ദാനീയേൽ 10

Studie

   

1 പാര്‍സിരാജാവായ കോരെശിന്റെ മൂന്നാം ആണ്ടില്‍ ബേല്‍ത്ത് ശസ്സര്‍ എന്നു പേരുള്ള ദാനീയേലിന്നു ഒരു കാര്യം വെളിപ്പെട്ടു; ആ കാര്യം സത്യവും മഹാകഷ്ടമുള്ളതും ആയിരുന്നു; അവന്‍ ആ കാര്യം ചിന്തിച്ചു ദര്‍ശനത്തിന്നു ശ്രദ്ധവെച്ചു.

2 ആ കാലത്തു ദാനീയേല്‍ എന്ന ഞാന്‍ മൂന്നു ആഴ്ചവട്ടം മുഴുവനും ദുഃഖിച്ചുകൊണ്ടിരുന്നു.

3 മൂന്നു ആഴ്ചവട്ടം മുഴവനും കഴിയുവോളം ഞാന്‍ സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല.

4 എന്നാല്‍ ഒന്നാം മാസം ഇരുപത്തുനാലാം തിയ്യതി ഞാന്‍ ഹിദ്ദേക്കല്‍ എന്ന മഹാ നദീതീരത്തു ഇരിക്കയില്‍ തലപൊക്കി നോക്കിപ്പോള്‍,

5 ശണവസ്ത്രം ധരിച്ചും അരെക്കു ഊഫാസ് തങ്കംകൊണ്ടുള്ള കച്ച കെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ കണ്ടു.

6 അവന്റെ ദേഹം ഗോമേദകംപോലെയും മുഖം മിന്നല്‍ പ്രകാശംപോലെയും കണ്ണു തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്റെ വര്‍ണ്ണംപോലെയും അവന്റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്റെ ആരവംപോലെയും ആയിരുന്നു.

7 ദാനീയേല്‍ എന്ന ഞാന്‍ മാത്രം ഈ ദര്‍ശനം കണ്ടു; എന്നോടുകൂടെ ഉണ്ടായിരുന്ന ആളുകള്‍ ദര്‍ശനം കണ്ടില്ല; എങ്കിലും ഒരു മഹാഭ്രമം അവര്‍ക്കും പിടിച്ചിട്ടു അവര്‍ ഔടിയൊളിച്ചു.

8 അങ്ങനെ ഞാന്‍ തനിച്ചു ശേഷിച്ചിരുന്നു ഈ മഹാദര്‍ശനം കണ്ടു; എന്നില്‍ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്കു ഒട്ടും ബലം ഇല്ലാതെയും ആയി.

9 എന്നാല്‍ ഞാന്‍ അവന്റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ ബോധംകെട്ടു നിലത്തു കവിണ്ണുവീണു.

10 എന്നാറെ ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളങ്കയ്യും ഊന്നി വിറയലോടെ നിലക്കുമാറാക്കി.

11 അവന്‍ എന്നോടുഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാന്‍ നിന്നോടു പറയുന്ന വചനങ്ങളെ ശ്രദ്ധിച്ചു നിവിര്‍ന്നുനില്‍ക്ക; ഞാന്‍ ഇപ്പോള്‍ നിന്റെ അടുക്കല്‍ അയക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു; അവന്‍ ഈ വാക്കു എന്നോടു സംസാരിച്ചപ്പോള്‍ ഞാന്‍ വിറെച്ചുകൊണ്ടു നിവിര്‍ന്നുനിന്നു.

12 അവന്‍ എന്നോടു പറഞ്ഞതുദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിന്നും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തേണ്ടതിന്നും മനസ്സുവെച്ച ആദ്യദിവസംമുതല്‍ നിന്റെ വാക്കു കേട്ടിരിക്കുന്നു; നിന്റെ വാക്കു ഹേതുവായി തന്നേ ഞാന്‍ വന്നിരിക്കുന്നു.

13 പാര്‍സിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോടു എതിര്‍ത്തുനിന്നു; എങ്കിലും പ്രധാന പ്രഭുക്കന്മാരില്‍ ഒരുത്തനായ മീഖായേല്‍ എന്നെ സഹായിപ്പാന്‍ വന്നുഅവനെ ഞാന്‍ പാര്‍സിരാജാക്കന്മാരോടുകൂടെ അവിടെ വിട്ടേച്ചു,

14 നിന്റെ ജനത്തിന്നു ഭാവികാലത്തു സംഭവിപ്പാനുള്ളതു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു ഇപ്പോള്‍ വന്നിരിക്കുന്നു; ദര്‍ശനം ഇനിയും ബഹുകാലത്തേക്കുള്ളതാകുന്നു.

15 അവന്‍ ഈ വാക്കുകളെ എന്നോടു സംസാരിക്കുമ്പോള്‍ ഞാന്‍ മുഖം കുനിച്ചു ഊമനായ്തീര്‍ന്നു.

16 അപ്പോള്‍ മനുഷ്യരോടു സദൃശനായ ഒരുത്തന്‍ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാന്‍ വായ്തുറന്നു സംസാരിച്ചു; എന്റെ മുമ്പില്‍ നിന്നവനോടുയജമാനനേ, ഈ ദര്‍ശനംനിമിത്തം എനിക്കു അതി വേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു.

17 അടിയന്നു യജമാനനോടു സംസാരിപ്പാന്‍ എങ്ങനെ കഴിയും? എനിക്കു പെട്ടെന്നു ശക്തിയില്ലാതായി ശ്വാസം ശേഷിച്ചിരിപ്പില്ല എന്നു പറഞ്ഞു.

18 അപ്പോള്‍ മനുഷ്യസാദൃശ്യത്തിലുള്ളവന്‍ പിന്നെയും വന്നു എന്നെ തൊട്ടു ബലപ്പെടുത്തി

19 ഏറ്റവും പ്രിയപുരുഷാ, ഭിയപ്പെടേണ്ടാ; നിനക്കു സമാധാനം! ബലപ്പെട്ടിരിക്ക, ബലപ്പെട്ടിരിക്ക എന്നു പറഞ്ഞു; അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ഞാന്‍ ബലപ്പെട്ടുയജമാനനേ, സംസാരിക്കേണമേ; നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

20 അതിന്നു അവന്‍ എന്നോടു പറഞ്ഞതുഞാന്‍ നിന്റെ അടുക്കല്‍ വന്നിരിക്കുന്നതു എന്തിനെന്നു നീ അറിയുന്നുവോ? ഞാന്‍ ഇപ്പോള്‍ പാര്‍സിപ്രഭുവിനോടു യുദ്ധംചെയ്‍വാന്‍ മടങ്ങിപ്പോകും; ഞാന്‍ പുറപ്പെട്ട ശേഷമോ, യവന പ്രഭു വരും.

21 എന്നാല്‍ സത്യഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതു ഞാന്‍ നിന്നെ അറിയിക്കാംനിങ്ങളുടെ പ്രഭുവായ മീഖായേല്‍ അല്ലാതെ ഈ കാര്യങ്ങളില്‍ എന്നോടുകൂടെ ഉറെച്ചുനിലക്കുന്നവന്‍ ആരും ഇല്ല.