വെച്ചു കണ്ടു അവളോടുകൂടെ ശയിച്ചാല്‍

24 യുവതി പട്ടണത്തില്‍ ആയിരുന്നിട്ടും നിലവിളിക്കായ്കകൊണ്ടും പുരുഷന്‍ കൂട്ടുകാരന്റെ ഭാര്യെക്കു പോരായ്ക വരുത്തിയതുകൊണ്ടും നിങ്ങള്‍ അവരെ ഇരുവരെയും പട്ടണവാതില്‍ക്കല്‍ കൊണ്ടുവന്നു കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം.

25 എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു യുവതിയെ ഒരുത്തന്‍ വയലില്‍ വെച്ചു കണ്ടു ബലാല്‍ക്കാരംചെയ്തു അവളോടു കൂടെ ശയിച്ചാല്‍ പുരുഷന്‍ മാത്രം മരണശിക്ഷ അനുഭവിക്കേണം.

26 യുവതിയോടോ ഒന്നും ചെയ്യരുതു; അവള്‍ക്കു മരണയോഗ്യമായ പാപമില്ല. ഒരുത്തന്‍ കൂട്ടുകാരന്റെ നേരെ കയര്‍ത്തു അവനെ കൊല്ലുന്നതുപോലെയത്രേ ഈ കാര്യം.

27 വയലില്‍വെച്ചല്ലോ അവന്‍ അവളെ കണ്ടെത്തിയതു; യുവതി നിലവിളിച്ചാലും അവളെ രക്ഷിപ്പാന്‍ ആള്‍ ഇല്ലായിരുന്നു.

28 വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തന്‍ കണ്ടു അവളെ പിടിച്ചു അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താല്‍

29 അവളോടുകൂടെ ശയിച്ച പുരുഷന്‍ യുവതിയുടെ അപ്പന്നു അമ്പതു വെള്ളിക്കാശു കൊടുക്കേണം; അവള്‍ അവന്റെ ഭാര്യയാകയും വേണം. അവന്‍ അവള്‍ക്കു പോരായ്കവരുത്തിയല്ലോ; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.

30 അപ്പന്റെ ഭാര്യയെ ആരും പരിഗ്രഹിക്കരുതു; അപ്പന്റെ വസ്ത്രം നീക്കുകയും അരുതു.

← ആവർത്തനം 21   ആവർത്തനം 23 →
Studovat vnitřní smysl

Komentář k této kapitole:

Příběhy:

Vysvětlení nebo odkazy ze Swedenborgových prací:

Arcana Coelestia 2252, 2468, 2576, 2781, 4433, 4434, 4444 ...

Apocalypse Revealed 899

Conjugial Love 175

Ukázat odkazy z nepublikovaných děl Swedenborga

Bible Studies:

To Find the LostPřeložit:
Sdílet: