ശമൂവേൽ 2 8

Studie

          |

1 അനന്തരം ദാവീദ് ഫെലിസ്ത്യരെ ജയിച്ചടക്കി, മൂലസ്ഥാനത്തിന്റെ ഭരണം ഫെലിസ്ത്യരുടെ കയ്യില്‍നിന്നു കരസ്ഥമാക്കി.

2 അവന്‍ മോവാബ്യരെയും തോല്പിച്ചു അവരെ നിലത്തു കിടത്തി ചരടുകൊണ്ടു അളന്നു; കൊല്ലുവാന്‍ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാന്‍ ഒരു ചരടുമായി അവന്‍ അളന്നു. അങ്ങനെ മോവാബ്യര്‍ ദാവീദിന്നു ദാസന്മാരായി കപ്പം കൊടുത്തുവന്നു.

3 രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെര്‍ നദീതീരത്തുള്ള തന്റെ ആധിപത്യം യഥാസ്ഥാനപ്പെടുത്തുവാന്‍ പോയപ്പോള്‍ ദാവീദ് അവനെ തോല്പിച്ചു.

4 അവന്റെ വക ആയിരത്തെഴുനൂറു കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; രഥകൂതിരകളില്‍ നൂറു മാത്രംവെച്ചുംകൊണ്ടു ശേഷം കുതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.

5 സോബരാജാവായ ഹദദേസെരിനെ സഹായിപ്പാന്‍ ദമ്മേശെക്കിനോടു ചേര്‍ന്ന അരാമ്യര്‍ വന്നപ്പോള്‍ ദാവീദ് അരാമ്യരില്‍ ഇരുപത്തീരായിരംപേരെ സംഹരിച്ചു.

6 പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേര്‍ന്ന അരാമില്‍ കാവല്പട്ടാളങ്ങളെ പാര്‍പ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായിത്തീര്‍ന്നു കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.

7 ഹദദേസെരിന്റെ ഭൃധത്യന്മാര്‍ക്കും ഉണ്ടായിരുന്ന പൊന്‍ പരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.

8 ഹദദേസെരിന്റെ പട്ടണങ്ങളായ ബേതഹില്‍നിന്നും ബെരോതായില്‍നിന്നും ദാവീദ്‍രാജാവു അനവധി താമ്രവും കൊണ്ടുവന്നു.

9 ദാവീദ് ഹദദേസെരിന്റെ സര്‍വ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്രാജാവായ തോയി കേട്ടപ്പോള്‍

10 ദാവീദ്‍രാജാവിനോടു കുശലം ചോദിപ്പാനും അവന്‍ ഹദദേസെരിനോടു യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകന്‍ യോരാമിനെ രാജാവിന്റെ അടുക്കല്‍ അയച്ചു; ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.

11 ദാവീദ്‍രാജാവു ഇവയെ അരാമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍, അമാലേക്യര്‍ എന്നിങ്ങനെ താന്‍ കീഴടക്കിയ സകല ജാതികളുടെയും പക്കല്‍നിന്നും

12 രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെരിന്റെ കൊള്ളയില്‍നിന്നും എടുത്തു വിശുദ്ധീകരിച്ച വെള്ളിയോടും പൊന്നിനോടും കൂടെ യഹോവേക്കു വിശുദ്ധീകരിച്ചു.

13 പിന്നെ ദാവീദ് ഉപ്പുതാഴ്വരയില്‍വെച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോള്‍ തനിക്കു കീര്‍ത്തി സമ്പാദിച്ചു.

14 അവന്‍ എദോമില്‍ കാവല്പട്ടാളങ്ങളെ ആക്കി; എദോമില്‍ എല്ലാടത്തും അവന്‍ കാവല്പട്ടാളങ്ങളെ പാര്‍പ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീര്‍ന്നു; ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.

15 ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിനെയും വാണു; ദാവീദ് തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിക്കൊടുത്തു.

16 സെരൂയയുടെ മകന്‍ യോവാബ് സേനാധിപതിയും അഹീലൂദിന്റെ മകന്‍ യെഹോശാഫാത് മന്ത്രിയും ആയിരുന്നു.

17 അഹീതൂബിന്റെ മകന്‍ സാദോക്കും അബ്യാഥാരിന്റെ മകന്‍ അഹീമേലെക്കും പുരോഹിതന്മാരും സെരായാ രായസക്കാരനും ആയിരുന്നു.

18 യഹോയാദയുടെ മകന്‍ ബെനായാവു ക്രേത്യര്‍ക്കും പ്ളേത്യര്‍ക്കും അധിപതി ആയിരുന്നു; ദാവീദിന്റെ പുത്രന്മാരോ പുരോഹിതന്മാരായിരുന്നു.